ചിന്താവിഷ്ടയായ ശ്യാമളയോടൊപ്പം ആ മമ്മൂട്ടി ചിത്രത്തിന് കഥ എഴുതാന്‍ ഞാന്‍ നിര്‍ബന്ധിതനായി: ശ്രീനിവാസന്‍
Entertainment
ചിന്താവിഷ്ടയായ ശ്യാമളയോടൊപ്പം ആ മമ്മൂട്ടി ചിത്രത്തിന് കഥ എഴുതാന്‍ ഞാന്‍ നിര്‍ബന്ധിതനായി: ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 9th October 2024, 8:54 am

ശ്രീനിവാസന്റെ തിരക്കഥയില്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത് 1998ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഒരു മറവത്തൂര്‍ കനവ്. മമ്മൂട്ടി, ബിജു മേനോന്‍, മോഹിനി, ദിവ്യ ഉണ്ണി എന്നിവര്‍ ഒന്നിച്ച ഈ സിനിമ ലാല്‍ ജോസിന്റെ ആദ്യ സംവിധാന ചിത്രമായിരുന്നു.

ഒരു മറവത്തൂര്‍ കനവിന്റെ സമയത്ത് തന്നെയാണ് താന്‍ ചിന്താവിഷ്ടയായ ശ്യാമളയെന്ന സിനിമയുടെ തിരക്കഥ എഴുതിയതെന്ന് പറയുകയാണ് ശ്രീനിവാസന്‍. രണ്ട് സിനിമക്കും വേണ്ടി ഒരേ സമയം തിരക്കഥ എഴുതാന്‍ താന്‍ നിര്‍ബന്ധിതനായെന്നും അദ്ദേഹം പറയുന്നു. വണ്‍ റ്റു ടോക്ക്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീനിവാസന്‍.

‘ഞാന്‍ എല്ലാ സംവിധായകരുടെയും വര്‍ക്ക് ശ്രദ്ധിച്ചിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍ എല്ലാവരും എന്റെ ഗുരുനാഥന്മാരാണ്. ബേസിക്കായിട്ടുള്ള ചില കാര്യങ്ങള്‍ എല്ലാവരില്‍ നിന്നും പഠിച്ചിട്ടുണ്ട്. പിന്നെ സീനിന് അനുസരിച്ച് നമ്മള്‍ മേക്കിങ്ങില്‍ വ്യത്യാസം വരുത്തുകയാണ് ചെയ്യുക.

പിന്നെ കഥ എഴുതുമ്പോള്‍ നമ്മള്‍ ചില കാര്യങ്ങള്‍ അതില്‍ നിന്ന് കണ്‍സീവ് ചെയ്യുമല്ലോ. പല സിനിമകളും ചെയ്യുന്നത് അങ്ങനെയാണ്. ഞാന്‍ എന്റെ ചിന്താവിഷ്ടയായ ശ്യാമളയെന്ന സിനിമയും ലാല്‍ ജോസിന്റെ ഒരു മറവത്തൂര്‍ കനവെന്ന സിനിമയും ഒരേ സമയം മദിരാശിയില്‍ വെച്ചിട്ട് എഴുതാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.

അതായത് രണ്ട് സിനിമക്കും വേണ്ടി എഴുതാന്‍ നിര്‍ബന്ധിതനായി. രാവിലെ മുതല്‍ ഉച്ചവരെ മറവത്തൂര്‍ കനവിന്റെ കഥ എഴുതുകയും ഉച്ച ശേഷം ചിന്താവിഷ്ടയായ ശ്യാമളയുടെ കഥ എഴുതുകയും ചെയ്യും. അങ്ങനെ മറവത്തൂര്‍ കനവ് പകുതി മുക്കാല്‍ ഭാഗം വരെ എഴുതി സമയത്ത് അതിന്റെ ഷൂട്ടിങ് തുടങ്ങി. പിന്നെ ഷൂട്ടിങ് സ്ഥലത്ത് വെച്ചാണ് അത് എഴുതി പൂര്‍ത്തിയാക്കുന്നത്.

ചിന്താവിഷ്ടയായ ശ്യാമളയുടെ 25 സീനുകള്‍ എഴുതി കഴിഞ്ഞപ്പോള്‍ തൃശ്ശൂരില്‍ വെച്ചായിരുന്നു ഷൂട്ട് ചെയ്തത്. അവിടുത്തെ ഹോട്ടലില്‍ പോയി താമസിച്ച് ഞാന്‍ എഴുതിയ കുറച്ച് സീനുകളുണ്ട്. അത് പിന്നീട് എടുത്ത് വായിച്ച് നോക്കി. അന്ന് ആ 25 സീനും ശരിയായില്ലെന്ന് തോന്നി. അത് പൂര്‍ണമായും അന്ന് മാറ്റേണ്ടി വന്നു,’ ശ്രീനിവാസന്‍ പറഞ്ഞു.


Content Highlight: Sreenivasan Talks About Oru Maravathoor Kanavu Movie