Entertainment
മലര്‍വാടിക്ക് ശേഷം ഒരു സിനിമയും വിനീത് എന്നോട് ഡിസ്‌കസ് ചെയ്തിട്ടില്ല: ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Apr 05, 02:25 pm
Wednesday, 5th April 2023, 7:55 pm

അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമ രംഗത്തേക്ക് കാലെടുത്ത് വെച്ചവരാണ് വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും. വിനീതിന്റെ ആദ്യ സിനിമയായ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് വലിയ ജനസ്വീകാര്യത നേടിയിരുന്നു. തുടര്‍ന്ന് സംവിധാനവും അഭിനയവും ഗാനാലാപനവുമൊക്കെയായി വിനീത് വെള്ളിത്തിരയിലുണ്ട്.

മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിന് ശേഷം വിനീത് താനുമായി സിനിമ ഡിസ്‌കഷന്‍സ് ഒന്നും നടത്തിയിട്ടില്ലെന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ ശ്രീനിവാസന്‍. മലര്‍വാടി ചെയ്യുമ്പോള്‍ ഒത്തിരി തവണ ഡിസ്‌കസ് ചെയ്തിരുന്നെന്നും എന്നാല്‍ ഒരു ദിവസം വിനീത് വിളിച്ച് താന്‍ പറഞ്ഞ കാര്യങ്ങളാണ് ശരിയെന്ന് തോന്നിയെന്നും അതുപോലെ സിനിമ ചെയ്താലോയെന്ന് ചോദിച്ചെന്നും പറഞ്ഞു.

തീര്‍ച്ചയായും അങ്ങനെയാണ് ചെയ്യേണ്ടതെന്ന് താന്‍ മറുപടി നല്‍കിയെന്നും നമ്മളാണ് ശരിയെന്ന് ഒരുറപ്പ് കിട്ടിക്കഴിഞ്ഞാല്‍ പിന്നെയാരോടും ഡിസ്‌കസ് ചെയ്യരുതെന്ന് താന്‍ പറഞ്ഞെന്നും ശ്രീനിവാസന്‍ പറഞ്ഞു.

‘വിനീതിന്റെ ‘ഹൃദയം’ എന്ന ചിത്രമാണ് അവസാനം കണ്ടത്. അതിന് ശേഷം ഒന്നും പോയി കാണാന്‍ പറ്റിയിട്ടില്ല. വിനീത് ആദ്യ സിനിമയായ ‘മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്’ സംവിധാനം ചെയ്യുന്നതിന് മുമ്പ് ഡിസ്‌കസ് ചെയ്യുമായിരുന്നു. അപ്പോള്‍ അതില്‍ എനിക്ക് കുറെ കുഴപ്പങ്ങള്‍ തോന്നി. അതുവെച്ച് ഞങ്ങള്‍ പിന്നെയും ഡിസ്‌കസ് ചെയ്തു. ഓരോ പ്രാവശ്യം എഴുതിക്കൊണ്ടുവരുമ്പോഴും ഡിസ്‌കസ് ചെയ്യും.

അങ്ങനെയൊരു ദിവസം എന്നെ വിളിച്ചിട്ട് പറഞ്ഞു ഞാന്‍ ചെയ്തതാണ് ശരിയെന്ന് എനിക്ക് തോന്നുന്നു, അങ്ങനെ ചെയ്യട്ടെ എന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു, തീര്‍ച്ചയായും അങ്ങനെയാണ് ചെയ്യേണ്ടത് എന്ന്. നിനക്കങ്ങനെ ഒരുറപ്പ് കിട്ടിക്കഴിഞ്ഞാല്‍ പിന്നെയാരോടും ഡിസ്‌കസ് ചെയ്യരുതെന്നും പറഞ്ഞു,’ ശ്രീനിവാസന്‍ പറഞ്ഞു.

Content Highlights: Sreenivasan talks about his son Vineeth