ശ്രീനിവാസന്റെ രചനയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് 1991ല്‍ റിലീസായ ചിത്രമാണ് സന്ദേശം. ജയറാമും ശ്രീനിവാസനും തിലകനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം മലയാളത്തിലെ എവര്‍ ഗ്രീന്‍ ഹിറ്റാണ്.
സന്ദേശം എന്ന ചിത്രത്തില്‍ മാള അരവിന്ദന്‍ അവതരിപ്പിച്ച കഥാപാത്രം ആദ്യം ചെയ്യേണ്ടിയിരുന്നത് ജഗതി ശ്രീകുമാര്‍ ആയിരുന്നെന്ന് ശ്രീനിവാസന്‍ പറയുന്നു. ആദ്യം അദ്ദേഹം ചെയ്യാമെന്ന് ഏറ്റെന്നും എന്നാല്‍ ഷൂട്ടിങ്ങിന് വന്നില്ലെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു. സന്ദേശം സിനിമയില്‍ അഭിനയിക്കാന്‍ വരാമെന്ന് പറഞ്ഞ ദിവസം മദ്രാസില്‍ മറ്റൊരു സിനിമയുടെ ഷൂട്ടിങ്ങിന് ജഗതി പോയതുകൊണ്ട് മാള അരവിന്ദനെ വെച്ച് ആ റോള്‍ ചെയ്യുകയായിരുന്നെന്നും ശ്രീനിവാസന്‍ പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള അഭിമുഖത്തിലാണ് ശ്രീനിവാസന്‍ ഇക്കാര്യം പറഞ്ഞത്.
‘ഞാന്‍ എഴുതുകയും സത്യന്‍ അന്തികാട് സംവിധാനം ചെയ്യുകയും ചെയ്ത ചിത്രമായ സന്ദേശത്തിന്റെ ഒരു ആവശ്യത്തിനായി ഞങ്ങള്‍ കോഴിക്കോട്ടേക്ക് പോകുമ്പോള്‍ ട്രെയിനില്‍ വെച്ച് ജഗതി ശ്രീകുമാറിനെ കണ്ടു. അതിലൊരു റോള്‍ അഭിനയിക്കുന്ന കാര്യം അതിന് മുമ്പ് ഞങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു.
എന്നെ കണ്ടപ്പോള്‍ അദ്ദേഹം ചോദിച്ചു എട്ടാം തീയതി തന്നെയല്ലേ ഷൂട്ടിങ് തുടങ്ങേണ്ടത് ഞാന്‍ അന്നല്ലേ വരേണ്ടത് എന്നൊക്കെ. കുറെ ദിവസങ്ങള്‍ അങ്ങനെ കടന്നു പോയി. ഇന്ന് പുറപ്പെടുകയാണ് പന്ത്രണ്ട് മണി എന്നൊരു സമയം ഉണ്ടെങ്കില്‍ ഞാന്‍ അവിടെ എത്തിയിരിക്കും ആ കഥാപാത്രം ഞാന്‍ തന്നെ ചെയ്യും എന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. ജയറാമിന്റെയും എന്റെയും ചേച്ചിയുടെ ഭര്‍ത്താവായിട്ടായിരുന്നു അദ്ദേഹത്തിന് ആ ചിത്രത്തില്‍ വേഷം.
അങ്ങനെ ഞങ്ങള്‍ പിന്നെയും വിളിച്ചപ്പോള്‍ ജഗതി പുറപ്പെട്ടിട്ടുണ്ടെന്ന് വിവരം കിട്ടി. പന്ത്രണ്ട് മണി കഴിഞ്ഞു ഒരു മണി കഴിഞ്ഞു ആ ദിവസം മുഴുവന്‍ കഴിഞ്ഞു. ജഗതി ശ്രീകുമാര്‍ മാത്രം വന്നില്ല. പിന്നീട് അന്വേഷിച്ചപ്പോഴാണ് അദ്ദേഹം മദിരാശിയില്‍ വേറൊരു സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണെന്ന് അറിയുന്നത്. പിന്നെ വേറെ വഴിയില്ലാതെ ഞങ്ങള്‍ മാള അരവിന്ദനെ കൊണ്ട് ആ വേഷം ചെയ്യിപ്പിക്കുകയായിരുന്നു,’ ശ്രീനിവാസന്‍ പറയുന്നു.