Entertainment
വലിയ സമ്മാനങ്ങളുമായി അവര്‍ കാത്തുനില്‍ക്കും, കുട്ടികളെ ഒക്കത്തെടുക്കേണ്ടി വരും എന്നുള്ളതുകൊണ്ട് ഞങ്ങള്‍ പോവില്ല; അനുഭവം പറഞ്ഞ് ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Jun 26, 10:43 am
Saturday, 26th June 2021, 4:13 pm

സ്റ്റേജ് ഷോകള്‍ ചെയ്യുന്നതിനായി വിദേശത്ത് പോയപ്പോഴുണ്ടായ അനുഭവങ്ങള്‍ തുറന്നുപറയുകയാണ് നടന്‍ ശ്രീനിവാസന്‍. ഒരിക്കല്‍ മമ്മൂട്ടിക്കും മറ്റ് താരങ്ങള്‍ക്കുമൊപ്പം ഗള്‍ഫില്‍ സ്റ്റേജ് ഷോ ചെയ്യാന്‍ പോയപ്പോള്‍ അവിടെ വെച്ചുണ്ടായ സംഭവങ്ങളെക്കുറിച്ചാണ് ശ്രീനിവാസന്‍ കൈരളിയില്‍ പറയുന്നത്.

നടീനടന്‍മാര്‍ താമസിക്കുന്ന ഹോട്ടലിന് മുന്നിലും റൂമിന് പുറത്തും ആരാധകരായ ആളുകള്‍ ഫോട്ടോ എടുക്കാനായി വന്ന് കാത്ത് നില്‍ക്കുന്നത് പതിവാണെന്ന് ശ്രീനിവാസന്‍ പറയുന്നു.

‘കൈ നിറയെ സമ്മാനങ്ങളുമായാണ് ആരാധകര്‍ കാത്ത് നില്‍ക്കുക. വില കൂടിയ ഷര്‍ട്ടുകള്‍, സാരികള്‍, വാച്ച് തുടങ്ങി പലവിധ സമ്മാനങ്ങളുമുണ്ടാവും. താരങ്ങള്‍ക്കൊപ്പം നിന്ന് ഫോട്ടോയെടുക്കുക എന്നതാണ് അവരുടെ ആവശ്യം.

പരിചയമില്ലാത്തവരില്‍ നിന്ന് സമ്മാനങ്ങള്‍ വാങ്ങുന്നതിന് ലജ്ജയായതുകൊണ്ട് ഞാനും കൊച്ചിന്‍ ഹനീഫയും ഫോട്ടോ എടുക്കുമെങ്കിലും സമ്മാനം മേടിക്കില്ലായിരുന്നു,’ ശ്രീനിവാസന്‍ പറയുന്നു.

ഫോട്ടോക്കായി പോസ് ചെയ്യുമ്പോള്‍ തങ്ങളുടെ കുട്ടികളെ ഒക്കത്തെടുത്ത് പോസ് ചെയ്യാമോയെന്ന് ആരാധകര്‍ ചോദിക്കുമെന്നും ഒടുക്കം കുട്ടികളെ എടുത്ത് കൈ കുഴഞ്ഞപ്പോള്‍ താനും കൊച്ചിന്‍ ഹനീഫയും ആരാധകരെ കണ്ടാല്‍ അവിടേക്ക് പോവാതായെന്നും ശ്രീനിവാസന്‍ പറയുന്നു.

ചില ആരാധകര്‍ ഹോട്ടല്‍ മുറിക്ക് മുന്നില്‍ വന്ന് കാത്ത് നില്‍ക്കുന്നത് വാതിലിന്റെ കീ ഹോളിലൂടെ കണ്ട് കഴിഞ്ഞാല്‍ വാതില്‍ തുറക്കാതായെന്നും ശ്രീനിവാസന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Sreenivasan says about his foreign tour