തിരുവനന്തപുരം: വലിയ പ്രതിഷേധങ്ങള്‍ക്കും പൊതുസമൂഹത്തിന്റെ വിമര്‍ശനങ്ങള്‍ക്കും ഒടുവില്‍ ദിവസങ്ങള്‍ക്കകമാണ് ആലപ്പുഴ കളക്ടറായി നിയമിച്ച ശ്രീറാം വെങ്കിട്ടരാമനെ നീക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം പുറത്തുവന്നത്.
സപ്ലൈകോ ജനറല്‍ മാനേജരായാണ് പുതിയ നിയമനം. സപ്ലൈകോയുടെ കൊച്ചി ഓഫീസിലാണ് ശ്രീറാം ഇനി പ്രവര്‍ത്തിക്കേണ്ടത്. ജോയിന്റ് സെക്രട്ടറിക്ക് തുല്യമായ പദവിയാണിത്. 67,700 രൂപമുതല്‍ 2,08,700 വരെയാണ് ഈ പദവിയില്‍ വേതനമായി ശ്രീരാമിന് ലഭിക്കുക.
പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ വി.ആര്‍. കൃഷ്ണ തേജയാണ് ശ്രീറാമിന് പകരം ആലപ്പുഴ കളക്ടറാകുക. പ്രളയകാലത്ത് ആലപ്പുഴ സബ് കളക്ടറായി പ്രവര്‍ത്തിച്ചിരുന്നയാളാണ് കൃഷ്ണ തേജ ഐ.എ.എസ്.
മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ മദ്യലഹരിയില്‍ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ വിവിധ സംഘടനകളില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും വലിയ പ്രതിഷേധമാണ് സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും ഉണ്ടായത്.
2019 ആഗസ്റ്റ് മൂന്നിനാണ് കെ.എം ബഷീര്‍ വാഹനമിടിച്ച് കൊല്ലപ്പെട്ടത്. മദ്യപിച്ചെത്തിയ ശ്രീറാം വെങ്കിട്ടരാമന്റെ വാഹനമിടിച്ചായിരുന്നു ബഷീറിന്റെ മരണം.
റോഡില്‍ തെറിച്ചുവീണ ബഷീറിനെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് മരണം സംഭവിച്ചിരുന്നു. ഈ സംഭവം നടക്കുമ്പോള്‍ ശ്രീറാം സര്‍വേ ഡയറക്ടറായിരുന്നു. പിന്നീട് വകുപ്പില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത ഇയാളെ ആരോഗ്യവകുപ്പില്‍ തിരിച്ചെടുത്തിരുന്നു.
ഇതിന് പിന്നാലെയായിരുന്നു ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് വന്നത്. അതേസമയം, ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടര്‍ ആയി നിയമിച്ചതില്‍ പ്രതിഷേധിച്ച് സുന്നി സംഘടനകളുടെ നേതൃത്വത്തില്‍ വലിയ പ്രക്ഷോഭ പരിപാടികളാണ് സംസ്ഥാനത്ത് നടന്നത്.
ശ്രീറാമിനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ച ഉത്തരവ് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷ സഹയാത്രികരും രംഗത്തെത്തിയിരുന്നു.
വെങ്കിട്ടരാമനെ കളക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് പി.വി. അന്‍വര്‍ എം.എല്‍.എ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന് കത്തയച്ചിരുന്നു. ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തെ ചിലര്‍ രാഷ്ട്രീയമായി ഉപയോഗിക്കുന്നുണ്ട്. പ്രത്യേക രാഷ്ട്രീയ സാഹചര്യത്തെ മുന്‍ നിര്‍ത്തി ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് പി.വി. അന്‍വര്‍ കത്തില്‍ ആവശ്യപ്പെട്ടത്.
Content Highlight: Sreeram Venkitaraman newly appointed as Civil Supplies corporation general manager