മുകേഷിന്റെ ചിരിവരാത്ത ഫൂളിഷ് കോമഡി; അവന്റെ സമ്മതം ചോദിച്ച് ആ സിനിമയില്‍ കൊണ്ടുവന്നു: ശ്രീനിവാസന്‍
Entertainment
മുകേഷിന്റെ ചിരിവരാത്ത ഫൂളിഷ് കോമഡി; അവന്റെ സമ്മതം ചോദിച്ച് ആ സിനിമയില്‍ കൊണ്ടുവന്നു: ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 9th October 2024, 12:27 pm

ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 1989ല്‍ പുറത്തിറങ്ങിയ ചിത്രമാണ് വടക്കുനോക്കിയന്ത്രം. പാര്‍വതി നായികയായ സിനിമയില്‍ തളത്തില്‍ ദിനേശനായാണ് ശ്രീനിവാസന്‍ എത്തിയത്. മൂന്ന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ ചിത്രം തെലുങ്കില്‍ സന്ദേഹം എന്ന പേരില്‍ ഡബ്ബ് ചെയ്തിരുന്നു. ഒപ്പം തമിഴിലും കന്നഡയിലും ഹിന്ദിയിലും റീമേക്ക് ചെയ്തിരുന്നു.

വടക്കുനോക്കിയന്ത്രത്തിലെ കോമഡി സീനിനെ കുറിച്ച് പറയുകയാണ് ശ്രീനിവാസന്‍. ഹോട്ടലാണെന്ന് കരുതി ബാര്‍ബര്‍ ഷോപ്പില്‍ കയറിയ വൃദ്ധന്റെ കോമഡി യഥാര്‍ത്ഥത്തില്‍ നടന്‍ മുകേഷ് പറഞ്ഞിട്ടുള്ള കോമഡി ആണെന്നും അത് താന്‍ സിനിമയില്‍ ഉപയോഗിക്കുകയായിരുന്നു എന്നുമാണ് അദ്ദേഹം പറഞ്ഞത്. വണ്‍ റ്റു ടോക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീനിവാസന്‍.

Sreenivasan

Sreenivasan

‘അതിലെ കോമഡി മാത്രം മുകേഷില്‍ നിന്ന് എടുത്തതായിരുന്നു. മുകേഷ് പറയുന്ന കോമഡിയാണ് അത്. മനോരമ കോമഡി (ചിരി). ചിരിവരാത്ത ഫൂളിഷ് കോമഡിയായിരുന്നു. ഹോട്ടലാണെന്ന് കരുതി ബാര്‍ബര്‍ ഷോപ്പില്‍ കയറിയ വൃദ്ധന്‍ എന്തുണ്ടെന്ന് ചോദിക്കും. കട്ടിങ്ങും ഷേവിങ്ങും. രണ്ടും ഓരോ പ്ലേറ്റ് പോരട്ടെ.

അതും പറഞ്ഞ് അയാള് തന്നെ സ്വയം ചിരിക്കുകയാണ്. മുകേഷിനോട് ഇത് ഞാന്‍ എന്റെ സിനിമയില്‍ എടുത്തോട്ടെയെന്ന് ഒരിക്കല്‍ ചോദിക്കുകയായിരുന്നു. അങ്ങനെ പുള്ളി സമ്മതിച്ചിട്ടാണ് ഞാന്‍ അത് സിനിമയില്‍ എടുക്കുന്നത്,’ ശ്രീനിവാസന്‍ പറഞ്ഞു.

ചിന്താവിഷ്ടയായ ശ്യാമളയുടെ തിരക്കഥ എഴുതിയതിനെ കുറിച്ചും നടന്‍ അഭിമുഖത്തില്‍ സംസാരിച്ചു. ലാല്‍ ജോസിന്റെ ഒരു മറവത്തൂര്‍ കനവിന്റെ സമയത്ത് തന്നെയാണ് താന്‍ ചിന്താവിഷ്ടയായ ശ്യാമളയെന്ന സിനിമയുടെ തിരക്കഥ എഴുതിയത് എന്നാണ് ശ്രീനിവാസന്‍ പറയുന്നത്.

‘ഞാന്‍ ചിന്താവിഷ്ടയായ ശ്യാമളയെന്ന സിനിമയും ലാല്‍ ജോസിന്റെ ഒരു മറവത്തൂര്‍ കനവെന്ന സിനിമയും ഒരേ സമയം മദിരാശിയില്‍ വെച്ചിട്ട് എഴുതാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. രാവിലെ മുതല്‍ ഉച്ചവരെ മറവത്തൂര്‍ കനവിന്റെ കഥ എഴുതുകയും ഉച്ച ശേഷം ചിന്താവിഷ്ടയായ ശ്യാമളയുടെ കഥ എഴുതുകയും ചെയ്യും. അങ്ങനെ മറവത്തൂര്‍ കനവ് പകുതി മുക്കാല്‍ ഭാഗം വരെ എഴുതി സമയത്ത് അതിന്റെ ഷൂട്ടിങ് തുടങ്ങി.


പിന്നെ ഷൂട്ടിങ് സ്ഥലത്ത് വെച്ചാണ് അത് എഴുതി പൂര്‍ത്തിയാക്കുന്നത്. ചിന്താവിഷ്ടയായ ശ്യാമളയുടെ 25 സീനുകള്‍ എഴുതി കഴിഞ്ഞപ്പോള്‍ തൃശ്ശൂരില്‍ വെച്ചായിരുന്നു ഷൂട്ട് ചെയ്തത്. അവിടുത്തെ ഹോട്ടലില്‍ പോയി താമസിച്ച് ഞാന്‍ എഴുതിയ കുറച്ച് സീനുകളുണ്ട്. അത് പിന്നീട് എടുത്ത് വായിച്ച് നോക്കി. അന്ന് ആ 25 സീനും ശരിയായില്ലെന്ന് തോന്നി. അത് പൂര്‍ണമായും അന്ന് മാറ്റേണ്ടി വന്നു,’ ശ്രീനിവാസന്‍ പറഞ്ഞു.

Content Highlight: Sreenivasan Talks About Vadakkunokkiyantram And Mukesh