തനിക്ക് തെറ്റുപറ്റി; അവയവദാന പരാമര്‍ശത്തില്‍ മാത്യു അച്ചാടനോട് ഖേദപ്രകടനവുമായി ശ്രീനിവാസന്‍
Daily News
തനിക്ക് തെറ്റുപറ്റി; അവയവദാന പരാമര്‍ശത്തില്‍ മാത്യു അച്ചാടനോട് ഖേദപ്രകടനവുമായി ശ്രീനിവാസന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 6th October 2016, 7:31 am

തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ അത്തരമൊരു പ്രസ്താവന നടത്തിയതെന്നും സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി.


കൊച്ചി: അവയവദാനത്തിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ മാത്യു അച്ചാടനോട് മാപ്പു പറഞ്ഞ് നടന്‍ ശ്രീനിവാസന്‍. തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ അത്തരമൊരു പ്രസ്താവന നടത്തിയതെന്നും സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി.

ചില വിദഗ്ധരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊച്ചിയില്‍ ഹൃദയം സ്വീകരിച്ചയാള്‍ ജീവിച്ചിരിപ്പില്ലെന്ന് പറഞ്ഞത്. മാത്യു അച്ചാടനെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെയല്ല ഇത്തരമൊരു പ്രസ്താവന നടത്തിയതെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി.

പത്മഭൂഷണ്‍ ജേതാവായ ഡോ.ബി.എം ഹെഗ്‌ഡെ അവയവദാനത്തിന്റെ മറവില്‍ നടക്കുന്ന അധാര്‍മ്മിക പ്രവര്‍ത്തനങ്ങള്‍ക്കെതിരായി പോരാട്ടം നടത്തുന്നുണ്ട്. ഈ പോരാട്ടത്തെ തുണച്ചും അതിന്റെ പ്രാധാന്യം ജനങ്ങള്‍ അറിയണം എന്നുമുള്ള ആഗ്രഹത്തോടെയുമാണ് സംസാരിച്ചത്. അവയവദാനത്തില്‍ സ്വീകര്‍ത്താവിന്റെ ശരീരം പുതിയ അവയവത്തെ തിരസ്‌കരിക്കും. ഇതൊഴിവാക്കാന്‍ പലതരം രാസവസ്തുകളാണ് സ്വീകര്‍ത്താവിന്റെ ശരീരത്തില്‍ കുത്തിവയ്ക്കുന്നത്. ഇത് ഗുരുതരമായ ഒരു അവസ്ഥയാണ്. ഇതിനെതിരായാണ് സംസാരിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

ഹെലികോപ്റ്ററില്‍ ഹൃദയം കൊണ്ടുവന്നതിന് വാര്‍ത്താ പ്രാധാന്യം കിട്ടിയെന്നും ആ വ്യക്തി ഇപ്പോള്‍ ജീവിച്ചിരിപ്പില്ലെന്നും ചൊവ്വാഴ്ച എറണാകുളം പ്രസ്‌ക്ലബില്‍ മാധ്യമങ്ങളോട് ശ്രീനിവാസന്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇതിന് മറുപടിയുമായി ഹൃദയം മാറ്റിവെക്കപ്പെട്ട ചാലക്കുടി സ്വദേശി മാത്യു അച്ചാടന്‍ രംഗത്തെത്തിയതോടെയാണ് ശ്രീനിവാസന്‍ തന്റെ പ്രസ്താവന തിരുത്തി ഖേദപ്രകടനം നടത്തിയത്.

തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേയ്ക്ക് എയര്‍ ആംബുലന്‍സില്‍ എത്തിച്ച നീലകണ്ഠ ശര്‍മ്മയുടെ ഹൃദയം 15 മാസത്തിനപ്പുറവും തന്നില്‍ സ്പന്ദിക്കുന്നുണ്ടെന്ന് പറഞ്ഞുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മാത്യുവിന്റെ പ്രതികരണം.

ലിസി ആശുപത്രിയില്‍ നിന്നും ഹൃദയം സ്വീകരിച്ചയാള്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് തിരക്കി നോക്കണം എന്ന് പരിസഹിച്ചത് തന്നെ കുറിച്ചാണെന്നും മാത്യു പോസ്റ്റില്‍ പറഞ്ഞിരുന്നു. ഏതു നിമിഷവും ജീവന്‍ നഷ്ടപ്പെടുമെന്ന ഭീതിയില്‍ കഴിഞ്ഞ താന്‍ ഇപ്പോള്‍ സാധാരണ ജീവിതം നയിച്ചുവരികയാണെന്നും ഓട്ടോറിക്ഷ ഓടിച്ച് സ്വന്തം കാര്യങ്ങള്‍ ചെയ്തു കരികയാണെന്നും മാത്യു പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.

അവയവ ദാനത്തിന് വലിയ പ്രാധാന്യവും പ്രോത്സാഹനവും ലഭിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് അതിനെ നിരുത്സാഹപ്പെടുത്തുന്ന രീതിയില്‍ പൊതുസ്വീകാര്യനായ ഒരാള്‍ പറയുന്നത് സങ്കടകരമാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.