കൊച്ചി: മലയാള സിനിമയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രതിസന്ധികളെ കുറിച്ചും നടി ആക്രമിക്കപ്പെട്ടതിനേക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് അരിയെത്രയെന്ന ചോദ്യത്തിന് പയറഞ്ഞാഴി ടൈപ്പ് മറുപടിയുമായി നടന്‍ ശ്രീനിവാസന്‍.
മലയാള സിനിമയിലെ ചൂഷണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ചൂഷണം സമൂഹത്തിലെ എല്ലാ മേഖലയിലും ഉള്ളതാണെന്ന് പറഞ്ഞ് തുടങ്ങിയ ശ്രീനിവാസന്‍ പിന്നീട് ബ്രോയ്ലര്‍ കോഴികളെ ഉല്‍പാദിപ്പിക്കുന്നതിനെക്കുറിച്ചും അതുണ്ടാക്കുന്ന ദൂഷ്യഫലങ്ങളെക്കുറിച്ചുമായിരുന്നു സംസാരിച്ചത്.
തന്റെ അറിവില്‍ ചൂഷണങ്ങള്‍ ഉണ്ടായിട്ടേയില്ലെന്നും അറിവില്‍ ഉള്ളതല്ലാതെ ഒരു സംഭവം ഉണ്ടാക്കി പറയാന്‍ തനിക്ക് പറ്റില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.
എത്രയോ കാലമായി സിനിമയില്‍ ഉള്ള തന്നെ ആരും ചൂഷണം ചെയ്തിട്ടില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു. തന്റെ പുതിയ ചിത്രമായ “അയാള്‍ ശശി”യുടെ പ്രചരണത്തിനായി വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലായിരുന്നു ശ്രീനിവാസന്റെ പ്രതികരണം.
“മറ്റാരെയെങ്കിലും ചൂഷണം ചെയ്യുന്നതായിട്ട്, ചൂഷണം ചെയ്യപ്പെട്ടയാള്‍ ഒരു പരാതി പറഞ്ഞതായിട്ട് ഈ അടുത്ത കാലത്ത് പത്രങ്ങളിലാണ് ഞാന്‍ വായിക്കുന്നത്. അല്ലാതെ എനിക്കറിയില്ല”. – ഇതായിരുന്നു ശ്രീനിവാസന്റെ വാക്കുകള്‍.
സിനിമയില്‍ സ്ത്രീകള്‍ക്ക് ഗോഡ്ഫാദര്‍മാര്‍ ഇല്ലാത്ത ഒരു കാലം വരണമെന്ന് ഒരു നടി അഭിപ്രായം പറഞ്ഞു. അതെന്താണെന്നു പോലും തനിക്ക് മനസ്സിലായില്ല. പുതുമുഖനായികമാരുടെ അവസ്ഥയാണ് പറഞ്ഞതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ താന്‍ പുതുമുഖമല്ലേ എന്നായിരുന്നു ശ്രീനിവാസന്റെ മറുപടി.
പുതുമുഖ നടിമാര്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുണ്ടെന്നും കാസ്റ്റിങ് കൗച്ച് ഒരു യാഥാര്‍ത്ഥ്യമാണെന്നും നടി പാര്‍വതി പറഞ്ഞതിനേക്കുറിച്ച് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ കാസ്റ്റിങ്ങ് കൗച്ചിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളെക്കുറിച്ച് ഇപ്പോഴാണ് അറിയുന്നതെന്നായിരുന്നു ശ്രീനിവാസന്റെ മറുപടി.
നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ അമ്മയുടെ സമീപനത്തേക്കുറിച്ചുള്ള നിലപാട് എന്താണെന്ന് ചോദിച്ചപ്പോള്‍ എനിക്കെന്തിനാ നിലപാട് എന്നും താന്‍ അതെല്ലാം വിശദമായി പറഞ്ഞതാണെന്നുമായിരുന്നു ശ്രീനിവാസന്റെ മറുപടി.
ഇനിയും അതിനേക്കുറിച്ച് മനസ്സിലായില്ലെങ്കില്‍ പറഞ്ഞിട്ട് കാര്യമില്ലെന്ന് ശ്രീനിവാസന്‍ പറഞ്ഞതോടെ ചോദ്യം ആവര്‍ത്തിച്ച മാധ്യമപ്രവര്‍ത്തകരോട് ശ്രീനിവാസന്‍ പ്രകോപിതനാകുകയും ചെയ്തു.
ഈ വിഷയത്തെക്കുറിച്ച് ഞാന്‍ എന്ത് അഭിപ്രായമാണ് പറയേണ്ടതെന്നായിരുന്നു ശ്രീനിവാസന്‍ തിരിച്ചു ചോദിച്ചത്. പിന്നീട് ചോദ്യത്തില്‍ നിന്ന് ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറുകയായിരുന്നു.
ബാക്കിയുള്ളവരെപ്പറ്റി താന്‍ എന്തു പറയാനാണ്. അതുകൊണ്ട് എന്താണ് പ്രയോജനം? താന്‍ ഇപ്പോള്‍ ഇതിനേക്കുറിച്ച് ഒരുത്തരം പറഞ്ഞാല്‍ അതുകൊണ്ട് ഈ നാട്ടിലെ ചൂഷണം അവസാനിക്കുമോ? സമൂഹത്തിന് ഗുണകരമായ പ്രതികരണം എന്താണെന്ന് തനിക്ക് ബോധ്യമുണ്ട്. അത് ചെയ്യുന്നുണ്ടെന്നും ശ്രീനിവാസന്‍ പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പൊതുജനങ്ങള്‍ നടത്തുന്ന പ്രതികരണങ്ങളെ ശ്രീനിവാസന്‍ നേരത്തെ പുച്ഛിച്ചുതള്ളിയിരുന്നു.. ജനങ്ങള്‍ ആരാണെന്ന് ചോദിച്ച അദ്ദേഹം അമ്മയിലെ അംഗങ്ങളേക്കാള്‍ ആക്രമിക്കപ്പെട്ട കുട്ടിയോട് ഇവര്‍ക്കെന്തിനാണ് സ്നേഹമെന്നും ചോദിച്ചിരുന്നു.
“ജനങ്ങള്‍ ആരാണ്. ജനങ്ങളാണെങ്കില്‍ പിന്നെ ജനങ്ങള്‍ മാത്രം അന്വേഷിച്ചാല്‍ പോരേ. പോലീസെന്തിനാണ്. ആരാണ് ഈ ജനങ്ങള്‍. ഏത് ജനങ്ങളെപ്പറ്റിയാണ് പറയുന്നത് എനിക്ക് മനസിലാവുന്നില്ല. ഈ അമ്മയിലെ അംഗങ്ങളേക്കാള്‍ ആക്രമിക്കപ്പെട്ട കുട്ടിയോട് സ്നേഹം ഇവര്‍ക്കെന്തിനാ? അതുതന്നെ വെറും തട്ടിപ്പാണ്.” അദ്ദേഹം അഭിപ്രായപ്പെട്ടു.
നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട അന്വേഷണത്തെ പൊലീസിലെ ചേരിപ്പോര് ബാധിക്കുമെന്ന് ആശങ്കപ്പെടുന്നതായും ശ്രീനിവാസന്‍ പറഞ്ഞിരുന്നു.