പെട്ടന്നൊന്നും കണ്ണുനിറയാത്ത പ്രിയദര്‍ശന്‍ ആ സിനിമ കണ്ട് കരഞ്ഞതോടെ അത് വിജയിക്കുമെന്ന് ഉറപ്പായി: ശ്രീനിവാസന്‍
Entertainment
പെട്ടന്നൊന്നും കണ്ണുനിറയാത്ത പ്രിയദര്‍ശന്‍ ആ സിനിമ കണ്ട് കരഞ്ഞതോടെ അത് വിജയിക്കുമെന്ന് ഉറപ്പായി: ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 9th October 2024, 3:56 pm

ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 1998ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ചിന്താവിഷ്ടയായ ശ്യാമള. സംഗീത നായികയായി എത്തിയ സിനിമയില്‍ ശ്രീനിവാസന്‍ ആയിരുന്നു നായകന്‍. ഈ സിനിമ ഹിറ്റാകുമെന്ന് വിചാരിച്ചിരുന്നില്ലെന്നും വിജയത്തില്‍ സംശയമുണ്ടായിരുന്നുവെന്നും പറയുകയാണ് നടന്‍.

കഥ പറയുമ്പോള്‍ എന്ന സിനിമ വിജയിക്കുമെന്ന് തിരക്കഥ വായിച്ചപ്പോള്‍ തന്നെ ഉറപ്പായിരുന്നുവെന്നും പക്ഷെ ചിന്താവിഷ്ടയായ ശ്യാമളയുടെ കാര്യം അങ്ങനെ ആയിരുന്നില്ലെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു. വണ്‍ റ്റു ടോക്ക്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആ സിനിമ ഇത്ര ഹിറ്റിലേക്ക് പോകുമെന്ന് വിചാരിച്ചിരുന്നില്ല. എനിക്ക് അതില്‍ സംശയം ഉണ്ടായിരുന്നു. കഥ പറയുമ്പോള്‍ എന്ന സിനിമ വിജയിക്കുമെന്ന് തിരക്കഥ വായിച്ചപ്പോള്‍ തന്നെ ഉറപ്പായിരുന്നു. പക്ഷെ ചിന്താവിഷ്ടയായ ശ്യാമള അങ്ങനെ ആയിരുന്നില്ല.

അത് വിജയിക്കുമെന്ന് എനിക്ക് ഉറപ്പ് കിട്ടിയത് എപ്പോഴാണെന്ന് ഞാന്‍ പറയാം. സിനിമ എഴുതുമ്പോഴോ അത് ഷൂട്ട് ചെയ്യുമ്പോഴോ ആയിരുന്നില്ല. ചെന്നൈയില്‍ അന്ന് സിനിമയുടെ പ്രിവ്യു വെച്ചിരുന്നു. അവിടേക്ക് പ്രിയദര്‍ശനെ വിളിച്ചു. പ്രിയന്‍ ചെന്നൈയില്‍ ഉള്ള സമയമായിരുന്നു.

അന്ന് മുകേഷിന്റെ ഭാര്യ സരിതയും അവിടെ ഉണ്ടായിരുന്നു. അവര് രണ്ടുപേരും സിനിമ കണ്ട് സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ കണ്ണുനിറഞ്ഞു കൊണ്ടാണ് എഴുന്നേല്‍ക്കുന്നത്. പ്രിയന് അത്രയും മനസില്‍ തട്ടിയാല്‍ മാത്രമേ കണ്ണൊക്കെ നിറയുകയുള്ളൂ. പെട്ടന്നൊന്നും കണ്ണുനിറയുന്ന ആളായിരുന്നില്ല. അത് കണ്ടതോടെ എനിക്ക് സന്തോഷമായി,’ ശ്രീനിവാസന്‍ പറഞ്ഞു.


Content Highlight: Sreenivasan Talks About Priyadarshan And Chinthavishtayaya Shyamala