| Friday, 30th September 2016, 10:35 pm

കൊച്ചിക്കാര്‍ പെരിയാറിലെ വെള്ളം കുടിച്ച് മഹാരോഗികളാകുന്നു; അവയവദാനം ആശുപത്രികള്‍ക്ക് പണം ഉണ്ടാക്കാനുള്ള സംവിധാനമെന്നും ശ്രീനിവാസന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ക്ലോറിനേഷനിലൂടെ വിഷാംശം നീക്കം ചെയ്താണ് ഈ വിഷം കുടിവെള്ളമാക്കുന്നത് എന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ക്ലോറിനേഷനിലൂടെ വിഷാംശം നീക്കം ചെയ്യാനാവില്ല എന്ന് ഒന്നാം ലോക രാജ്യങ്ങള്‍ നൂറു വര്‍ഷം മുന്‍പ് കണ്ടെത്തിയതാണ്.


കൊച്ചി: കൊച്ചിക്കാര്‍ പെരിയാറിലെ വെള്ളം കുടിച്ച് മഹാരോഗികളാകുകയാണെന്ന് നടന്‍ ശ്രീനിവാസന്‍. കൊച്ചിയില്‍  850 ഫാക്ടറികളും അതില്‍ത്തന്നെ 84 റെഡ് കാറ്റഗറി വ്യവസായ ശാലകളും ഉണ്ട്. ഇവയെല്ലാം രാസമാലിന്യങ്ങള്‍ പുഴയിലേക്ക് തള്ളുന്നുണ്ട്.

ഫാക്ടറിയില്‍ നിന്ന് തുടങ്ങുന്ന കുഴല്‍ മണ്ണിനടിയിലൂടെ സഞ്ചരിച്ച് അഗ്ര ഭാഗം അവസാനിക്കുന്നത് പുഴയുടെ അടിത്തട്ടിലാണെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ നടന്ന ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവിമെന്റ് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുറമേ നോക്കിയാല്‍ ഒന്നും കാണില്ല. അടിത്തട്ടില്‍ എത്തുന്നത് വിഷാംശം ഉള്ള രാസമാലിന്യങ്ങളാണ്. ഈ രാസ മാലിന്യങ്ങള്‍ മൂലം മീനുകള്‍ ചത്തു പൊന്തുകയാണ്. ഇങ്ങനെ ചാവുന്നവയാണ് മീന്‍ മാര്‍ക്കറ്റില്‍ എത്തുന്നതെന്നും അവയാണ് നമ്മള്‍ വാങ്ങിക്കഴിക്കുന്നതെന്നും ശ്രീനിവാസന്‍ പറഞ്ഞു.


ക്ലോറിനേഷനിലൂടെ വിഷാംശം നീക്കം ചെയ്താണ് ഈ വിഷം കുടിവെള്ളമാക്കുന്നത് എന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ക്ലോറിനേഷനിലൂടെ വിഷാംശം നീക്കം ചെയ്യാനാവില്ല എന്ന് ഒന്നാം ലോക രാജ്യങ്ങള്‍ നൂറു വര്‍ഷം മുന്‍പ് കണ്ടെത്തിയതാണ്.

40 ലക്ഷം ജനസംഖ്യയുള്ള കൊച്ചിയില്‍ ഒരു ലക്ഷത്തി മുപ്പതിനായിരം പേര്‍ കിഡ്‌നി രോഗികളാണ്. ഇവര്‍ ഡയാലിസിസിനു എത്തുന്നു, മറ്റൊരു വ്യവസായമായ വന്‍കിട ആശുപത്രികള്‍ക്ക് ഇരകളാകുന്നു. അവസാനം ചെന്ന് നില്‍ക്കുന്നത് അവയവ മാറ്റത്തിലാണെന്നും ശ്രീനിവാസന്‍ കുറ്റപ്പെടുത്തി.

അവയവദാനം എന്ന തട്ടിപ്പുമായി കുറേപ്പേര്‍ ഇപ്പോള്‍ ഇറങ്ങിയിട്ടുണ്ട്. “അവയവദാനം മഹാദാനം” എന്നാണ് ഇവര്‍ പറയുന്നത്. ഒന്നുമല്ല, സ്വന്തം അച്ഛന്റെയോ മകന്റെയോ പോലും അവയവം സ്വീകരിച്ചാല്‍ ശരീരം അത് റിജക്റ്റ് ചെയ്തുകൊണ്ടിരിക്കുമെന്ന് ഡോ. ബി.എം ഹെഗ്‌ഡെ പറഞ്ഞിട്ടുണ്ട്.

സ്വീകരിച്ച അവയവത്തെ ശരീരം റിജക്റ്റ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ശരീരത്തിന്റെ പ്രതിരോധ ശക്തി കുറക്കാനുള്ള കെമിക്കലായിആന്റി ബയോട്ടിക്ക്‌സ് ഉപയോഗിക്കുന്നു. ഈ മരുന്നുകള്‍ യഥാര്‍ത്ഥത്തില്‍ ശരീരത്തിന്റെ പ്രതിരോധ ശക്തി കുറക്കാന്‍ ഉള്ളതാണ്. മരുന്ന് മാഫിയയാണ് ലോകം നിയന്ത്രിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഈയിടെ ഹെലികോപ്റ്ററില്‍ ഹൃദയം കൊണ്ട് വന്ന് ലിസി ആശുപത്രിയില്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തി. ഹൃദയം തുന്നിച്ചേര്‍ത്ത വാര്‍ത്ത വലിയ സംഭവമായിരുന്നു. ഹൃദയം സ്വീകരിച്ച ആള്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് ആരും അന്വേഷിക്കുന്നില്ല.

ആശുപത്രികള്‍ക്ക് പണം ഉണ്ടാക്കാനുള്ള സംവിധാനമാണ് ഈ അവയവദാനം. കാര്‍ഡിയാക് സ്‌ടെന്റിന്റെ നിര്‍മ്മാണ ചെലവ് പത്തു ഡോളര്‍ ആണ്. അതായത് 700 രൂപ. എന്നാല്‍ കൊച്ചിയിലെ ആശുപത്രികള്‍ ഇതിന് ഈടാക്കുന്നത് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയാണ്. ആശുപത്രിയുടെ വലുപ്പം കൂടുന്നതനുസരിച്ച് അഞ്ചു ലക്ഷം രൂപ വരെ വരുമെന്നും അദ്ദേഹം പറഞ്ഞു.

അവയവദാനം മഹാ സംഭവമാക്കിയത് ശ്രീനിവാസന്‍ അഭിനയിച്ച ട്രാഫിക് എന്ന സിനിമയല്ലേ എന്ന ചോദ്യത്തിന് ട്രാഫിക്  താന്‍ അഭിനയിച്ച സിനിമയാണ് എഴുതിയതല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

We use cookies to give you the best possible experience. Learn more