സ്റ്റേജ് ഷോ ചെയ്യുന്നതിനായി വിദേശത്ത് പോയപ്പോഴുണ്ടായ അപത്രീക്ഷിത സംഭവത്തെക്കുറിച്ച് തുറന്നുപറയുകയാണ് നടന്‍ ശ്രീനിവാസന്‍. ഖത്തറില്‍ ഷോ അവതരിപ്പിക്കാന്‍ പോയപ്പോള്‍ നടീനടന്‍മാരെല്ലാം നിന്നിരുന്ന ഹോട്ടലില്‍ വെച്ചുണ്ടായ സംഭവത്തിന്റെ ഓര്‍മകളാണ് ശ്രീനിവാസന്‍ കൈരളിയില്‍ പങ്കുവെച്ചത്.
‘മമ്മൂട്ടിയും മറ്റ് നിരവധി നടീനടന്‍മാരും അടങ്ങിയ ഞങ്ങളുടെ സംഘം ഖത്തറിലെ ഒരു ഹോട്ടലിലാണ് താമസിച്ചിരുന്നത്. ഭക്ഷണം റൂമിലേക്ക് കൊണ്ടുവരാന്‍ കഴിയില്ലെന്നും റസ്റ്റോറന്റില്‍ പോയി ഭക്ഷണം കഴിക്കണമെന്നും ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞപ്പോള്‍ നടീനടന്‍മാരെല്ലാം അങ്ങനെ ചെയ്തു. റസ്റ്റോറന്റില്‍ എത്തിയപ്പോള്‍ അതിനകത്ത് തിങ്ങിക്കൂടി നില്‍ക്കുന്ന ജനങ്ങളുണ്ടായിരുന്നു. തിരക്കിനിടയിലൂടെ ഞങ്ങളെല്ലാം ഭക്ഷണം കഴിക്കാന്‍ ഇരുന്നപ്പോള്‍ ആളുകള്‍ അടുത്ത് വന്ന് ഫോട്ടോ എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരുന്നു.
ആരാധകരുടെ തിരക്കു കാരണം ഭക്ഷണം കഴിക്കാന്‍ കഴിയാതെ വന്നപ്പോള്‍ പതിവുപോലെ മമ്മൂട്ടി അവരോട് പൊട്ടിത്തെറിച്ചു. ഭക്ഷണം കഴിക്കാനും അനുവദിക്കില്ലേ എന്ന് ചോദിച്ചായിരുന്നു ദേഷ്യപ്പെട്ടത്. ഉടന്‍ തന്നെ അധികം ചൂടാവല്ലേ മിസ്റ്റര്‍ ഞങ്ങള്‍ ടിക്കറ്റെടുത്താണ് വന്നിരിക്കുന്നതെന്ന് ഒരു ആരാധകന്‍ മറുപടി പറഞ്ഞു.
അപ്പോഴാണ് തങ്ങള്‍ക്ക് മനസ്സിലായത് സ്റ്റേജ് ഷോയുടെ സംഘാടകരുടെ ചതിയായിരുന്നു അതെന്ന്. സിനിമാതാരങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിക്കാമെന്നൊരു പരിപാടിയുണ്ടാക്കി ആളുകളില്‍ നിന്ന് ടിക്കറ്റ് വാങ്ങി സംഘാടകര്‍ നടത്തിയതായിരുന്നു ആ പ്രോഗ്രാം,’ ശ്രീനിവാസന്‍ പറഞ്ഞു.