മലയാള സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു കൂട്ടുകെട്ടാണ് മോഹന്‍ലാല്‍ – ശ്രീനിവാസന്‍ ജോടിയുടേത്. നിരവധി സിനിമകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അതില്‍ മിക്കതും ഏറെ റിപ്പീറ്റ് വാല്യുവുള്ള ചിത്രങ്ങളാണ്.
ഇപ്പോള്‍ മോഹന്‍ലാലുമായി ഒരുമിച്ച് അഭിനയിച്ച സിനിമകളില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ഏതാണെന്ന് പറയുകയാണ് ശ്രീനിവാസന്‍. ഉദയനാണ് താരമെന്ന സിനിമയെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. നാടോടിക്കാറ്റിനേക്കാള്‍ ഈ സിനിമയാണ് ഇഷ്ടമെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു. വണ്‍ റ്റു ടോക്ക്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മോഹന്‍ലാലുമായി ഒരുമിച്ച് അഭിനയിച്ച സിനിമകളില്‍ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ‘ഉദയനാണ് താരം’ ആണ്. അത് വലിയ ഒരു സബ്‌ജെക്റ്റായിരുന്നു. അതു കഴിഞ്ഞാല്‍ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ നാടോടിക്കാറ്റാണ്. ഉദയനാണ് താരം കഴിഞ്ഞിട്ടേ നാടോടിക്കാറ്റുള്ളൂ,’ ശ്രീനിവാസന്‍ പറയുന്നു.
ശ്രീനിവാസനും മോഹന്‍ലാലും ഒന്നിച്ച മറ്റൊരു സിനിമയായിരുന്നു 1988ല്‍ പുറത്തിറങ്ങിയ പട്ടണപ്രവേശം. ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം 1987ല്‍ പുറത്തിറങ്ങിയ നാടോടിക്കാറ്റിന്റെ രണ്ടാം ഭാഗമായിരുന്നു.
സി.ഐ.ഡിമാരായി മാറിയ ദാസനും വിജയനും അന്വേഷിക്കുന്ന ഒരു കൊലപാതക കേസാണ് ഈ ചിത്രത്തിലൂടെ പറഞ്ഞത്. എന്നാല്‍ പട്ടണപ്രവേശം നാടോടിക്കാറ്റിന്റെ അത്രയും വിജയമായിരുന്നില്ല. അതിനെ കുറിച്ചും ശ്രീനിവാസന്‍ അഭിമുഖത്തില്‍ പറയുന്നു.
‘നാടോടിക്കാറ്റിന്റെ രണ്ടാം ഭാഗമെന്ന നിലയിലായിരുന്നു പട്ടണപ്രവേശം എന്ന സിനിമ വന്നത്. എന്നാല്‍ അത് വിജയിച്ചെങ്കില്‍ നാടോടിക്കാറ്റിന്റെ അത്രയും വലിയ രീതിയില്‍ വിജയിച്ചില്ല. അതിന് അത്രയേ സ്‌കോപ്പ് ഉണ്ടായിരുന്നുള്ളൂ. അത്ര മാത്രമേ ഇപ്പോള്‍ ആ സിനിമയെ കുറിച്ച് പറയാന്‍ പറ്റുള്ളൂ,’ ശ്രീനിവാസന്‍ പറഞ്ഞു.
Content Highlight: Sreenivasan Talks About His Fav Movie With Mohanlal