| Sunday, 17th April 2022, 9:23 am

ശ്രീനിവാസന്‍ വധം; ഒരു ബൈക്ക് ഉടമയെ കണ്ടെത്തി, ബൈക്ക് സ്ത്രീയുടെ പേരിലുള്ളത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലയാളികള്‍ ഉപയോഗിച്ച ഒരു ബൈക്കിന്റെ ഉടമയെ കണ്ടെത്തി. ഒരു സ്ത്രീയുടെ പേരിലാണ് ബൈക്കുള്ളതെന്നാണ് വിവരം.

ഇവര്‍ വായ്പ ആവശ്യത്തിനായി ബൈക്ക് മറ്റൊരാള്‍ക്ക് കൈമാറിയിരുന്നു. ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

സി.സി.ടി.വി ദൃശ്യങ്ങളും ബൈക്കുകളുടെ നമ്പരും പിന്തുടര്‍ന്നാണ് പ്രതികളിലേക്കെത്തിയതെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ പത്ത് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ശ്രീനിവാസന്റെ മൃതദേഹം ഞായറാഴ്ച ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യും. വിലാപയാത്രയ്ക്കും പൊതുദര്‍ശനത്തിനും ശേഷം സമുദായ ശ്മശാനത്തിലായിരിക്കും സംസ്‌കാരം.

ഇരട്ടകൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പാലക്കാട് കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍ 20വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. പോപ്പുലര്‍ ഫ്രണ്ട്, ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ കൊലപാതകത്തെ തുടര്‍ന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും ക്രമസമാധാന നില തടസപ്പെടാനുമുള്ള സാധ്യത മുന്നില്‍ കണ്ടാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കളക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കി.

അതേസമയം, ശ്രീനിവാസന്റെ കൊലപാതകത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണമുന്നയിച്ച് ബി.ജെ.പി രംഗത്തെത്തിയിരുന്നു. ആലപ്പുഴയില്‍ സംഭവിച്ച സമാന വീഴ്ച ഇവിടെയും പൊലീസ് ആവര്‍ത്തിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥന്മാര്‍ പാലക്കാട് ക്യാമ്പ് ചെയ്യുന്ന സമയത്താണ് ഈ സംഭവം ഉണ്ടായതെന്നും ബി.ജെ.പി പാലക്കാട് ജില്ലാ അധ്യക്ഷന്‍ കൃഷ്ണകുമാര്‍ പറഞ്ഞിരുന്നു.

ആര്‍.എസ്.എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖാണ് കൊല്ലപ്പെട്ട ശ്രീനിവാസന്‍. മേലാമുറിയിലെ പച്ചക്കറി മാര്‍ക്കറ്റിന് സമീപത്ത് വെച്ചായിരുന്നു സംഭവം. ഇദ്ദേഹത്തെ ഉടന്‍ തന്നെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

കൈയ്ക്കും കാലിനും തലയുടെ ഭാഗത്തും വെട്ടേറ്റിരുന്നു. ഇന്നലെ എലപ്പുള്ളി സ്വദേശിയും എസ്.ഡി.പി.ഐ നേതാവുമായ സുബൈര്‍ വെട്ടേറ്റ് കൊല്ലപ്പെട്ടിരുന്നു. പിതാവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ സുബൈറിനെ ആക്രമിക്കുകയായിരുന്നു. ഇരുവരേയും കാറിടിച്ച് റോഡില്‍ വീഴ്ത്തിയ ശേഷം സംഘം സുബൈറിനെ വെട്ടുകയായിരുന്നു. മാരകമായ പരുക്കേറ്റ സുബൈറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല.

Content highlights: Sreenivasan assassinated; and the bike was named after a woman

We use cookies to give you the best possible experience. Learn more