ചെന്നൈ ബില്‍ഡേര്‍സും എം.ആര്‍.എഫും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഓഹരികള്‍ വാങ്ങുമെന്ന് സൂചന
Daily News
ചെന്നൈ ബില്‍ഡേര്‍സും എം.ആര്‍.എഫും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഓഹരികള്‍ വാങ്ങുമെന്ന് സൂചന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th January 2015, 1:54 pm

chennaiബി.സി.സി.ഐ പ്രസിഡന്റ് എന്‍. ശ്രീനിവാസന്‍ ഐ.പി.എല്ലിലെ തന്റെ ഓഹരി വില്‍ക്കാനൊരുങ്ങുന്ന. ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ തനിക്കുള്ള ഓഹരി മറ്റൊരാള്‍ക്ക് കൈമാറാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്.

ഐ.പി.എല്‍ സീസണ്‍ 8 പൂര്‍ണ സജ്ജമാണെന്നും ശ്രീനിവാസന്റെയും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെയും കാര്യത്തില്‍ മാത്രമാണ് തീരുമാനം ഉണ്ടാകാത്തതെന്നും ഇത് ലേലത്തിന്റെ സമയത്ത് മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഐ.പി.എല്‍ ചെയര്‍മാന്‍ രഞ്ജിബ് ബിശ്വാല്‍ നേരത്തെ പറഞ്ഞിരുന്നു.

ലേലം ഒരാഴ്ച പിറകോട്ടാക്കിയിട്ടുണ്ടെന്നാണ് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ടീമിന്റെ ഉചമസ്ഥതയില്‍ മാറ്റം വരുത്തുന്നതിനായാണ് ഈ നീക്കം എന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഓഹരികള്‍ വാങ്ങാന്‍ രണ്ട് പേര്‍ക്ക് താല്‍പര്യമുണ്ടെന്നും പത്രത്തില്‍ പറഞ്ഞിരുന്നു.

ചെന്നൈയിലെ ബില്‍ഡറായ വരുണ്‍ മാനിയനും എം.ആര്‍.എഫ് കമ്പനിയുമാണ് താല്‍പര്യം പ്രകടിപ്പിച്ച് മുന്നോട്ടെത്തിയിരിക്കുന്നത്. ശ്രീനിവാസന്‍ ഓഹരികള്‍ വില്‍ക്കുന്നുണ്ടെന്ന വാര്‍ത്ത നേരത്തെ വന്നിരുന്നു. വില്‍പ്പനയുമായി ബന്ധപ്പെട്ട ഒരു പേപ്പര്‍ കോടതിയിലായതാണ് കൈമാറ്റം വൈകാവന്‍ കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത് തന്നെ കൈമാറ്റം നടക്കുമെന്നാണ് അറിയുന്നത്.

ഓഹരി വില്‍ക്കുന്നയാളെ ശ്രീനിവാസന്‍ തീരുമാനിച്ചുകഴിഞ്ഞെന്നും റിപ്പോര്‍ട്ടുകളുണ്ട്. എത്രയും പെട്ടെന്ന് കൈമാറ്റം ഉണ്ടാകുമെന്നും നടപടികള്‍ പലതും പൂര്‍ത്തിയായിക്കഴിഞ്ഞെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഐ.പി.എല്ലിന്റെ അടുത്ത സീസണ്‍ തുടങ്ങുന്നതിന് മുമ്പ് അവര്‍ ധാരാളം ചോദ്യങ്ങള്‍ നേരിടേണ്ടിവരും.

ബി.സി.സി.ഐ പ്രസിഡന്റ് എന്‍ ശ്രീനിവാസനും ഇന്ത്യന്‍ സിമന്റും ചെന്നൈ സൂപ്പര്‍ കിങ്‌സ് വഴി ഐ.പി.എല്ലില്‍ ഇടപെട്ടിരുന്നു എന്നുള്ളതാണ് പ്രധാന ചോദ്യം. രാജ് കുന്ദ്രയുടെ രാജസ്ഥാന്‍ റോയല്‍സിനെക്കുറിച്ചാണ് അടുത്ത ചോദ്യം ഉയരുന്നത്.

രാജ് കുന്ദ്രയും ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പനും കളിക്കിടെ വാതുവയ്പ്പ് നടത്തിയിട്ടുണ്ടെന്ന് സുപ്രീം കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഈ രണ്ട് ടീമുകളുടെയും ഭാവി തീരുമാനിക്കുന്നതിന് എസ്.സി മൂന്നംഗ കമ്മിറ്റിയെ നിയമിച്ചിരുന്നു. വിധി കളിയെ എങ്ങനെ ബാധിക്കുമെന്നാണ് ഐ.പി.എല്‍ വര്‍ക്ക്‌ഷോപ്പും ലേലവും ഉറ്റുനോക്കുന്നത്.

ഈ രണ്ട് ടീമുകളും ഐ.പി.എല്ലിന്റെ എട്ടാമത്തെ സീസണില്‍ കളിക്കുമെന്ന് തന്നെയാണ് തങ്ങളുടെ പ്രതീക്ഷയെന്നാണ് ഔദ്യോഗിക ഫ്രാന്‍ഞ്ചൈസി  പറയുന്നത്.

“എട്ടാം സീസണിലെ കളിക്കാരെക്കുറിച്ച് അവര്‍ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. രണ്ട് ടീമുകളും ഐ.പി.എല്‍ സീസണ്‍ 8ന്റെ ഭാഗമാകുമെന്നാണ് തോന്നുന്നത്.” വൃത്തങ്ങള്‍ അറിയിച്ചു.