| Tuesday, 23rd May 2023, 5:17 pm

ശോഭന ഒഴികെ ബാക്കി എല്ലാവര്‍ക്കും അറിയാമായിരുന്നു ആ സ്‌ക്രിപ്റ്റ്‌ ശരിയാകില്ലെന്ന്: ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മാനത്തെ വെള്ളിത്തേര് സിനിമയുടെ ഷൂട്ടിങ് സമയത്ത് ശോഭന ഓരോ ഷോട്ട് കഴിയുമ്പോഴും സ്‌ക്രിപ്റ്റ് എഴുതുന്നതിനെ കുറിച്ച് ചോദിക്കറുണ്ടായിരുന്നു എന്ന് ശ്രീനിവാസന്‍. അന്ന് ശോഭന ഒരു സ്‌ക്രിപ്റ്റ് എഴുതുന്നുണ്ടായിരുന്നു എന്നും താനൊരു സ്‌ക്രിപ്റ്റ് റൈറ്റര്‍ കൂടി ആയതുകൊണ്ടാണ് ശോഭന തന്നോട് സംശയങ്ങള്‍ ചോദിച്ചിരുന്നത് എന്നും ശ്രീനിവാസന്‍ പറഞ്ഞു.

എന്നാല്‍ ആ സ്‌ക്രിപ്റ്റ് ശരിയാകില്ല എന്ന് ശോഭന ഒഴികെയുള്ള എല്ലാവര്‍ക്കും അറിയാമായിരുന്നു എന്നും താരം പറയുന്നു. ആശുപത്രിവാസത്തിനും അസുഖങ്ങള്‍ക്കും ശേഷം തിരിച്ചെത്തിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ മൂവിവേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു.

‘മാനത്തെ വെള്ളിത്തേരിന്റെ സമയത്ത് ശോഭന ഓരോ ഷോട്ട് കഴിയുമ്പോഴും എന്റെയടുത്ത് വന്ന് സംശയങ്ങള്‍ ചോദിക്കാറുണ്ടായിരുന്നു. സിനിമയെ പറ്റിയൊന്നുമായിരുന്നില്ല അത്. ആ സമയത്ത് ശോഭന ഒരു സ്‌ക്രിപ്റ്റ് എഴുതിക്കൊണ്ടിരിക്കുകയായിരുന്നു. ഞാന്‍ ഒരു സ്‌ക്രിപ്റ്റ് റൈറ്റര്‍ ആയതുകൊണ്ട് എനിക്ക് സ്‌ക്രിപ്റ്റ് എഴുതുന്നതിന്റെ ടെക്‌നിക്കുകള്‍ അറിയാമെന്നാണ് അവര്‍ക്ക് തോന്നിയിരിക്കണം. വലിയ വലിയ സംശയങ്ങളാണ് ചോദിക്കുക. ഞാന്‍ എനിക്ക് തോന്നുന്ന മറുപടികള്‍ പറയും.

ഞാന്‍ അവിടെയുള്ള ആളുകളോട് പറയും ശോഭനയെ ശല്യപ്പെടുത്തരുത്, അവര്‍ സക്രിപ്റ്റ് എഴുതിക്കൊണ്ടിരിക്കുകയാണ് എന്ന്. അങ്ങനെ ലൊക്കേഷനിലുള്ള എല്ലാവരും അക്കാര്യം അറിഞ്ഞു. അവിടെയുള്ളവര്‍ പരസ്പരം പറഞ്ഞു, സ്‌ക്രിപ്റ്റ് എഴുതുകയാണ്, ശല്യപ്പെടുത്തരുത് എന്ന്. മുകേഷൊക്കെ അന്ന് അവിടെ ഉണ്ടായിരുന്നു.

പിന്നീട് മാസങ്ങള്‍ക്ക് ശേഷം മുകേഷ് ശോഭനയെ കണ്ടു. സംസാരിക്കുന്ന കൂട്ടത്തില്‍ മുകേഷ് അന്ന് എഴുതിയിരുന്ന സ്‌ക്രിപ്റ്റിനെ കുറിച്ചും അവരോട് ചോദിച്ചു. അത് ശരിയായില്ലെന്ന് ശോഭന മറുപടി പറഞ്ഞു. അത് ശരിയാവില്ലെന്ന് ഞങ്ങള്‍ക്ക് അന്നേ അറിയാമായിരുന്നു എന്നാണ് മുകേഷ് ശോഭനയോട് പറഞ്ഞത്. സത്യത്തില്‍ ശോഭന ഒഴികെ ബാക്കി എല്ലാവര്‍ക്കും അറിയാമായിരുന്നു, അത് ശരിയാകില്ലെന്ന്,’ ശ്രീനിവാസന്‍ പറഞ്ഞു.

content highlight; Sreenivasan about shobhana’s script

We use cookies to give you the best possible experience. Learn more