| Tuesday, 1st October 2024, 1:03 pm

മോഹൻലാലിന് വേണ്ടി എഴുതിയ ആ കഥയിൽ എന്നോട് നായകനാവാൻ ഇന്നസെന്റ്, സിനിമ വലിയ ഹിറ്റായി: ശ്രീനിവാസൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിന് മികച്ച സിനിമകൾ സമ്മാനിച്ച കൂട്ടുകെട്ടാണ് ശ്രീനിവാസൻ – സത്യൻ അന്തിക്കാട്. സാധാരണക്കാരോട് ഏറ്റവും ചേർന്ന് നിൽക്കുന്ന ചിത്രങ്ങളാണ് ഇരുവരും എന്നും ഒരുക്കിയത്. അവസാനം ഒന്നിച്ച ഞാൻ പ്രകാശനും തിയേറ്ററിൽ സൂപ്പർ ഹിറ്റായിരുന്നു.

നാടോടിക്കാറ്റ്, സന്മനസ്സ് ഉള്ളവക്ക് സമാധാനം, ഗാന്ധി നഗർ സെക്കന്റ്‌ സ്ട്രീറ്റ്, വരവേൽപ്പ് തുടങ്ങി മോഹൻലാലിന്റെ കരിയറിലും വലിയ സ്വാധീനം ചെലുത്താൻ സത്യൻ അന്തിക്കാട് – ശ്രീനിവാസൻ സിനിമകൾക്ക് സാധിച്ചിട്ടുണ്ട്. ശാരീരികമായ അവശതകൾ കാരണം ശ്രീനിവാസൻ ഇന്ന് സിനിമയിൽ സജീവമല്ല.

ജീവിതാനുഭവങ്ങളിൽ നിന്നാണ് തന്റെയും സത്യന്റെയും സിനിമകൾ ഉണ്ടാവുന്നതെന്നും നാടോടിക്കാറ്റും ഗാന്ധി നഗർ സെക്കന്റ്‌ സ്ട്രീറ്റുമൊക്കെ അങ്ങനെയാണ് ഉണ്ടായതെന്നും ശ്രീനിവാസൻ പറയുന്നു. പൊന്മുട്ടയിടുന്ന താറാവ് എന്ന ചിത്രം മോഹൻലാലിന് വേണ്ടി എഴുതിയ കഥയാണെന്നും എന്നാൽ അതിൽ തന്നോട് നായകനാവാൻ പറഞ്ഞത് ഇന്നസെന്റ് ആണെന്നും ശ്രീനിവാസൻ പറഞ്ഞു. മാതൃഭൂമി സ്റ്റാർ ആൻഡ്‌ സ്റ്റൈൽ മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സിനിമയ്ക്കുവേണ്ടി ഒന്നിക്കുന്ന ചങ്ങാത്തമായിരുന്നില്ല ഞങ്ങളുടേത്. ആകാശത്തിനുതാഴെയുള്ള പലവിഷയങ്ങളെ കുറിച്ചും സംസാരിച്ചു. പിന്നീടവയിൽ ചിലതെല്ലാം സിനിമകളായി പിറന്നു. ചുറ്റുപാടുകളിൽ നിന്ന് പലപ്പോഴും കഥാപാത്രങ്ങൾ ഞങ്ങളെ തേടിവരി കയായിരുന്നു.

ഞങ്ങൾ ഒന്നിച്ചിരിക്കുമ്പോൾ സിനിമയുടെ കഥകൾ വളരെ വേഗത്തിൽ തയ്യാറായി. ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ് അത്തരത്തിലൊന്നാണ്. സിനിമയുടെ പേരാണ് ആദ്യം ജനിച്ചത്. പിന്നീട് കഥാപാത്രങ്ങളെ സൃഷ്ടിക്കുകയായിരുന്നു. സമയമെടുത്ത് പൂർത്തിയാക്കിയ സിനിമയാണ് നാടോടിക്കാറ്റ്. ഏതാണ്ട് ഒരുവർഷം വേണ്ടിവന്നു.

രഘുനാഥ് പാലേരി എഴുതിയ പൊൻമുട്ടയിടുന്ന താറാവിൽ മോഹൻലാലിനെയായിരുന്നു ആദ്യം കേന്ദ്രകഥാപാത്രമായി കണ്ടിരുന്നത്. പിന്നീട് ഇന്നസെന്റാണ് തട്ടാൻ ഭാസ്ക്കരനായി എൻ്റെ പേര് നിർദേശിക്കുന്നത്. അച്ഛൻ നടത്തിയ ബസ് സർവീസിനെക്കുറിച്ച് ഒരിക്കൽ സത്യനോട് സംസാരിച്ചു.

അതിൽ നിന്നാണ് വരവേൽപ്പ് എന്ന സിനിമ ജനിക്കുന്നത്. മുൻകുട്ടി നിശ്ചയിച്ചൊരുക്കിയ കഥകളിൽ നിന്നല്ല ഞങ്ങളുടെ സിനിമകൾ പിറന്നത്. ഒന്നിനുപുറകെ ഒന്നായി സിനിമകൾ ചെയ്‌തകാലത്ത്, വർഷത്തിൽ കുടുംബത്തോടൊപ്പം കഴിഞ്ഞതിലും കൂടുതൽ ഞങ്ങൾ ഒരുമിച്ചാണ് ചിലവിട്ടത്. ഒരു മുറിയിൽ ഒരു കട്ടിലിൽ കഴിഞ്ഞു,’ശ്രീനിവാസൻ പറയുന്നു.

Content Highlight: Sreenivasan Talk About Ponmuttayidunna Tharav Movie Casting

We use cookies to give you the best possible experience. Learn more