| Monday, 14th October 2024, 9:53 am

ആ മോഹന്‍ലാല്‍ ചിത്രത്തിന് ശേഷം ഒരു കോള് വന്നു; ഇതൊക്കെ വേണമായിരുന്നോ എന്നായിരുന്നു ചോദ്യം: ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ശ്രീനിവാസന്‍ കഥയും തിരക്കഥയും സംഭാഷണവും രചിച്ചത് സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ എത്തിയ സിനിമയാണ് വരവേല്‍പ്പ്. 1989ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകന്‍. കേരളത്തെ അലട്ടുന്ന ട്രേഡ് യൂണിയന്‍ പ്രശ്‌നങ്ങളും യൂണിയന്‍ അംഗങ്ങള്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളും ഭരണത്തില്‍ നിലനില്‍ക്കുന്ന വൃത്തികെട്ട രാഷ്ട്രീയവുമായിരുന്നു സിനിമയിലെ വിഷയം.

വരവേല്‍പ്പ് സിനിമ ഇറങ്ങിയപ്പോള്‍ തനിക്ക് വന്ന ഒരു കോളിനെ കുറിച്ച് പറയുകയാണ് ശ്രീനിവാസന്‍. തന്റെ നാട്ടിലെ പാര്‍ട്ടി ഓഫീസില്‍ നിന്ന് ഒരാള്‍ വിളിച്ചിരുന്നെന്നും ഇതൊക്കെ വേണമായിരുന്നോ എന്നാണ് അയാള്‍ ചോദിച്ചതെന്നും നടന്‍ പറയുന്നു. വണ്‍ റ്റു ടോക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വരവേല്‍പ്പ് എന്ന സിനിമ ഇറങ്ങിയപ്പോള്‍ എനിക്ക് ഒരു കോള്‍ വന്നിരുന്നു. നമ്മുടെ നാട്ടിലെ പാര്‍ട്ടി ഓഫീസില്‍ നിന്നായിരുന്നു അയാള്‍ വിളിച്ചത്. വരവേല്‍പ്പ് കണ്ടെന്ന് അയാള് എന്നോട് പറഞ്ഞു. ഞാന്‍ സന്തോഷമെന്ന് മറുപടി കൊടുത്തു. ‘ഇതൊക്കെ വേണമായിരുന്നോ’ എന്നാണ് അയാള് പിന്നെ ചോദിച്ചത്.

അതില്‍ എന്റെ ഭാവനയൊന്നും ഞാന്‍ ഉപയോഗിച്ചിട്ടില്ലെന്ന് താങ്കള്‍ക്ക് അറിയാലോയെന്ന് ഞാന്‍ തിരികെ ചോദിച്ചു. ‘ഞാന്‍ പറഞ്ഞന്നേയുള്ളൂ’ എന്ന് മാത്രമായിരുന്നു അയാള് പിന്നീട് പറഞ്ഞത്. തിരികെ ഞാനും അതുതന്നെ പറഞ്ഞു, ഞാനും പറഞ്ഞന്നേയുള്ളൂ,’ ശ്രീനിവാസന്‍ പറയുന്നു.

മോഹന്‍ലാലിന് പുറമെ വരവേല്‍പ്പില്‍ ശ്രീനിവാസന്‍, മുരളി, രേവതി, തിലകന്‍, ഇന്നസെന്റ്, ജഗദീഷ് എന്നിവരായിരുന്നു പ്രധാനവേഷങ്ങളില്‍ എത്തിയത്. ശ്രീനിവാസന്റെ അച്ഛന്റെ ജീവിതത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഈ സിനിമ ഒരുക്കിയത്. 2009ല്‍ വരവേല്‍പ്പ് ഹിന്ദിയില്‍ ചല്‍ ചലാ ചല്‍ എന്ന പേരില്‍ റീമേക്ക് ചെയ്യപ്പെട്ടിരുന്നു.


Content Highlight: Sreenivasan Talks About Varavelpu Movie

Latest Stories

We use cookies to give you the best possible experience. Learn more