| Monday, 22nd May 2023, 2:05 pm

ഒരു ചാനല്‍ 50000 രൂപ തരാനുണ്ട്, അഞ്ച് കൊല്ലമായി, കള്ളന്മാര്‍ ഇതുവരെ തന്നിട്ടില്ല: ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

50000 രൂപ അവാര്‍ഡ് നല്‍കാമെന്ന് പറഞ്ഞ ചാനലുകാര്‍ തന്നെ പറ്റിച്ചെന്ന് ശ്രീനിവാസന്‍. ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കിയതിന് ശേഷം തനിക്ക് പണം ലഭിച്ചില്ലെന്നും അഞ്ച് വര്‍ഷമായി പറ്റിച്ചുകൊണ്ടിരിക്കുകയാണെന്നും ശ്രീനിവാസന്‍ പറഞ്ഞു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിവാസന്റെ പരാമര്‍ശങ്ങള്‍.

‘ഒരു ചാനല്‍ 50000 രൂപ തരാനുണ്ട്. കള്ളന്മാര്‍ ഇതുവരെ തന്നിട്ടില്ല. അഞ്ച് കൊല്ലമായി. ഞാന്‍ തൃശ്ശൂരില്‍ സ്‌ക്രിപ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നതിനിടയില്‍ അവാര്‍ഡുണ്ടെന്ന് പറഞ്ഞു. എനിക്ക് വരാന്‍ പറ്റില്ല, ഞാന്‍ ഒരു ജോലി ചെയ്തുകൊണ്ടിരിക്കുകയാണ് എന്ന് പറഞ്ഞു. അവാര്‍ഡുണ്ട്, 50000 രൂപയാണ് എന്ന് പറഞ്ഞ് കുറെ നിര്‍ബന്ധിച്ചു. ആളെ പേഴ്‌സണലായി അറിയാവുന്നത് കൊണ്ട് ഞാന്‍ വരാമെന്ന് പറഞ്ഞു.

അങ്ങനെ അങ്കമാലിയില്‍ വെച്ച് നടന്ന പരിപാടിയില്‍ ഞാന്‍ എത്തി. എന്തോ ലൈഫ് ടൈം അച്ചീവ്‌മെന്റ് എന്ന് പറഞ്ഞ് ഭയങ്കര പേരുള്ള അവാര്‍ഡാണ്, കേട്ടാല്‍ ഞെട്ടി പോകും അങ്ങനത്തെ ഒരു പേര്. നമ്മള്‍ അച്ചീവ് ചെയ്തിട്ടില്ല ഒന്നും പക്ഷേ, ഇത് കേട്ടപ്പോള്‍ എന്തൊക്കെയോ ഞാന്‍ അച്ചീവ് ചെയ്‌തെന്ന് തോന്നി.

അങ്ങനെ 50000 രൂപയുടെ ഒരു കവര്‍ എനിക്ക് തന്നു. ചേട്ടാ അതൊരു ഫേക്ക് സാധനമാണ് തന്നത്. പൈസ തരുന്നുണ്ട് ഒന്ന് അക്കൗണ്ട് നമ്പര്‍ അയച്ചു തരണേ എന്ന് പറഞ്ഞു. ഞാന്‍ അക്കൗണ്ട് നമ്പര്‍ അയച്ചു. അതിനു ശേഷം ഇതേ കള്ളന്‍ ക്ലോസ് ചെയ്ത ഒരു ചെക്കും ആധാര്‍ കാര്‍ഡും വേണമെന്ന് പറഞ്ഞു.

എനിക്ക് നാഷ്ണല്‍ അവാര്‍ഡ് കിട്ടിയിട്ടുണ്ട്. അതിനും പൈസ ഉണ്ടായിരുന്നു. അവര്‍ അന്ന് അക്കൗണ്ട് നമ്പര്‍ ചോദിച്ച് പൈസ അയച്ചിരുന്നു. അപ്പോള്‍ കേന്ദ്രസര്‍ക്കാരിന് പോലും ആവശ്യമില്ലാത്ത സാധനങ്ങളാണ് ഇവര്‍ ആവശ്യപ്പെടുന്നത്. എന്റെ ജാതകം വരെ ഇവര്‍ക്ക് വേണം. അവിടെ ചെന്ന് ചോദിച്ചിട്ടും മുഴുവന്‍ കള്ളങ്ങളാണ് പറഞ്ഞത്,’ ശ്രീനിവാസന്‍ പറഞ്ഞു.

Content Highlight: sreenivasan says that a channel cheated him

We use cookies to give you the best possible experience. Learn more