| Tuesday, 6th August 2019, 4:05 pm

ശ്രീറാം വെങ്കിട്ട രാമന് ജാമ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ ബഷീറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് ശ്രീറാം വെങ്കിട്ട രാമന് കോടതി ജാമ്യം അനുവദിച്ചു.

തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ശ്രീറാം വെങ്കിട്ടരാമന് ജാമ്യം അനുവദിച്ചത്.

ശ്രീറാമിന്റെ രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പ്രതിഭാഗം വാദിച്ചു. ശ്രീരാമിന് നട്ടല്ലിനും തലയ്ക്കും പരുക്കുണ്ട്. മാധ്യമ വിചാരണയാണ് നടക്കുന്നതെന്നും ശ്രീരാമിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

വെങ്കിട്ടരാമനെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി. ഇന്ന് രണ്ടര മണിയ്ക്കുള്ളില്‍ കേസ് ഡയറി ഹാജരാക്കണമെന്ന് കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു.

ശ്രീറാം വെങ്കിട്ടരാമനെ ജേക്കബ് തോമസിനെപ്പോലെയാക്കരുതെന്ന് ശ്രീറാമിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

എന്നാല്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്റെ നിയമലംഘനം ന്യായീകരിക്കാനാവില്ലെന്ന് ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ വാദിച്ചു. മാധ്യമ പ്രവര്‍ത്തകനെയല്ല ആരെ ഇടിച്ചാലും ഇതേ നിലപാടാണ് ഉള്ളതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

ശ്രീറാം വെങ്കിട്ടരാമനെ ഡോപമിന്‍ ടെസ്റ്റിന് വിധേയനാക്കണമെന്നും വാദിഭാഗം വാദിച്ചു. അപകട സമയത്ത് ലഹരി മരുന്നുകള്‍ ഉപയോഗിച്ചിട്ടുണ്ടോയെന്നറിയാന്‍ ഡോപമിന്‍ ടെസ്റ്റിന് വിധേയനാക്കണമെന്നാണ് സിറാജ് മാനേജ്മെന്റ് കോടതിയില്‍ ആവശ്യപ്പെട്ടത്. വാദിഭാഗത്തിനായി അഡ്വ. എസ് ചന്ദ്രശേഖരന്‍ നായരാണ് ഹാജരായത്.

അപകടസമയത്ത് ശ്രീറാം വെങ്കിട്ടരാമന്‍ ലഹരിമരുന്നുകള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാനാണ് ഡോപമിന്‍ പരിശോധനാ ആവശ്യം വാദിഭാഗം മുന്നോട്ട് വെച്ചിട്ടുള്ളത്.

ജാമ്യം അനുവദിച്ചാല്‍ പ്രതി സാക്ഷിമൊഴിയടക്കമുള്ള തെളിവുകള്‍ നശിപ്പിക്കാനും കേസിനെ അട്ടിമറിക്കാനും സാധ്യതയുണ്ടെന്നും അതിനാല്‍ പ്രതിക്ക് ജാമ്യം അനുവദിക്കാന്‍ പാടില്ലെന്നും വാദിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി ഇത് തള്ളുകയായിരുന്നു.

We use cookies to give you the best possible experience. Learn more