| Monday, 7th October 2024, 10:01 am

മമ്മൂട്ടിയുടെ സീന്‍ വിജയിച്ചില്ലെങ്കില്‍ ആ സിനിമ പൊട്ടുമെന്ന് ആദ്യമേ അറിയാമായിരുന്നു: ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയില്‍ ഇന്നും കണ്ണുനനയിക്കുന്ന ക്ലൈമാക്‌സുകളില്‍ ഒന്നാണ് കഥ പറയുമ്പോള്‍ എന്ന സിനിമയിലേത്. ബാര്‍ബര്‍ ബാലനും അശോക് രാജും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം കാണിക്കുന്ന സീനായിരുന്നു അതില്‍ ഉണ്ടായിരുന്നത്.

ആ സീന്‍ വിജയിച്ചില്ലെങ്കില്‍ കഥ പറയുമ്പോള്‍ എന്ന സിനിമ പൊട്ടുമെന്നാണ് താന്‍ ആദ്യമേ വിചാരിച്ചതെന്ന് പറയുകയാണ് ശ്രീനിവാസന്‍. വണ്‍ റ്റു ടോക്ക്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആലോചന ഇല്ലാതെ ഒരു കാര്യവും ഈസിയായി നടക്കില്ല. കഥ പറയുമ്പോള്‍ എന്ന സിനിമയുടെ ക്ലൈമാക്‌സ് ഞാന്‍ എങ്ങനെയാണ് എഴുതിയതെന്ന് പറയാം. സിനിമയില്‍ മമ്മൂട്ടി ബാര്‍ബര്‍ ബാലനെ കുറിച്ച് സംസാരിക്കുന്നതാണ് അതിന്റെ അവസാനം.

ആ സീന്‍ വിജയിച്ചില്ലെങ്കില്‍ ഈ സിനിമ പൊട്ടുമെന്നാണ് ഞാന്‍ ആദ്യമേ വിചാരിച്ചത്. നമുക്ക് ആലോചിച്ച് ആലോചിച്ച് ചില സങ്കല്‍പങ്ങളും കണക്കുകൂട്ടലുകളുമൊക്കെ ഉണ്ടാകുമല്ലോ. ആ സീന്‍ ആണെങ്കില്‍ എന്റെ ആലോചന മാത്രമായിരുന്നില്ല, ഞാന്‍ വായിച്ച ഒരുപാട് പുസ്തകങ്ങളില്‍ നിന്നുള്ള കാര്യങ്ങള്‍ കൂടെയാണ്.

അതിന്റെ അകത്ത് മമ്മൂട്ടി വൈലോപ്പിള്ളിയുടെ മാമ്പഴം എന്ന കവിതയെ കുറിച്ച് സംസാരിക്കുന്നുണ്ട്. അത് കെ.പി. അപ്പന്റെ ഒരു നിരൂപണ പുസ്തകത്തില്‍ നിന്ന് ഞാന്‍ എടുത്ത കുറച്ച് വരികളാണ് അത്. അദ്ദേഹത്തോട് ചോദിച്ചിട്ട് തന്നെയായിരുന്നു അത് ചെയ്തത്.

ആ ക്ലൈമാക്‌സ് സീനില്‍ ചില ഫിലോസഫിയുമുണ്ട്. അത് പല പുസ്തകങ്ങളില്‍ നിന്നും നിരൂപണ പുസ്തകങ്ങളില്‍ നിന്നും സാഹിത്യ നിരൂപണങ്ങളില്‍ നിന്നുമൊക്കെ എടുത്തതാണ്. അതാണ് ഞാന്‍ ആ ക്ലൈമാക്‌സ് സീനില്‍ ഉപയോഗിച്ചത്,’ ശ്രീനിവാസന്‍ പറഞ്ഞു.

ശ്രീനിവാസന്റെ തിരക്കഥയില്‍ എം. മോഹനന്‍ സംവിധാനം ചെയ്ത ചിത്രമാണ് കഥ പറയുമ്പോള്‍. 2007ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ശ്രീനിവാസന്‍, മീന, മമ്മൂട്ടി എന്നിവരായിരുന്നു പ്രധാനവേഷത്തില്‍ എത്തിയത്. ശ്രീനിവാസന്‍ ബാര്‍ബര്‍ ബാലനായി എത്തിയ സിനിമയില്‍ മമ്മൂട്ടി സിനിമാ നടന്‍ അശോക് രാജായാണ് അഭിനയിച്ചത്.


Content Highlight: Sreenivasan Talks About Katha Parayumpol Movie Climax Scene

We use cookies to give you the best possible experience. Learn more