| Thursday, 13th June 2024, 4:47 pm

പാച്ചുവും അത്ഭുതവിളക്കും കണ്ട് ഞാൻ സത്യനെ വിളിച്ചു, അവന്റെ കാര്യത്തിൽ ടെൻഷൻ വേണ്ട അവനെ വിട്ടേക്കെന്ന് പറഞ്ഞു: ശ്രീനിവാസൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിന് മികച്ച സിനിമകൾ സമ്മാനിച്ച കൂട്ടുകെട്ടാണ് ശ്രീനിവാസൻ – സത്യൻ അന്തിക്കാട്. സാധാരണക്കാരോട് ഏറ്റവും ചേർന്ന് നിൽക്കുന്ന ചിത്രങ്ങളാണ് ഇരുവരും എന്നും ഒരുക്കിയത്. അവസാനം ഒന്നിച്ച ഞാൻ പ്രകാശനും തിയേറ്ററിൽ സൂപ്പർ ഹിറ്റായിരുന്നു.

നാടോടിക്കാറ്റ്, സന്മനസ്സ് ഉള്ളവക്ക് സമാധാനം, ഗാന്ധി നഗർ സെക്കന്റ്‌ സ്ട്രീറ്റ്, വരവേൽപ്പ് തുടങ്ങി മോഹൻലാലിന്റെ കരിയറിലും വലിയ സ്വാധീനം ചെലുത്താൻ സത്യൻ അന്തിക്കാട് – ശ്രീനിവാസൻ സിനിമകൾക്ക് സാധിച്ചിട്ടുണ്ട്.

ഇരുവരുടെയും മക്കളും ഇന്ന് മലയാള സിനിമയിൽ തിരക്കുള്ളവരാണ്. ധ്യാൻ ശ്രീനിവാസനും വിനീത് ശ്രീനിവാസനും അഭിനയവും സംവിധാനവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോവുമ്പോൾ അഖിൽ സത്യനും അനൂപ് സത്യനും സംവിധാനത്തിൽ ഫോക്കസ് ചെയ്യുന്നവരാണ്. മക്കളുടെ സിനിമകൾ തങ്ങളുടെ സംസാരത്തിൽ കടന്ന് വരാറുണ്ടെന്നും ഈയിടെ പാച്ചുവും അത്ഭുതവിളക്കും കണ്ടപ്പോൾ താൻ അഖിലിനെ വിളിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാർ ആൻഡ്‌ സ്റ്റൈൽ മാഗസിനോട്‌ സംസാരിക്കുകയായിരുന്നു ശ്രീനിവാസൻ.

‘സിനിമയിൽ തലമുറമാറ്റം സംഭവിക്കുകയാണ്. സത്യന്റെയും എന്റെയും മക്കൾ സിനിമയാണ് തൊഴിലായി സ്വീകരിച്ചത്. അവരുടെ സിനിമകളും ഇന്ന് ഞങ്ങളുടെ സംസാരത്തിലേക്ക് കടന്നുവരാറുണ്ട്. അടുത്തിടെ സത്യന്റെ മകന്റെ സിനിമ കണ്ടപ്പോൾ ഞാൻ അഖിലിനെ (അഖിൽ സത്യൻ) വിളിച്ചു.

പാച്ചുവും ഹംസ്വധ്വനിയും തമ്മിലുള്ള രംഗങ്ങളെല്ലാം മനസിൽ സ്വാധീനിക്കുന്നതായിരുന്നു. സിനിമ ഇഷ്ടമായതായി അറിയിച്ചു. അച്ഛൻമാർക്ക് മക്കളുടെ ഭാവിയെക്കുറിച്ച് ആധികളുണ്ടാകുന്നത് സ്വാഭാവികമാണ്.

‘പാച്ചുവും അത്ഭുതവിളക്കും’ കണ്ടപ്പോൾ ഞാൻ സത്യനെ വിളിച്ചു പറഞ്ഞത് അഖിലിന്റെ കാര്യത്തിൽ ടെൻഷൻവേണ്ട, അവനെ വിട്ടേക്ക് എന്നാണ്. അനൂപിൻ്റെ ‘വരനെ ആവശ്യമുണ്ട്’ കണ്ടപ്പോഴും ഇതു തന്നെയാണ് തോന്നിയത്. മക്കൾ അവരുടെ സ്വന്തം ഇടങ്ങൾ കണ്ടെത്തി ക്കഴിഞ്ഞിരിക്കുന്നു,’ശ്രീനിവാസൻ പറയുന്നു.

Content Highlight: Sreenivasan Talk About Pachuvum Albutha Villakum Movie

We use cookies to give you the best possible experience. Learn more