തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിക്കുന്നതിന് മിനുട്ടുകള്‍ക്ക് മുന്‍പുള്ള ശ്രീറാം വെങ്കിട്ടരാമന്റെ സി.സി ടിവി ദൃശ്യങ്ങള്‍ പുറത്ത്.
ശ്രീറാം വെങ്കിട്ടരാമന്‍ ഗോള്‍ഫ് ക്ലബ്ബിന് സമീപമുള്ള ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വിശ്രമകേന്ദ്രത്തില്‍ നിന്നും പുറത്തിറങ്ങുന്നതും ഇതേ റോഡിലൂടെ നടന്നുപോകുന്നതുമായ രണ്ട് ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് മാതൃഭൂമി ന്യൂസ് പുറത്തുവിട്ടത്. അപകടവുമായി ബന്ധപ്പെട്ട് ആദ്യമായി പുറത്തുവരുന്ന ദൃശ്യങ്ങളാണ് ഇത്.
12:49 ഓടെ ഗെയിറ്റ് തുറന്ന് ശ്രീറാം പുറത്തേക്ക് വരുന്നും നടന്നുപോകുന്നതുമായ രണ്ട് ക്യാമറകളില്‍ നിന്നുള്ള ദൃശ്യമാണ് ഉള്ളത്.
വഫയുടെ മൊഴിയനുസരിച്ച് ശ്രീറാമിനെ കാറില്‍ കയറ്റുന്നത് കവടിയാര്‍ പാര്‍ക്കില്‍ നിന്നാണ് .ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വിശ്രമകേന്ദ്രത്തില്‍ നിന്നും കവടിയാര്‍ പാര്‍ക്കിലേക്കെത്താന്‍ ഏതാണ്ട് പത്ത് മിനുട്ട് നടക്കേണ്ടിവരും. അങ്ങനെയെങ്കില്‍ 12. 59 ന് ശ്രീറാം കവടിയാര്‍ പാര്‍ക്കിലേക്ക് എത്തിയിട്ടുണ്ടാകാമെന്നാണ് മാതൃഭൂമിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
വെള്ളയമ്പലം കഴിഞ്ഞുള്ള പബ്ലിക് ഓഫീസിന് മുന്‍പില്‍ വെച്ചുണ്ടായ അപകടം നടന്നത് ഒരു മണിക്കാണെന്നാണ് അന്ന് പുറത്തുവന്ന റിപ്പോര്‍ട്ട്.
ഇത്തരത്തിലാണെങ്കില്‍ രണ്ട് കിലോമീറ്ററോളം ദൂരം ഒരു മിനുട്ടില്‍ താഴെ മാത്രം സമയമെടുത്താണ് സഞ്ചരിച്ചിരിക്കുന്നതെന്ന് അനുമാനിക്കേണ്ടി വരും.
കവടിയാറിനും പബ്ലിക് ഓഫീസിനും ഇടയിലുള്ള കഫേ കോഫി ഡേയ്ക്ക് മുന്‍പില്‍ കാര്‍ നിര്‍ത്തിയെന്നും ശ്രീറാം ഡ്രൈവിങ് സീറ്റിലേക്ക് മാറി കയറിയെന്നും വഫ മൊഴി നല്‍കികയിട്ടുണ്ട്. അത്തരത്തില്‍ പരിശോധിക്കുമ്പോള്‍ അവിടെയും സമയ നഷ്ടമുണ്ടായിട്ടുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ഒരു മിനുട്ടില്‍ താഴെയുള്ള സമയത്ത് ഇതെല്ലാം നടന്നിട്ടുണ്ടാകണം. കാര്‍ അമിത വേഗതയിലായിരുന്നു എന്നതിന്റെ തെളിവാണ് ഇതെല്ലാം സൂചിപ്പിക്കുന്നത് എന്നാണ് മാതൃഭൂമിയുടെ നിഗമനം.
അപകടം നടന്ന വഴിയിലുള്ള സിസി ടിവികള്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്നും പ്രവര്‍ത്തിച്ചെന്നുമുള്ള വാദങ്ങള്‍ നിലനില്‍ക്കേയാണ് മാതൃഭൂമി ഈ ദൃശ്യങ്ങള്‍ പുറത്തുവിടുന്നത്. എന്തുകൊണ്ട് സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചില്ലെന്നും, പരിശോധിച്ചില്ലെന്നുമുള്ള വിമര്‍ശനം വ്യാപകമായി ഉയരുന്നതിനിടെയാണ് ഇപ്പോള്‍ ഈ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്നും ഇതൊന്നും മനസിലാവാത്തത് പൊലീസിന് മാത്രമാണെന്നും സിറാജ് മാനേജര്‍ സൈഫുദ്ദീന്‍ ഹാജി പറഞ്ഞു.
ഇന്ന് ഇപ്പോള്‍ മാതൃഭൂമി പുറത്തുവിട്ട സി.സി ടിവി ദൃശ്യം പൊലീസിന് കിട്ടിയിട്ടുണ്ടെന്നാണ് അറിയുന്നത്. ശ്രീറാം ഭ്രാന്തമായ നിലയിലാണ് വാഹനം ഓടിച്ചതെന്ന് തുടക്കം മുതലേ തങ്ങള്‍ പറയുന്ന കാര്യമാണ്. അത് സാധൂകരിക്കുന്ന കൃത്യമായ തെളിവുകള്‍ തങ്ങളുടെ കൈവശമുണ്ട്.
പൊലീസിനൊപ്പം തന്നെ തങ്ങള്‍ സമാന്തരമായി തെളിവുകള്‍ ശേഖരിക്കുന്നുണ്ട്. തെളിവുകളും ദൃക്‌സാക്ഷി മൊഴികളും ഉണ്ട്. കോടതിയില്‍ നിന്നും എത്ര പഴി കേട്ടിട്ടും പൊലീസ് തിരുത്തുന്നില്ല. ദൃശ്യങ്ങള്‍ ശേഖരിക്കാനുള്ള ബാധ്യത പൊലീസിനുണ്ട്. പക്ഷേ അവര്‍ അത് ചെയ്യുന്നില്ല. അവിടെയുള്ള എല്ലാ ക്യാമറയും പ്രവര്‍ത്തന രഹിതമായി എന്ന് പറഞ്ഞാല്‍ വിശ്വസിനീയമല്ല.
ഉദ്യോഗസ്ഥരെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അത് ഒരിക്കലും വിജയിക്കില്ല. നിയമത്തിന്റെ അവസാനത്തിന്റെ പഴുതും ഉപയോഗിച്ച് ഞങ്ങള്‍ പോരാടും- അദ്ദേഹം പറഞ്ഞു.