| Tuesday, 16th April 2024, 12:40 pm

മോഹൻലാലിന് മികച്ച നടനുള്ള അവാർഡ് കിട്ടിയ ആ ചിത്രത്തിന്റെ കഥ ഒറ്റ രാത്രികൊണ്ടാണ് ഉണ്ടാക്കിയത്: ശ്രീനിവാസൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിന് മികച്ച സിനിമകൾ സമ്മാനിച്ച വ്യക്തിയാണ് ശ്രീനിവാസൻ. സത്യൻ അന്തിക്കാട്, ശ്രീനിവാസൻ മോഹൻലാൽ, കൂട്ടുകെട്ടിൽ പിറന്നവയെല്ലാം മലയാളികൾ ഇന്നും ഓർത്തിരിക്കുന്ന ചിത്രങ്ങളാൻ. മോഹൻലാലിനെ സാധാരണക്കാരനായിട്ടാണ് ശ്രീനിവാസൻ എപ്പോഴും അവതരിപ്പിച്ചിട്ടുള്ളത്.

ഗാന്ധി നഗർ സെക്കന്റ്‌ സ്ട്രീറ്റ്, സന്മനസ്സുള്ളവർക്ക് സമാധാനം, നാടോടിക്കാറ്റ് തുടങ്ങി ജീവിതഗന്ധിയായ ഒരുപാട് ചിത്രങ്ങൾക്കായി ശ്രീനിവാസൻ തൂലിക ചലിപ്പിച്ചിട്ടുണ്ട്.

ഇന്ന് ആരോഗ്യ പ്രശ്നങ്ങൾ കാരണം സിനിമയിൽ സജീവമല്ലെങ്കിലും അദ്ദേഹത്തിന്റെ നർമ ബോധത്തിലും സിനിമയെ കുറിച്ചുള്ള കാഴ്ചപ്പാടിലുമൊന്നും യാതൊരു മാറ്റവും വന്നിട്ടില്ല. തന്റെ പഴയ സിനിമകളെ കുറിച്ച് പറയുകയാണ് ശ്രീനിവാസൻ.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായിരുന്നു ടി. പി. ബാലഗോപാലൻ എം.എ. ചിത്രത്തിന്റെ കഥ താൻ ഒറ്റ രാത്രികൊണ്ടാണ് എഴുതിയതെന്നും സിനിമയിലെ പ്രകടനത്തിന് മോഹൻലാലിന് ആദ്യത്തെ സംസ്ഥാന അവാർഡ് നേടാൻ കഴിഞ്ഞെന്നും ശ്രീനി പറയുന്നു. മൂവി വേൾഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ടി. പി. ബാലഗോപാലൻ എം. എ എന്ന ചിത്രത്തിന്റെ കഥ ഒറ്റ രാത്രി കൊണ്ടാണ് ഉണ്ടാവുന്നത്. ആ വർഷം ഇറങ്ങിയ സിനിമകളിൽ നല്ല ചിത്രങ്ങളിൽ ഒന്നായിരുന്നു ടി. പി ബാലഗോപാലൻ എം. എ.

മോഹൻലാലിന് ആദ്യമായി മികച്ച നടനുള്ള സംസ്ഥാന അവാർഡ് കിട്ടുന്നത് ടി. പി. ബാലഗോപാലൻ എം.എയിലൂടെയാണ്,’ശ്രീനിവാസൻ പറയുന്നു.

അതേസമയം മകൻ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്ക് ശേഷം മികച്ച അഭിപ്രായവുമായി തിയേറ്ററിൽ മുന്നേറുകയാണ്.

വിഷു റംസാൻ റിലീസായി തിയേറ്ററിൽ എത്തിയ ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ തുടങ്ങിയവരോടൊപ്പം നിവിൻ പോളിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Content Highlight:  Sreenivasan Talk About T.P.Balagopalan MA Movie And Mohanlal

We use cookies to give you the best possible experience. Learn more