| Wednesday, 30th November 2016, 12:09 pm

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ചുരിദാര്‍ വിലക്ക് തുടരുമെന്ന് ഭരണസമിതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചുരിദാര്‍ ധരിച്ചെത്തുന്ന സ്ത്രീകളെ പ്രവേശിപ്പിക്കുന്ന വിഷയത്തില്‍ തല്‍സ്ഥിതി തുടരാന്‍  ക്ഷേത്ര ഭരണസമിതി ചെയര്‍മാന്‍ കൂടിയായ തിരുവനന്തപുരം ജില്ലാ ജഡ്ജി നിര്‍ദേശിച്ചു.


തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് സ്ത്രീകള്‍ പ്രവേശിപ്പിക്കുന്നതിനുള്ള വിലക്ക് തുടരും. ചുരിദാര്‍ ധരിച്ചെത്തുന്ന സ്ത്രീകളെ പ്രവേശിപ്പിക്കുന്ന വിഷയത്തില്‍ തല്‍സ്ഥിതി തുടരാന്‍  ക്ഷേത്ര ഭരണസമിതി ചെയര്‍മാന്‍ കൂടിയായ തിരുവനന്തപുരം ജില്ലാ ജഡ്ജി നിര്‍ദേശിച്ചു.

ചുരിദാര്‍ ധരിച്ചെത്തുന്ന സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണമെന്ന് ഇന്നലെ എക്‌സിക്യൂട്ടിവ് ഓഫിസര്‍ കെ.എന്‍. സതീഷ് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇങ്ങനെ എത്തിയവരെ ഇന്ന് ക്ഷേത്രം ഭാരവാഹികള്‍ തടഞ്ഞിരുന്നു. എക്‌സിക്യൂട്ടിവ് ഓഫിസറുടെ ഉത്തരവു ലഭിച്ചില്ലെന്നാണു ഭാരവാഹികളുടെ വിശദീകരണം. ഉത്തരവു ലഭിച്ചിട്ടില്ലെന്നു സുരക്ഷാ ഉദ്യോഗസ്ഥരും അറിയിച്ചു.

പതിറ്റാണ്ടുകളായുള്ള ആചാരങ്ങള്‍ പാലിക്കണമെന്നാണു പ്രതിഷേധക്കാരുടെ ആവശ്യം. വിഷയത്തില്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയില്‍ വിശ്വാസികള്‍ റോഡ് ഉപരോധിച്ചിരുന്നു. ആചാരപരമായ കാര്യങ്ങള്‍ മാറ്റേണ്ടതില്ലെന്ന് തിരുവനന്തപുരം ജില്ലാ ജഡ്ജി അറിയിച്ചതിനെത്തുടര്‍ന്നാണു റോഡ് ഉപരോധം അവസാനിപ്പിച്ചത്.

അതേസമയം, ചുരിദാര്‍ ധരിച്ചെത്തുന്നവരുടെ പ്രവേശനത്തെച്ചൊല്ലിയുള്ള പ്രതിഷേധം അനാവശ്യമെന്ന് എക്‌സിക്യൂട്ടീവ് ഓഫിസര്‍ പറഞ്ഞു. പൊലീസിന്റെ സഹായം തേടുമെന്നും പ്രതിഷേധമുള്ളവര്‍ക്കു ഹൈക്കോടതിയെ സമീപിക്കാമെന്നും സതീഷ് അറിയിച്ചു.

തിരുവനന്തപുരംസ്വദേശിയായ അഡ്വ. റിയ രാജുവാണ് ചുരിദാറിട്ട് കയറാന്‍ അനുമതി വേണമെന്ന് ഹൈക്കോടതിയില്‍ പരാതി നല്‍കിയത്. റിയയുടെ റിട്ട് ഹര്‍ജി സെപ്തംബര്‍ 29ന് പരിഗണിച്ച കേരള ഹൈക്കോടതി, ഇക്കാര്യത്തില്‍ ഭക്തരുടെ അഭിപ്രായമാരാഞ്ഞ ശേഷം തീരുമാനമെടുക്കാന്‍ ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറെ ചുമതലപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ അനുകൂല തീരുമാനം കൈക്കൊണ്ടത്.

ചുരിദാറിന്റെ മുകളില്‍ ഒരു നാട കെട്ടണമെന്നായിരുന്നു രാജകുടുംബ പ്രതിനിധിയുടെ നിര്‍ദേശം. ഭരണ സമിതിയുടെ പൊതു അഭിപ്രായം ചുരിദാറിനു മുകളില്‍ മുണ്ട് വേണമെന്നായിരുന്നു. ഇതെല്ലാം മറികടന്നാണ് ചുരിദാറും മറ്റ് പാരമ്പര്യ വസ്ത്രങ്ങളും ധരിക്കാമെന്ന് ഉത്തരവ് പുറപ്പെടുവിച്ചത്.

ലെഗ്ഗിന്‍സും ജീന്‍സും നിരോധിച്ചിട്ടുണ്ട്. ആചാരത്തിന്റെ പേരില്‍ ചുരിദാറിനു മുകളില്‍ മുണ്ടുടുപ്പിക്കുന്നതിനെതിരെയും, അമിത തുക ഈടാക്കി ഉടുത്തതും പഴയതുമായ മുണ്ടുകള്‍ നല്‍കുന്നുവെന്നുമൊക്കെയുള്ള ധാരാളം പരാതികളും ഉയര്‍ന്നിരുന്നു.

കേരള ബ്രാഹ്മണസഭ, ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭക്തജന സേവാസമിതി, ശ്രീപത്മനാഭസ്വാമിക്ഷേത്ര ഭക്തജനസഭ എന്നീ സംഘടനകള്‍ നേരത്തെ തന്നെ ചുരിദാറിനെ എതിര്‍ത്ത് രംഗത്തുവന്നിരുന്നു. ചുരിദാര്‍ ഹൈന്ദവമായ വസ്ത്രം അല്ലാത്തതിനാല്‍ അത് അംഗീകരിക്കാനാവില്ലെന്ന നിലപാടായിരുന്നു ഇവരുടേത്. സ്ത്രീകള്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി ഇവര്‍ രംഗത്തെത്തിയത്.

We use cookies to give you the best possible experience. Learn more