'ഇദ്ദേഹത്തെ ഒന്ന് പൊക്കിക്കൊണ്ട് വരണമെന്ന ചിന്ത ഉണ്ടായിരുന്നു, കുറെ പേരോട് ഇങ്ങനെയൊരാളുണ്ട് എന്നൊക്കെ പറഞ്ഞിരുന്നു'; പഴയ ഓര്‍മ്മകള്‍ പങ്കുവെച്ച് ശ്രീനിവാസന്‍
കൊച്ചി: പ്രേക്ഷകര്‍ ഏറ്റെടുത്ത കോമ്പിനേഷനാണ് മമ്മൂട്ടി -ശ്രീനിവാസന്‍ കൂട്ടുകെട്ട് സിനിമയില്‍ സജീവമാകുന്നതിന് മുമ്പ് തന്നെ നല്ല സുഹൃത്തുക്കളായിരുന്നു തങ്ങളെന്ന് ഇരുവരും മുമ്പും പറഞ്ഞിട്ടുണ്ട്.
മമ്മൂട്ടി എന്ന നടനെ എങ്ങനെയെങ്കിലും ഉയര്‍ത്തിക്കൊണ്ടുവരണമെന്ന ആഗ്രഹം തനിക്കും ഉണ്ടായിരുന്നുവെന്ന് പറയുകയാണ് ശ്രീനിവാസന്‍. 2020 ജൂണില്‍ ഇരുവരും ചേര്‍ന്നുള്ള ഒരഭിമുഖത്തിലാണ് ശ്രീനിവാസന്‍ പഴയകാല ഓര്‍മ്മകള്‍ തുറന്നുപറഞ്ഞത്.
മേള എന്ന കെ.ജി. ജോര്‍ജ് ചിത്രത്തില്‍ തന്നെ നിര്‍ദ്ദേശിച്ചത് ശ്രീനിവാസനാണെന്ന് മമ്മൂക്കയും പറഞ്ഞു. തന്റെ മെന്ററാണ് ശ്രീനിയെന്നും അദ്ദേഹം പറഞ്ഞു.
‘അന്ന് ഇദ്ദേഹത്തെ ഒന്ന് പൊക്കിക്കൊണ്ട് വരണം എന്നൊരു ചിന്ത എന്റെ മനസ്സിലും ഉണ്ടായിരുന്നു. കുറെ ആള്‍ക്കാരോട് ഇങ്ങനെയൊരാളുണ്ട് എന്നൊക്കെ ഞാന്‍ പറഞ്ഞിരുന്നു. പിന്നെ നടന്നത് എന്താ എന്നുവെച്ചാല്‍ ഞാന്‍ ഇങ്ങനെ നില്‍ക്കുന്നു, ഇയാള്‍(മമ്മൂട്ടി) ദേ പോകുന്നു മേലേക്ക്. ഒറ്റപോക്കായിരുന്നു,’ ശ്രീനിവാസന്‍ പറഞ്ഞു.
വില്‍ക്കാനുണ്ട് സ്വപ്‌നങ്ങളില്‍ അഭിനയിക്കുമ്പോഴാണ് താന്‍ മമ്മൂട്ടിയെ പരിചയപ്പെടുന്നതെന്നും ശ്രീനിവാസന്‍ പറഞ്ഞു. വളരെ യാദൃച്ഛികമായി കണ്ടയുടനെ തന്നോട് സംസാരിച്ചയാളാണ് മമ്മൂക്കയെന്നും ശ്രീനിവാസന്‍ പറഞ്ഞു.
വില്‍ക്കാനുണ്ട് സ്വപ്‌നങ്ങളില്‍ അഭിനയിക്കുന്ന കാലം. ഒരു ദിവസം ഞാന്‍ ഇങ്ങനെ നടന്നുപോകുമ്പോള്‍ പിന്നില്‍ നിന്ന് ഒരു വിളി. ‘മിസ്റ്റര്‍ ശ്രീനിവാസന്‍ അല്ലെ. മണിമുഴക്കം സിനിമയില്‍ നിങ്ങള്‍ അഭിനയിച്ചുവല്ലേ. ഞാന്‍ അവിടെ ചാന്‍സ് ചോദിച്ച് വന്നിരുന്നു. കിട്ടിയില്ല’, വളരെ ഗൗരവത്തോടെ ആദ്യം കണ്ടപ്പോള്‍ എന്നോട് പറഞ്ഞ കാര്യങ്ങളായിരുന്നു ഇത്.
പിന്നെ എന്നെപ്പറ്റിയുള്ള കാര്യങ്ങള്‍ എന്നോട് തന്നെ പറഞ്ഞുതരികയായിരുന്നു ഇദ്ദേഹം. അച്ഛന്റെ പേര് ഉണ്ണി, അമ്മയുടെ പേര് ലക്ഷ്മി എന്നല്ലേ തുടങ്ങി എന്റെ ചരിത്രം മുഴുവന്‍ എന്നോട് പറയുകയായിരുന്നു ആദ്യ കാഴ്ചയില്‍ തന്നെ,’ ശ്രീനിവാസന്‍ പറഞ്ഞു.
1980ല്‍ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമായ മേളയിലെ മമ്മൂട്ടിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നതാണ്. കെ.ജി. ജോര്‍ജ്ജാണ് ഈ ചിത്രം സംവിധാനം ചെയ്തത്.
ശ്രീധരന്‍ ചമ്പാട്, കെ.ജി. ജോര്‍ജ്ജ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെഴുതിയ ചിത്രത്തില്‍ ശ്രീനിവാസനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
സര്‍ക്കസ് കൂടാരം പശ്ചാത്തലമാക്കിയെടുത്ത സിനിമയായിരുന്നു മേള. അഞ്ജലി പാട്ടീല്‍, മേള രഘു, തുടങ്ങിയവരായിരുന്നു മറ്റ് പ്രധാന റോളിലെത്തിയത്. നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായിരുന്നു മമ്മൂട്ടിയുടേത്.