ഇത് ഏതൊക്കെ കഥയാണ് സിനിമയാക്കിയതെന്ന് മനസിലാവുന്നില്ല: വര്‍ഷങ്ങള്‍ക്കു ശേഷത്തെക്കുറിച്ച് ശ്രീനിവാസന്‍
Entertainment
ഇത് ഏതൊക്കെ കഥയാണ് സിനിമയാക്കിയതെന്ന് മനസിലാവുന്നില്ല: വര്‍ഷങ്ങള്‍ക്കു ശേഷത്തെക്കുറിച്ച് ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 15th April 2024, 8:49 pm

ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രമാണ് വര്‍ഷങ്ങള്‍ക്കു ശേഷം. 1970കളില്‍ സിനിമാമോഹവുമായി മദിരാശിക്ക് വണ്ടി കയറുന്ന രണ്ട് സുഹൃത്തുക്കളുടെ കഥയാണ് വിനീത് ഈ സിനിമയില്‍ പറയുന്നത്. ധ്യാന്‍ ശ്രീനിവാസനും പ്രണവ് മോഹന്‍ലാലുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. മോഹന്‍ലാലിന്റെയും ശ്രീനിവാസന്റെയും ആദ്യകാല സിനിമാജീവിതവും മദിരാശിയിലെ അനുഭവങ്ങളുമാണ് സിനിമയുടെ കഥയെന്ന് തുടക്കത്തില്‍ സൂചനകളുണ്ടായിരുന്നു. എന്നാല്‍ വിനീത് ഇത് നിഷേധിച്ചു.

കുട്ടിക്കാലം മുതല്‍ അച്ഛന്‍ പറഞ്ഞുകേട്ട മദിരാശിക്കഥകളാണ് സിനിമയാക്കിയതെന്നാണ് വിനീത് പറഞ്ഞത്. എന്നാല്‍ സിനിമ കണ്ട ശ്രീനിവാസന്‍ പറഞ്ഞത്, ഏതൊക്കെ കഥയാണ് സിനിമയാക്കിയതെന്ന് മനസിലായില്ല എന്നാണ്. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിവാസന്‍ ഇക്കാര്യം പറഞ്ഞത്. സിനിമ കണ്ടപ്പോള്‍ പഴയ ജീവിതം ഓര്‍മ വന്നിരുന്നോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

‘സിനിമ കണ്ടു, ഇഷ്ടപ്പെട്ടു. ഞാന്‍ പറഞ്ഞുകൊടുത്ത കഥകളാണ് സിനിമയിലെന്ന് മുന്നേ പറഞ്ഞിരുന്നു. പക്ഷേ ഏതൊക്കെ കഥകളാണ് സിനിമയാക്കിയതെന്ന് മനസിലായില്ല’ ശ്രീനിവാസന്‍ പറഞ്ഞു.

എന്നാല്‍ അച്ഛന്‍ പറഞ്ഞുകൊടുത്ത കഥകള്‍ മാത്രമല്ല, പലരുടെയടുത്ത് നിന്ന് കേട്ടറിഞ്ഞ കഥകളാണ് ചേട്ടന്‍ സിനിമയാക്കിയതെന്ന് ധ്യാന്‍ മറുപടി നല്‍കി.

‘അച്ഛന്‍ പറഞ്ഞുകൊടുത്ത കഥകള്‍ മാത്രമല്ല, പലരുടെയടുത്ത് നിന്നും പലപ്പോഴും കേട്ട കഥകളാണ് ചേട്ടന്‍ സിനിമയാക്കിയത്. അതില്‍ അച്ഛന്റെ കഥയുമുണ്ട്, ബാക്കിയുള്ളവരുടെ കഥകളുമുണ്ട്. ഒരുപാട് റിയല്‍ സ്റ്റോറികള്‍ ചേര്‍ത്ത് ഫിക്ഷനായി അവതരിപ്പിച്ചിരിക്കുന്നതാ’ ധ്യാന്‍ പറഞ്ഞു.

പ്രണവിനും ധ്യാനിനും പുറമെ ബേസില്‍ ജോസഫ്, നീരജ് മാധവ്, അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, നീതാ പിള്ളൈ തുടങ്ങി വന്‍ താരനിരയുണ്ട്. നിവന്‍ പോളി അതിഥി വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അമൃത് രാംനാഥാണ് ചിത്രത്തിന്റെ സംഗീതം. മെറിലാന്‍ഡ് സിനിമസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം നിര്‍മിച്ചത്.

Content Highlight: Sreenivasan about Varshangalkku Sesham