മമ്മൂട്ടിയുമായുള്ള രസകരമായ ഒരു അനുഭവം പങ്കുവെക്കുകയാണ് നടന്‍ ശ്രീനിവാസന്‍. ഒരു സിനിമയുടെ ഡേറ്റിന് വേണ്ടി മമ്മൂട്ടിയെ കാണാന്‍ പോയപ്പോഴുണ്ടായ സംഭവമാണ് ശ്രീനിവാസന്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് കേരളക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
ഉദയനാണ് താരം എന്ന സിനിമയില്‍ സൂപ്പര്‍ താരങ്ങളെ കളിയാക്കുന്ന രീതിയില്‍ ചില രംഗങ്ങള്‍ ഉള്‍പ്പെടുത്തിയതിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മമ്മൂട്ടിയുടെ കൂളിങ് ഗ്ലാസ് പ്രണയത്തെ കുറിച്ചും തനിക്കുണ്ടായ ഒരു അനുഭവത്തെ കുറിച്ചുമൊക്കെ ശ്രീനിവാസന്‍ സംസാരിച്ചത്.
‘ഉദയനാണ് താരം എന്റെ തലയിലുദിച്ച കഥയല്ല. റോഷന്‍ പറഞ്ഞപ്പോള്‍ സമാന്തരമായി എന്റെ മനസിലൂടെ പോയ കാര്യമാണ്. പിന്നെ സിനിമയില്‍ കണ്ട ചില കാര്യങ്ങള്‍ ഞാന്‍ അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു സിനിമയുടെ ഡേറ്റ് സംസാരിക്കാന്‍ വേണ്ടി കോഴിക്കോട് ഒരു ഹോട്ടലില്‍ ഞാന്‍ മമ്മൂട്ടിയെ കാണാന്‍ പോകുകയാണ്.
കമലും ഞാനും മാധവന്‍ നായരും കൂടിയാണ് പോകുന്നത്. അങ്ങനെ ഞങ്ങള്‍ താമസിക്കുന്ന ഹോട്ടലില്‍ നിന്നും ഞാന്‍ ഇറങ്ങിയപ്പോള്‍ അവിടെ വെച്ച് സൗദിയില്‍ നിന്നെത്തിയ എന്റെ ഒരു സുഹൃത്തിനെ കണ്ടു. പുള്ളി എനിക്കൊരു കൂളിങ് ഗ്ലാസ് തന്നു. ഞാന്‍ കൂളിങ് ഗ്ലാസ് വെക്കാത്ത ആളാണ്. എങ്കിലും അദ്ദേഹം തന്നതല്ലേ എന്ന് കരുതി ഞാന്‍ അത് വാങ്ങി കയ്യില്‍ വെച്ചു.
അങ്ങനെ മമ്മൂട്ടിയുടെ റൂമിന്റെ മുന്നില്‍ എത്തി ബെല്ലടിക്കുമ്പോള്‍ എനിക്കൊരു തമാശ തോന്നി. ഞാന്‍ കൂളിങ് ഗ്ലാസ് എടുത്തുവെച്ചു. രാത്രിയാണ്. മമ്മൂട്ടിയാണെങ്കില്‍ കൂളിങ് ഗ്ലാസിന്റെ ആളാണ്.
വാതില്‍ തുറന്ന് എന്നെ കണ്ടപ്പോള്‍ തുറിച്ചൊരു നോട്ടം. എന്നോടുള്ള വെല്ലുവിളിയാണോ എന്ന മട്ടില്‍. എനിക്കൊപ്പമുള്ള കമലിനേയും മാധവന്‍നായരേയും മമ്മൂട്ടി കണ്ടതേയില്ല(ചിരി)
ഞാന്‍ സാധാരണ കൂളിങ് ഗ്ലാസ് വെക്കുന്ന ആളല്ല. ഇങ്ങ് വന്നേയെന്ന് പറഞ്ഞ് എന്നെ അടുത്ത മുറിയിലേക്ക് കൊണ്ടുപോയി. അവിടെയുള്ള ഒരു സ്യൂട്ട് കേസ് തുറന്ന് അതില്‍ നിന്ന് ഒരു കൂളിങ് ഗ്ലാസ് എടുത്ത് വെച്ച് എന്നെ നോക്കി ഒന്ന് തലകുലുക്കി. എന്നോട് കളിക്കേണ്ട എന്ന മട്ടില്‍. ഞാന്‍ നോക്കുമ്പോള്‍ ആ പെട്ടില്‍ പതിനേഴ് കൂളിങ് ഗ്ലാസുണ്ട്,’ ശ്രീനിവാസന്‍ പറഞ്ഞു.
വിധിയില്‍ വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് വിധിയില്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും വിധി സംഭവിച്ചുകൊണ്ടേയിരിക്കുമെന്നായിരുന്നു ശ്രീനിവാസന്റെ മറുപടി.
നമ്മള്‍ വിചാരിച്ചതുപോലെയല്ല ഒന്നും നടക്കുന്നത്. അതിനല്ലേ വിധി എന്ന് പറയുന്നത്. നിമിത്തങ്ങള്‍. കഥ പറയുമ്പോള്‍ എന്ന സിനിമയില് മമ്മൂട്ടിയുടെ കഥാപാത്രം നിമിത്തത്തെ കുറിച്ച് പറയുന്നുണ്ട്.
ഈ സ്‌കൂളില്‍ എത്തിച്ചേരുക എന്നത് നിമിത്തമായിരുന്നു എന്ന്. അത് ഞാന്‍ എഴുതിയതാണ്. നിമിത്തമാണ് അത്. വിധിയാണോ എന്നറിയില്ല. ഞാന്‍ ദൈവത്തിന്റെ ആളൊന്നുമല്ല. ദൈവത്തില്‍ വിശ്വസിക്കാന്‍ തക്ക ദൈവങ്ങളൊന്നും എന്റെ മുന്നില്‍ വന്നിട്ടുമില്ല,’ ശ്രീനിവാസന്‍ പറഞ്ഞു.
Content Highlight: Sreenivasan Share a Funny Moment with Mammootty