ശ്രീനിവാസന്‍ സഹ നിര്‍മാണവും രചനയും നിര്‍വഹിച്ച് എം. മോഹനന്‍ സംവിധാനം ചെയ്ത ചിത്രമാണ് കഥപറയുമ്പോള്‍. ബാലന്‍ എന്ന ബാര്‍ബറായി ചിത്രത്തില്‍ വേഷമിട്ടതും ശ്രീനിവാസന്‍ തന്നെയാണ്. അശോക് കുമാര്‍ എന്ന സൂപ്പര്‍സ്റ്റാറായി സിനിമയിലെത്തിയത് മമ്മൂട്ടിയായിരുന്നു.
കഥപറയുമ്പോളിലെ ക്ലൈമാക്‌സിനെ കുറിച്ച് പറയുകയാണ് ശ്രീനിവാസനിപ്പോള്‍. ഒരുപാട് ആലോചിച്ചിട്ടാണ് ആ ഭാഗം എഴുതിയതെന്നും ആ സീന്‍ വിജയിച്ചില്ലെങ്കില്‍ സിനിമ തന്നെ പൊട്ടുമെന്നാണ് വിചാരിച്ചിരുന്നതെന്നും അദ്ദേഹം പറയുന്നു. ക്ലൈമാക്‌സ് സീന്‍ തന്റെ മാത്രം ആലോചനയല്ലെന്നും ഇതുവരെ താന്‍ വായിച്ച പുസ്തകങ്ങളുടെ പ്രചോദനം അതില്‍ ഉണ്ടെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.
ക്ലൈമാക്‌സ് സീന്‍ വായിച്ച് തന്റെ കണ്ണ് നിറഞ്ഞെന്നും അപ്പോഴേ താന്‍ ആ സിനിമ വിജയിക്കുമെന്ന് ഉറപ്പിച്ചെന്നും അദ്ദേഹം പറയുന്നു. വണ്‍ ടു ടോക്ക്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരുപാട് ആലോചിച്ചാണ് കഥ പറയുമ്പോള്‍ സിനിമയുടെ ക്ലൈമാക്സ് എഴുതിയത്. ആലോചന ഇല്ലാതെ ഒരു കാര്യവും എളുപ്പത്തില്‍ നടക്കുന്ന വിഷയമേ ഇല്ല. മമ്മൂട്ടിയുടെ കഥാപാത്രം ബാര്‍ബര്‍ ബാലനെ കുറിച്ച് പറയുന്ന ഭാഗത്താണ് സിനിമ അവസാനിക്കുന്നത്.
ആ സീന്‍ വിജയിച്ചില്ലെങ്കില്‍ പടം പൊട്ടുമെന്നാണ് വിചാരിച്ചിരുന്നത്. ആദ്യമേ വിചാരിച്ച കാര്യമാണ് അത്. സിനിമയെ കുറിച്ച് ഒരുപാട് ആലോചനകള്‍ നടത്തി കുറെ സങ്കല്‍പ്പങ്ങളും കണക്കുകൂട്ടലുകളും നമുക്ക് ഉണ്ടാകുമല്ലോ. ആ സീന്‍ എന്റെ മാത്രം ആലോചനയല്ല. ഞാന്‍ വായിച്ച ഒരുപാട് പുസ്തകങ്ങള്‍ അതിനു പ്രചോദനമായിട്ടുണ്ട്.
കഥ പറയുമ്പോള്‍ സിനിമയുടെ ക്ലൈമാക്സ് വിജയിക്കേണ്ടത് ആവശ്യമായിരുന്നു. ഒരു ദിവസം രണ്ട് വരി എഴുതി നിര്‍ത്തും. അതിനു ശേഷം കുറെ കഴിഞ്ഞ് അടുത്ത രണ്ട് വരി എഴുതുന്നത്. അങ്ങനെയായിരുന്നു സിനിമയുടെ എഴുത്ത്. അങ്ങനെ പത്ത് പതിനഞ്ച് പേജുകളിലായി പല കടലാസുകളിലാണ് എഴുതിയത്.
ഷൂട്ടിങ്ങിന്റെ തലേ ദിവസം അതെല്ലാം ഒരുമിച്ചാക്കി. അത് വായിച്ചപ്പോള്‍ എന്റെ കണ്ണില്‍ നിന്ന് വെള്ളം വരാന്‍ തുടങ്ങി. എഴുതിയ പേപ്പറില്‍ വെള്ളം വീണു. സിനിമ വിജയിക്കുമെന്ന് അപ്പോള്‍ ഉറപ്പിച്ചു,’ ശ്രീനിവാസന്‍ പറയുന്നു.
Content Highlight: Sreenivasan Talks About Kadha parayumbol movie