| Sunday, 6th October 2024, 9:23 am

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥയും തിരക്കഥയും ആ മമ്മൂട്ടി ചിത്രത്തിന്റേത്: ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ശ്രീനിവാസന്‍ തിരക്കഥയെഴുതി കമല്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു മഴയെത്തും മുന്‍പേ. 1995ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകനായി എത്തിയത്. ഒപ്പം ശോഭന, ആനി, ശ്രീനിവാസന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

നന്ദകുമാര്‍ എന്ന കോളേജ് പ്രൊഫസറായാണ് ചിത്രത്തില്‍ മമ്മൂട്ടിയെത്തിയത്. ഉമാ മഹേശ്വരിയായി ശോഭനയും ശ്രുതിയെന്ന കഥാപാത്രമായി ആനിയുമെത്തിയ ചിത്രത്തിലൂടെ ശ്രീനിവാസന് മികച്ച തിരക്കഥക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു.

താന്‍ കഥയും തിരക്കഥയും ഒരുക്കിയ സിനിമകളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് മഴയെത്തും മുന്‍പേ ആണെന്ന് പറയുകയാണ് ശ്രീനിവാസന്‍. താന്‍ വലിയ അവാര്‍ഡ് മോഹിയൊന്നുമല്ലെന്നും അവാര്‍ഡിന് വേണ്ടി ഒരു സിനിമ എടുക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടേയില്ലെന്നും അദ്ദേഹം പറയുന്നു. വണ്‍ ടു ടോക്ക്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീനിവാസന്‍.

‘എന്റെ സിനിമകളില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥയും തിരക്കഥയും ഏതാണെന്ന് ഞാന്‍ ഒരു രണ്ടാഴ്ച ആലോചിച്ചിട്ട് പറയാം. ഒരു പടം എഴുതാന്‍ വേണ്ടി ഒരു കൊല്ലമൊക്കെ ആലോചിച്ചിട്ടുണ്ട്. എന്നിട്ടും ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ വേണ്ടി ഒരു രണ്ടാഴ്ചയല്ലേ ഞാന്‍ ചോദിച്ചുള്ളൂ (ചിരി).

ഞാന്‍ വലിയ അവാര്‍ഡ് മോഹിയൊന്നുമല്ല. അവാര്‍ഡിന് വേണ്ടി ഒരു സിനിമ എടുക്കുന്നതിനെ കുറിച്ച് ഞാന്‍ ആലോചിച്ചിട്ടേയില്ലേ. പക്ഷെ ആദ്യമായി എനിക്ക് എഴുത്തില്‍ അവാര്‍ഡ് കിട്ടുന്നത് മഴയെത്തും മുന്‍പേ എന്ന സിനിമയുടെ തിരക്കഥയ്ക്കാണ്.

ശോഭനയും ആനിയും മമ്മൂട്ടിയുമൊക്കെ അഭിനയിച്ച സിനിമയാണ്. ഞാനും അതില്‍ അഭിനയിച്ചിരുന്നു. പാലക്കാട് വെച്ച് ഷൂട്ടിങ് നടന്ന സിനിമ കമലായിരുന്നു സംവിധാനം ചെയ്തത്. കഠിനമായ അധ്വാനത്തിന്റെ ഫലമായിരുന്നു ഈ സിനിമ.

പക്ഷെ അവാര്‍ഡ് കിട്ടി കഴിഞ്ഞപ്പോഴാണ് ഇങ്ങനെയൊരു സംഭവമുണ്ടെന്ന് ഞങ്ങള്‍ മനസിലാക്കുന്നത്. ഈ സിനിമക്ക് ഒന്നോ രണ്ടോ അവാര്‍ഡ് കിട്ടാവുന്നതാണെന്ന് പിന്നീട് എനിക്ക് തോന്നി. കാരണം ഇതിനകത്ത് കുറച്ച് ടെക്‌നിക്കുകളൊക്കെ ഉപയോഗിച്ചിരുന്നു. ഓരോന്നും ആലോചിച്ച് കഷ്ടപ്പെട്ടിട്ടാണ് ഓരോ സീനും ഉണ്ടാക്കിയിരുന്നത്,’ ശ്രീനിവാസന്‍ പറഞ്ഞു.


Content Highlight: Sreenivasan Talks About Mazhayethum Munpe Movie

We use cookies to give you the best possible experience. Learn more