| Friday, 25th June 2021, 8:05 am

'അഭിനയിച്ചതിന് മമ്മൂട്ടി കാശ് വാങ്ങിയിട്ടില്ല, ലൂമിയര്‍ ഫിലിം കമ്പനിക്ക് കാശ് വാങ്ങിക്കാത്തവരോടാണ് ഇഷ്ടം'; ശ്രീനിവാസന്‍ പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എം.മോഹനന്‍ സംവിധാനം ചെയ്ത് ശ്രീനിവാസന്‍ തിരക്കഥയും സഹനിര്‍മ്മാണവും നിര്‍വ്വഹിച്ച ചിത്രമാണ് കഥ പറയുമ്പോള്‍. കഥ പറയുമ്പോഴിന്റെ വിജയാഘോഷത്തില്‍ ശ്രീനിവാസന്‍ പറയുന്ന വാക്കുകളാണ് വീണ്ടും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്.

ചിത്രത്തില്‍ അശോക് രാജായി വേഷമിട്ട മമ്മൂട്ടി അഭിനയിച്ചതിന് കാശ് വാങ്ങിയിട്ടില്ലെന്നാണ് ശ്രീനിവാസന്‍ തുറന്നു പറയുന്നത്. നടന്‍ മുകേഷും ശ്രീനിവാസനും ചേര്‍ന്ന് നടത്തുന്ന നിര്‍മ്മാണകമ്പനിയായ ലൂമിയര്‍ ഫിലിം കമ്പനിക്ക് കാശ് വാങ്ങിക്കാത്തവരോടാണ് കൂടുതല്‍ ഇഷ്ടമെന്നും ചടങ്ങില്‍ ചിരിച്ചുകൊണ്ട് ശ്രീനിവാസന്‍ പറയുന്നുണ്ട്. ഇതുപോലെ തുടര്‍ന്നും കാശ് വാങ്ങാതെ എല്ലാവരും തങ്ങളോട് അഭിനയിച്ച് സഹകരിക്കണമെന്നും ശ്രീനിവാസന്‍ പറയുന്നു.

ലൂമിയര്‍ ഫിലിം കമ്പനി തുടങ്ങിയതിനെക്കുറിച്ച് ശ്രീനിവാസന്‍ നേരത്തേ മറ്റൊരഭിമുഖത്തില്‍ പറഞ്ഞിരുന്നു.

‘ഞങ്ങള്‍ ലൂമിയര്‍ ഫിലിം കമ്പനി എന്ന ബാനര്‍ ഉണ്ടാക്കുന്നത് അപ്രതീക്ഷിതമായിട്ടാണ്. മുകേഷിന് അറിയാവുന്ന രണ്ടുപേര്‍ക്ക് സിനിമ നിര്‍മ്മിക്കാന്‍ ആഗ്രഹമുണ്ടെന്നും എന്തെങ്കിലും കഥയുണ്ടേല്‍ പറയണമെന്നും മുകേഷ് പറഞ്ഞിരുന്നു. എന്റെ മനസില്‍ ഒരു കഥ വന്നപ്പോള്‍ ഞാന്‍ അത് മുകേഷിനോട് പറഞ്ഞു. അങ്ങനെ മുകേഷിന്റെ പരിചയക്കാര്‍ സിനിമ നിര്‍മ്മിക്കട്ടെ എന്ന് തീരുമാനിച്ചു.

പക്ഷേ അവര്‍ക്ക് ആ സമയത്ത് എന്തോ ഫണ്ട് റെഡിയായില്ല. അങ്ങനെയൊരു അവസരത്തില്‍ മുകേഷ് എന്നോട് ചോദിച്ചു. ഇത് നമുക്ക് തന്നെ നിര്‍മ്മിച്ചാലോ എന്ന്. അങ്ങനെയാണ് ലൂമിയര്‍ ഫിലിം കമ്പനി സംഭവിക്കുന്നത്,’ ശ്രീനിവാസന്‍ അഭിമുഖത്തില്‍ പറഞ്ഞു. അതേസമയം ശ്രീനിവാസന്‍ ബാര്‍ബര്‍ ബാലനായി എത്തിയ ചിത്രത്തില്‍ മീനയാണ് നായികാവേഷത്തില്‍ അഭിനയിച്ചത്.

ബാര്‍ബര്‍ ബാലന് സൂപ്പര്‍സ്റ്റാര്‍ അശോക് രാജുമായുളള ബന്ധം നാട്ടുകാര്‍ അറിയുന്നതും തുടര്‍ന്നുനടക്കുന്ന സംഭവവികാസങ്ങളുമാണ് സിനിമയില്‍ കാണിച്ചത്. അതിഥി വേഷത്തിലാണ് കഥ പറയുമ്പോള്‍ സിനിമയില്‍ മമ്മൂട്ടി എത്തിയത്. സിനിമ പിന്നീട് മറ്റ് ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ മലയാളത്തില്‍ വിജയമായതുപോലെ മറ്റു ഭാഷകളില്‍ റീമേക്ക് സിനിമകള്‍ വിജയം നേടിയില്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Sreenivasan shares experience about Mammootty

We use cookies to give you the best possible experience. Learn more