| Monday, 19th June 2023, 11:02 am

ആ ചിത്രം സംവിധാനം ചെയ്യുമ്പോൾ എനിക്ക് ധ്യാനിനോട് ബഹുമാനം തോന്നി, ചുരുങ്ങിയ സമയംകൊണ്ട് അവൻ ഇത്രയൊക്കെ പഠിച്ചല്ലോ: ശ്രീനിവാസൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലവ് ആക്ഷൻ ഡ്രാമ സംവിധാനം ചെയ്തപ്പോൾ തനിക്ക് ധ്യാൻ ശ്രീനിവാസനോട് ബഹുമാനം തോന്നിയെന്ന് നടൻ ശ്രീനിവാസൻ. ചുരുങ്ങിയ കാലം കൊണ്ട് അത്രയും അറിവുകൾ സംവിധാന രംഗത്തെക്കുറിച്ച് ധ്യാൻ മനസിലാക്കിയെന്നും നടൻ എന്നതിലുപരി ധ്യാനിന്റെ സംവിധാന രംഗത്തെ പ്രവർത്തനങ്ങളാണ് ഇഷ്ടമെന്നും അദ്ദേഹം പറഞ്ഞു. ബിഹൈൻഡ് വുഡ്‌സ് ഐസ് എന്ന യൂട്യൂബ് ചാനൽ നടത്തിയ ഷോയിൽ വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷോയിൽ ധ്യാൻ പങ്കെടുത്തിരുന്നു.

‘ധ്യാൻ ആദ്യം സംവിധാനം ചെയ്ത ലവ് ആക്ഷൻ ഡ്രാമ എന്ന സിനിമയിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. അവന്റെ അവിടുത്തെ പ്രവർത്തികളിൽ എനിക്ക് അഭിമാനം തോന്നി. ഇത്രയൊക്കെ ചുരുങ്ങിയ കാലംകൊണ്ട് ഇവൻ പഠിച്ചല്ലോ എന്നാണ് എനിക്ക് തോന്നിയത്. അതുകൊണ്ട് ഇവനിലെ സംവിധായകനെയാണ് എനിക്കിഷ്ടം, അത് കഴിഞ്ഞാണ് നടൻ വരുന്നുള്ളൂ,’ ശ്രീനിവാസൻ പറഞ്ഞു.

സ്വന്തമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അച്ഛനെ അഭിനയിപ്പിപ്പിക്കാൻ പറ്റുക എന്നുള്ളത് ഒരു ഭാഗ്യമാണെന്നും താൻ ഷൂട്ട് പെട്ടെന്ന് തീർക്കാൻ വളരെ കഷ്ടപ്പെടുന്നത് ശ്രീനിവാസൻ കണ്ടിട്ടുണ്ടെന്നും ധ്യാൻ പറഞ്ഞു.

‘ലവ് ആക്ഷൻ ഡ്രാമ ചെയ്യുമ്പോൾ എനിക്ക് ജീവിതത്തിലെ ഏറ്റവും വലിയൊരു മുഹൂർത്തമാണ് ഉണ്ടായിരുന്നത്. നമ്മുടെ അച്ഛനെ സ്വന്തം സിനിമയിൽ അഭിനയിപ്പിക്കുകയെന്നുള്ളത് ഒരു ഭാഗ്യമാണ്. ഞാൻ ഷൂട്ട് തുടങ്ങാൻ പോകുമ്പോൾ എല്ലാവരോടും പറയുന്നുണ്ട് മാർക്കിൽ നിൽക്കാനൊക്കെ. അതിന്റെ ഒക്കെ പുറകിൽ ഒരു കാര്യം ഉണ്ട്. എനിക്ക് പണി അറിയാം എന്ന് അച്ഛനെ അറിയിക്കണം (ചിരിക്കുന്നു),’ ധ്യാൻ പറഞ്ഞു.

ലവ് ആക്ഷൻ ഡ്രാമക്ക് ശേഷം തന്റെ മറ്റൊരു ചിത്രത്തിലും ശ്രീനിവാസൻ അഭിനയിച്ചിട്ടുണ്ടെന്ന് ധ്യാൻ പറഞ്ഞു. ഷൂട്ടിങ് സെറ്റിൽ തന്റെ പ്രവർത്തികളാവാം ശ്രീനിവാസന് തന്നെ ഓർത്ത് അഭിമാനം ഉണ്ടെന്ന് പറയാൻ കാരണമെന്ന് ധ്യാൻ പറഞ്ഞു.

ഈ ചിത്രത്തിന് ശേഷം അച്ഛൻ എന്റെ മറ്റൊരു ചിത്രത്തിലും അഭിനയിച്ചു. ‘ആപ് കൈസേ ഹോ’ എന്നാണ് ചിത്രത്തിന്റെ പേര്. അതിൽ ഒരു ദിവസം ഷൂട്ടിൽ ധാരാളം ആർട്ടിസ്റ്റുകൾ ഉണ്ടായിരുന്നു. സൈജു ചേട്ടൻ, രമേഷ് ചേട്ടൻ, അജു അങ്ങനെ കുറെ ആളുകളുടെ കോമ്പിനേഷൻ ഉണ്ടായിരുന്നു. മൂന്ന് മണി ആയിട്ടും ഞാൻ ഷൂട്ട് ബ്രേക്ക് ചെയ്തില്ല. ലാസ്റ്റ് ഷോട്ട് എടുക്കുന്നതിന് മുൻപ് എല്ലാവരെയും ഫ്രെമിന് മുൻപിൽ എത്തിക്കണം. എല്ലാവരെയും പേരെടുത്ത്‌ വിളിച്ചാണ് ഞാൻ മാർക്കിൽ നിർത്തിയത്. ഒപ്പം അച്ഛനെയും വിളിച്ചു, ‘അച്ഛൻ വന്ന് മാർക്കിൽ നിൽക്ക്’ എന്ന് ഞാൻ പറഞ്ഞു. അച്ഛൻ അത് കേട്ടിട്ട് ഒരു നോട്ടം നോക്കി, ഇവൻ എന്നെ ആജ്ഞാപിക്കുന്നോ എന്ന നോട്ടം ആയിരുന്നു അത്. ആ ഷോട്ടിൽ അച്ഛന്റെ കൂടെ ഞാൻ അഭിനയിക്കുന്നുണ്ട്. ആ ഒരു സംഭവം ചിലപ്പോൾ അച്ഛൻ നോട്ട് ചെയ്തിട്ടുണ്ടാകാം. എന്റെ കഷ്ടപ്പാടുകൾ അച്ഛൻ കണ്ടതാണ്. അതാവും അച്ഛൻ എന്നെ ഓർത്തു അഭിമാനം ഉണ്ടെന്ന് പറഞ്ഞത്,’ ധ്യാൻ പറഞ്ഞു.

Content Highlights: Sreenivasan on Dhyan Sreenivasan

We use cookies to give you the best possible experience. Learn more