| Sunday, 21st February 2021, 2:35 pm

കാഞ്ചനയെ വില്ലത്തിയാക്കി മാറ്റാമായിരുന്നു, അത് ചെയ്യാത്തതിന് കാരണമുണ്ട്; തലയണമന്ത്രം സിനിമയെക്കുറിച്ച് ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് തലയണമന്ത്രം. ഹിറ്റായി മാറിയ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ശ്രീനിവാസന്റെയും ഉര്‍വശിയുടെയും അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കാഞ്ചന എന്ന ഉര്‍വശിയുടെ കഥാപാത്രത്തെക്കുറിച്ചാണ് വനിതയില്‍ ശ്രീനിവാസന്‍ അനുഭവം പങ്കുവെയ്ക്കുന്നത്.

വേണമെങ്കില്‍ കാഞ്ചനയെ ഒരു ദുഷ്ടകഥാപാത്രമാക്കി മാറ്റാമായിരുന്നെന്നും എന്നാല്‍ അങ്ങനെ ചെയ്യുന്നത് കാഞ്ചനയോട് കാണിക്കുന്ന ക്രൂരതയായിപ്പോവുമെന്ന് തോന്നിയെന്നും ശ്രീനിവാസന്‍ പറയുന്നു.

‘കാഞ്ചന പാവം സ്ത്രീയാണ്. ഭര്‍ത്താവിനോടും കുഞ്ഞിനോടും സ്‌നേഹമുള്ളവളാണ്. അതിരുവിടുന്ന ഡാന്‍സ് മാസ്റ്ററുടെ മുഖത്ത് ആഞ്ഞടിക്കാന്‍ മടിയില്ലാത്ത മലയാളിപ്പെണ്ണ്. വിവരമില്ലായ്മകൊണ്ട് കാട്ടിക്കൂട്ടുന്ന ചില പ്രവൃത്തികളാണ് അവളെ കുഴപ്പങ്ങളില്‍ ചാടിപ്പിക്കുന്നത്. ആ തെറ്റ് തിരുത്താന്‍ അവസരമുണ്ടാക്കിയാണ് സിനിമ അവസാനിക്കുന്നത്,’ശ്രീനിവാസന്‍ പറയുന്നു.

അവളിലെ നിഷ്‌കളങ്കത കൊണ്ടാണ് നമുക്കിപ്പോഴും കാഞ്ചനയെ ഇഷ്ടപ്പെടുന്നതെന്നും അല്ലെങ്കില്‍ മലയാളസിനിമയില്‍ ഉണ്ടായിട്ടുള്ള നൂറുകണക്കിന് വില്ലത്തിമാരില്‍ ഒരാളായി കാഞ്ചന മാറിയേനെയെന്നും ശ്രീനിവാസന്‍ പറഞ്ഞു.

തലയണമന്ത്രത്തിന്റെ തിരക്കഥാകൃത്തായ താനാണ് കാഞ്ചന എന്ന കഥാപാത്രത്തെക്കുറിച്ച് സത്യന്‍ അന്തിക്കാടിനോട് ആദ്യം പറഞ്ഞതെന്നും എന്നാല്‍ ഷൂട്ടിങ്ങ് നടന്നുകൊണ്ടിരിക്കുമ്പോഴും തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയായിരുന്നുവെന്നും ശ്രീനിവാസന്‍ പറഞ്ഞു.

‘കഥയായില്ല, കഥാപാത്രങ്ങളായില്ല, ഷൂട്ടിങ്ങ് തുടങ്ങാന്‍ ആറു ദിവസം മാത്രം ബാക്കി. പിന്നീട് എങ്ങനെയോ പറഞ്ഞ ഡേറ്റില്‍ ഷൂട്ടിങ്ങ് ആരംഭിച്ചു. ഒരേ വീടിന്റെ ഒരു വശത്ത് ഷൂട്ടിങ്ങ്. മറുവശത്തിരുന്ന് തിരക്കഥയെഴുത്ത്. ചുരുക്കിപ്പറഞ്ഞാല്‍ ഫുള്‍ടൈം ലൊക്കേഷന്‍ സ്‌ക്രിപ്റ്റാണ് തലയണമന്ത്രത്തിന്റേത്,’ശ്രീനിവാസന്‍ പറയുന്നു.

കാഞ്ചനയെന്ന കഥാപാത്രത്തിന് ഉര്‍വശിക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവര്‍ഡ് കിട്ടിയെന്നും തലയണമന്ത്രത്തിന്റെ ഷൂട്ടിങ്ങ് നടക്കുമ്പോള്‍ മഴവില്‍ക്കാവടിയിലെ അഭിനയത്തിനും സംസ്ഥാന അവാര്‍ഡ് കിട്ടിയിരുന്നെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Sreenivasan shares experience about Urvashi and Thalayanamanthram

Latest Stories

We use cookies to give you the best possible experience. Learn more