| Sunday, 27th June 2021, 10:38 am

മിക്ക സിനിമകളിലും വിജയന്‍ എന്ന പേര് വരാന്‍ കാരണം?; രസകരമായ മറുപടിയുമായി ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളെ രസിപ്പിച്ച നടനാണ് ശ്രീനിവാസന്‍. ഹാസ്യവും സ്വഭാവ കഥാപാത്രങ്ങളും തന്റെ കൈയ്യില്‍ ഭദ്രമാണെന്ന് തെളിയിച്ച അദ്ദേഹം തിരക്കഥാകൃത്തെന്ന നിലയിലും സംവിധായകനെന്ന നിലയിലും പ്രശംസ ഏറ്റുവാങ്ങുന്നു.

ശ്രീനിവാസന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മിക്ക ചിത്രങ്ങളിലും അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പേര് വിജയന്‍ എന്നായിരുന്നുവെന്ന് ഒരു പ്രേക്ഷകന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇതിനുള്ള കാരണമെന്തെന്ന ചോദ്യത്തിന് ശ്രീനിവാസന്‍ നല്‍കിയ മറുപടി വീണ്ടും ചര്‍ച്ചയാകുകയാണ്. 2003ല്‍ കൈരളി ചാനലില്‍ അദ്ദേഹം അവതരിപ്പിച്ച ചാറ്റ് ഷോ ആയ ചെറിയ ശ്രീനിയും വലിയ ലോകവും പരിപാടിക്കിടെയാണ് വിജയന്‍ എന്ന പേര് ആവര്‍ത്തിക്കാനുള്ള കാരണം അദ്ദേഹം വ്യക്തമാക്കിയത്.

‘നാടോടിക്കാറ്റ്, പട്ടണപ്രവേശം, അക്കരെയക്കരെ, ചിന്താവിഷ്ടയായ ശ്യാമള എന്നീ സിനിമകളില്‍ എല്ലാം എന്റെ കഥാപാത്രത്തിന്റെ പേര് വിജയന്‍ എന്നായിരുന്നു. ശരിക്കും പറഞ്ഞാല്‍ വിജയന്‍ എന്ന പേരിനോട് എനിക്ക് അത്ര വലിയ താല്‍പ്പര്യമൊന്നുമില്ല.

പിന്നെ, ദാസനും വിജയനും എന്ന പേര് നാടോടിക്കാറ്റ് എന്ന സിനിമയിലാണ് ആ രണ്ട് കഥാപാത്രങ്ങള്‍ക്ക് ഇടുന്നത്. അപ്പോള്‍ രണ്ടാമത്തെ സിനിമയില്‍ അതേ കഥാപാത്രങ്ങള്‍ക്ക് പേര് മാറ്റാന്‍ പറ്റില്ലല്ലോ.

മൂന്നാമത്തെ സിനിമയിലും ആ പേര് തന്നെയല്ലെ ഉപയോഗിക്കാന്‍ പറ്റുള്ളു. പക്ഷെ ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തില്‍ എന്റെ കഥാപാത്രത്തിന്റെ പേര് വിജയന്‍ എന്ന് ഇട്ടത്, അതെന്റെ ഒരു സൂത്രമാണെന്ന് വിചാരിച്ചോളൂ.

കാരണം ഈ മൂന്ന് സിനിമകളിലൂടെ പ്രശസ്തമായ പേരാണ് വിജയന്‍. ചിന്താവിഷ്ടയായ ശ്യാമളയിലും അതേ പേരില്‍ വന്നാല്‍ ആളുകള്‍ക്ക് പെട്ടെന്ന് ദഹിക്കും ഈ പേര് എന്നുള്ള ചിന്തയില്‍ നിന്നാണ് വിജയന്‍ എന്ന പേര് വീണ്ടും ആവര്‍ത്തിച്ചത്. സത്യം പറഞ്ഞാല്‍ വിജയന്‍ എന്ന പേരിനോട് എനിക്ക് ദേഷ്യമാണ്,’ ശ്രീനിവാസന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Sreenivasan Reveals Story About Name

We use cookies to give you the best possible experience. Learn more