| Wednesday, 8th January 2025, 12:28 pm

ആ മമ്മൂട്ടി ചിത്രം കണ്ട് രജിനി വൈകാരികമായി ചോദിച്ചു, താനിത്ര നന്നായി എഴുതുമോയെന്ന്: ശ്രീനിവാസൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ശ്രീനിവാസന്റെ രചനയിൽ പിറന്ന സൂപ്പർഹിറ്റ് ചിത്രമായിരുന്നു കഥപറയുമ്പോൾ. മമ്മൂട്ടിയും ശ്രീനിവാസനും പ്രധാന വേഷത്തിൽ എത്തിയ ചിത്രം വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്തിരുന്നു. ചിത്രത്തിന്റെ തമിഴ് റീമേക്ക് ആയിരുന്ന കുസേലനിൽ രജിനികാന്തും പശുപതിയുമായിരുന്നു പ്രധാന വേഷത്തിൽ എത്തിയത്.

കുസേലനിൽ രജിനികാന്ത് തന്റെ നിർബന്ധം കാരണമാണ് അഭിനയിച്ചതെന്ന് പറയുകയാണ് ശ്രീനിവാസൻ. മദ്രാസിലെ ഫിലിം ചേമ്പറിൽ ഒന്നിച്ച് പഠിച്ചവരാണ് രജിനിയും ശ്രീനിവാസനും. കഥപറയുമ്പോൾ എന്ന സിനിമ കണ്ടപ്പോൾ രജിനി വൈകാരികമായി തന്നോട് ചോദിച്ചത്, ഇത്ര നന്നായി എഴുതുമെന്ന് ആദ്യം അറിഞ്ഞില്ലല്ലോ എന്നാണെന്നും എന്നാൽ പഠിച്ചിരുന്ന കാലത്ത് തനിക്ക് എഴുതാൻ കഴിയുമെന്ന് അറിയില്ലായിരുന്നുവെന്ന് മറുപടി നൽകിയെന്നും ശ്രീനിവാസൻ പറഞ്ഞു.

പിന്നീട് സിനിമയുടെ റീമേക്കിനെ കുറിച്ച് ചിന്തിച്ചപ്പോൾ രജിനി അതിൽ നിന്ന് പിന്മാറാൻ ശ്രമിച്ചുവെന്നും എന്നാൽ തന്റെ നിർബന്ധം കാരണം അദ്ദേഹം അഭിനയിച്ചുവെന്നും ശ്രീനിവാസൻ കൂട്ടിച്ചേർത്തു. സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിനോട് സംസാരിക്കുകയിരുന്നു ശ്രീനിവാസൻ.

‘ഞാൻ എഴുതി മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘കഥപറയുമ്പോൾ’ സിനിമയുടെ തമിഴ് പതിപ്പിൽ രജിനികാന്താണ് അഭിനയിച്ചത്. അതിനായുള്ള ചർച്ചകൾക്കായി പിന്നീട് ഞങ്ങൾ കണ്ട് സംസാരിച്ചു. അദ്ദേഹത്തിന്റെ ചെന്നൈയിലെ വീട്ടിലും ഓഫീസിലുമെല്ലാം പോയിട്ടുണ്ട്. ഞാനും വിനീതും ധ്യാനും കൂടിയാണ് അദ്ദേഹത്തിന്റെ ലിബർട്ടി തീയേറ്ററിനടുത്തുള്ള ഓഫീസിൽ പോയത്.

പ്രിയദർശന്റെ മദിരാശിയിലെ സ്റ്റുഡിയോയിൽ വച്ചാണ് രജിനി ‘കഥപറയുമ്പോൾ’ സിനിമ കാണുന്നത്. സെവൻ ആർട്സ് വിജയ കുമാർ, രജിനി സിനിമ കാണാൻ വന്ന വിവരം എന്നെ അറിയിച്ചു. സിനിമ കഴിയുമ്പോഴേക്കും എത്താൻ ആവശ്യപ്പെട്ടത് പ്രകാരം ഞാൻ അവർ സിനിമ കണ്ടിറങ്ങി വരുന്ന വഴിയിൽ നിന്നു. സിനിമ കണ്ട് കണ്ണുനിറഞ്ഞ് പുറത്തിറങ്ങിയ രജിനി എന്നെ അടുത്തമുറിയിലേക്ക് കൈപിടിച്ച് കൂട്ടിക്കൊണ്ടുപോയി, വൈകാരികമായി സംസാരിച്ചു.

വ്യക്തിപരമായ ജീവിതാനുഭവങ്ങൾ അദ്ദേഹത്തെ ഉലച്ചിരിക്കണം. ഇങ്ങനെ എഴുതാനറിയുമെന്ന് അന്ന് പറഞ്ഞില്ലല്ലോ എന്നദ്ദേഹം ചോദിച്ചു. പഠിക്കുന്നകാലത്ത് എഴുതാൻ പറ്റുമെന്ന കാര്യം എനിക്കുതന്നെ അറിയില്ലായിരുന്നെന്ന് ഞാൻ മറുപടി പറഞ്ഞു. ഒരുസമയത്ത് ഒരു സിനിമ മാത്രമേ ചെയ്യുകയുള്ളൂ എന്നു പറഞ്ഞ്

കഥപറയുമ്പോഴിന്റെ തമിഴ് പതിപ്പിൽ നിന്ന് രജിനി മാറാൻ ശ്രമിച്ചെങ്കിലും ഞാൻ നിർബന്ധിച്ച് അദ്ദേഹത്തെ ആ സിനിമയിലേക്ക് കൊണ്ടുവന്നു.

‘കുസേലൻ’ സിനിമയുടെ ചിത്രീകരണം കാണാൻ കുടുംബസമേതമാണ് ഞാൻ സെറ്റിൽ പോയത്,’ശ്രീനിവാസൻ പറയുന്നു.

Content Highlight: Sreenivasan About Rajinikanth And Thamiz Remake Of Kadha paryumbol

We use cookies to give you the best possible experience. Learn more