മലയാളത്തിന് മികച്ച സിനിമകൾ സമ്മാനിച്ച കൂട്ടുകെട്ടാണ് ശ്രീനിവാസൻ – സത്യൻ അന്തിക്കാട്. സാധാരണക്കാരോട് ഏറ്റവും ചേർന്ന് നിൽക്കുന്ന ചിത്രങ്ങളാണ് ഇരുവരും എന്നും ഒരുക്കിയത്. അവസാനം ഒന്നിച്ച ഞാൻ പ്രകാശനും തിയേറ്ററിൽ സൂപ്പർ ഹിറ്റായിരുന്നു.
നാടോടിക്കാറ്റ്, സന്മനസ്സ് ഉള്ളവക്ക് സമാധാനം, ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റ്, വരവേൽപ്പ് തുടങ്ങി മോഹൻലാലിന്റെ കരിയറിലും വലിയ സ്വാധീനം ചെലുത്താൻ സത്യൻ അന്തിക്കാട് – ശ്രീനിവാസൻ സിനിമകൾക്ക് സാധിച്ചിട്ടുണ്ട്.
എന്നാൽ തങ്ങൾ ഒരുക്കിയ സിനിമകളോട് വിയോജിപ്പ് ഉള്ളവരും സമൂഹത്തിൽ ഉണ്ടെന്നും സന്ദേശം എന്ന ചിത്രം കണ്ട് ചിലർ ഭീഷണി കത്തുകൾ അയച്ചിരുന്നുവെന്നും ശ്രീനിവാസൻ പറയുന്നു. സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പ്രതികൂല സാഹചര്യങ്ങളിൽ പോലും സംയമനം പാലിച്ച് സൗമ്യമായി കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള വഴക്കം സത്യനുണ്ട്. സത്യനിൽ ഞാൻ കണ്ട ഏറ്റവും വലിയ ഗുണം അതാണ്.
ഞങ്ങളൊരുക്കിയ സിനിമകളോട് വിയോജിപ്പുള്ള കൂട്ടരും സമൂഹത്തിലുണ്ട്. സിനിമയിലെ തമാശകളിൽ പരിഹാസ്യരായെന്ന് തോന്നിയപ്പോൾ, അവർ ഞങ്ങൾക്കെതിരെ തിരിഞ്ഞു. ഊമക്കത്തുകളിലൂടെ പ്രതിഷേധം പ്രകടിപ്പിച്ചു.
ഭീഷണിയുടെ സ്വഭാവമായിരുന്നു പലതിനും. അതെല്ലാം വായിച്ച് ഞാനും സത്യനും ഒരുപാട് ചിരിച്ചു. സന്ദേശം ഇറങ്ങിയപ്പോഴാണ് കത്തുകൾ കൂടുതലായി ലഭിച്ചത്. നീ ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം ഞങ്ങൾ വാങ്ങിത്തന്നതാടാ..,എന്നെല്ലാം എഴുതി അയച്ചവരുണ്ട്.
ദിവസവും കാണുന്നില്ലെങ്കിലും ഇന്നും ജീവിതത്തിൻ്റെ സന്തോഷങ്ങളും പ്രധാനകാര്യങ്ങളുമെല്ലാം പരസ്‌പരം ഞങ്ങൾ പങ്കുവെക്കുന്നുണ്ട്,’ശ്രീനിവാസൻ പറയുന്നു.
Content Highlight: Sreenivasan Shares A Memory About Sandhesham Movie