|

ശ്രീനിവാസന്‍ വധം; കൊലയാളി സംഘത്തിന് വാഹനം നല്‍കിയ നാലുപേര്‍ പിടിയിലായെന്ന് സൂചന

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: പാലക്കാട് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നാലുപേര്‍ പിടിയിലായെന്ന് സൂചന. കൊലയാളി സംഘത്തിന് വാഹനം നല്‍കിയ നാലുപേരാണ് കസ്റ്റഡിയിലായിരിക്കുന്നതെന്നാണ് വിവരം.

കൊലയാളികള്‍ക്ക് സഹായം ചെയ്ത് നല്‍കിയ ചിലരെ ഇതിനോടകം തന്നെ പൊലീസ് പിടികൂടിയിട്ടുണ്ടെന്നാണ് സൂചന. ശ്രീനിവാസനെ കൊലപ്പെടുത്താന്‍ ബൈക്കിലെത്തിയ സംഘം ഉള്‍പ്പടെ കേസില്‍ 12 പ്രതികളുണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കുന്നത്.

ശ്രീനിവാസനെ ആക്രമിക്കുന്നതിന് മുമ്പ് പതികള്‍ പരിസരം സൂക്ഷമായി നിരീക്ഷിച്ചിരുന്നു എന്ന് വ്യക്തമാവുന്ന തെളിവുകളും പുറത്ത് വന്നിട്ടുണ്ട്. കൊലപാതകത്തിന് മുമ്പ് പതികള്‍ കടയ്ക്ക് മുന്നില്‍ എത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടര്‍ ടി.വിക്കാണ് ലഭിച്ചത്.

പലതവണ കടയ്ക്ക് മുന്നിലൂടെ സംഘം കടന്നുപോയി സാഹചര്യം നിരീക്ഷിച്ചിരുന്നു. കൃത്യം നടക്കുന്നതിന് തൊട്ടു മുമ്പ് 12.46ന് എത്തുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്. ഇതിന് പുറമെ രാവിലെ 10.30 മുതല്‍ പ്രതികള്‍ മാര്‍ക്കറ്റ് റോഡിലൂടെ സഞ്ചരിക്കുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.

അതേസമയം, ഇരട്ടകൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പാലക്കാടേര്‍പ്പെടുത്തിയ നിരോധാനാജ്ഞ നീട്ടിയിട്ടുണ്ട്. ഈ മാസം 24 വരെയാണ് നിരോധനാജ്ഞ നീട്ടിയത്.

നേരത്തെ ഏപ്രില്‍ 20 ബുധനാഴ്ച വൈകീട്ട് ആറ് മണി വരെയായിരുന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജില്ലാ പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കളക്ടര്‍ നിരോധനാജ്ഞ നീട്ടിയത്. പൊതുസ്ഥലങ്ങളില്‍ അഞ്ചോ അതിലധികമോ പേര്‍ ഒത്തുചേരുന്നത് നിരോധിച്ചിട്ടുണ്ട്.

പൊതുസ്ഥലങ്ങളില്‍ യോഗങ്ങളോ, പ്രകടനങ്ങളോ, ഘോഷയാത്രകളോ പാടില്ല. ഊഹാപോഹങ്ങള്‍ പരത്താന്‍ ശ്രമിക്കരുതെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. അവശ്യസേവനങ്ങള്‍ക്കും ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ക്കും ഉത്തരവ് ബാധകമല്ലെന്ന് ഉത്തരവില്‍ പറയുന്നു.

കൊലപാതകങ്ങളെ തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെ മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി അനില്‍കാന്ത് നേരത്തെ അറിയിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തുകയോ അക്രമ സംഭവങ്ങള്‍ക്ക് ആഹ്വാനം ചെയ്യുകയോ ചെയ്യുന്നവര്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കും.

Content Highlights: Sreenivasan murder; four people who gave the vehicle to the killer group have been arrested

Video Stories