മദ്രാസിലെ ഫിലിം ചേമ്പറിൽ ഒന്നിച്ച് പഠിച്ചവരാണ് സൂപ്പർ സ്റ്റാർ രജിനികാന്തും മലയാളത്തിന്റെ സ്വന്തം ശ്രീനിവാസനും. ശ്രീനിവാസൻ രചന നിർവഹിച്ച് മലയാളത്തിൽ സൂപ്പർഹിറ്റായി മാറിയ കഥപറയുമ്പോൾ എന്ന സിനിമയുടെ തമിഴ് റീമേക്കായ കുസേലനിൽ രജിനികാന്ത് ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. മലയാളത്തിൽ മമ്മൂട്ടി അവതരിപ്പിച്ച അശോക് കുമാർ എന്ന സിനിമ നടന്റെ വേഷത്തിലാണ് രജിനികാന്ത് തമിഴിൽ വേഷമിട്ടത്.
ഒരു സമയത്ത് ഒരു സിനിമ മാത്രമേ ചെയ്യുകയുള്ളൂ എന്നു പറഞ്ഞ് കഥപറയുമ്പോഴിന്റെ തമിഴ് പതിപ്പിൽ നിന്ന് രജിനി മാറാൻ ശ്രമിച്ചപ്പോൾ താനാണ് അദ്ദേഹത്തെ ആ സിനിമ ചെയ്യാൻ നിർബന്ധിച്ചതെന്ന് ശ്രീനിവാസൻ പറയുന്നു. കഥപറയുമ്പോൾ കണ്ടപ്പോൾ രജിനി വൈകാരികമായാണ് തന്നോട് സംസാരിച്ചതെന്നും ഇത്തരത്തിലൊക്കെ എഴുതാൻ കഴിയുമോയെന്നാണ് അന്ന് രജിനി തന്നോട് ചോദിച്ചതെന്നും ശ്രീനി കൂട്ടിച്ചേർത്തു. സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിനോട് സംസാരിക്കുകയായിരുന്നു ശ്രീനിവാസൻ.
കഥപറയുമ്പോഴിന്റെ തമിഴ് പതിപ്പിൽ നിന്ന് രജിനി മാറാൻ ശ്രമിച്ചെങ്കിലും ഞാൻ നിർബന്ധിച്ച് അദ്ദേഹത്തെ ആ സിനിമയിലേക്ക് കൊണ്ടുവന്നു
– ശ്രീനിവാസൻ
‘ഞാൻ എഴുതി മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘കഥപറയുമ്പോൾ’ സിനിമയുടെ തമിഴ് പതിപ്പിൽ രജിനികാന്താണ് അഭിനയിച്ചത്. അതിനായുള്ള ചർച്ചകൾക്കായി പിന്നീട് ഞങ്ങൾ കണ്ട് സംസാരിച്ചു. അദ്ദേഹത്തിന്റെ ചെന്നൈയിലെ വീട്ടിലും ഓഫീസിലുമെല്ലാം പോയിട്ടുണ്ട്. ഞാനും വിനീതും ധ്യാനും കൂടിയാണ് അദ്ദേഹത്തിന്റെ ലിബർട്ടി തീയേറ്ററിനടുത്തുള്ള ഓഫീസിൽ പോയത്.
പ്രിയദർശന്റെ മദിരാശിയിലെ സ്റ്റുഡിയോയിൽ വച്ചാണ് രജിനി ‘കഥപറയുമ്പോൾ’ സിനിമ കാണുന്നത്. സെവൻ ആർട്സ് വിജയ കുമാർ, രജിനി സിനിമ കാണാൻ വന്ന വിവരം എന്നെ അറിയിച്ചു. സിനിമ കഴിയുമ്പോഴേക്കും എത്താൻ ആവശ്യപ്പെട്ടത് പ്രകാരം ഞാൻ അവർ സിനിമ കണ്ടിറങ്ങി വരുന്ന വഴിയിൽ നിന്നു. സിനിമ കണ്ട് കണ്ണുനിറഞ്ഞ് പുറത്തിറങ്ങിയ രജിനി എന്നെ അടുത്തമുറിയിലേക്ക് കൈപിടിച്ച് കൂട്ടിക്കൊണ്ടുപോയി, വൈകാരികമായി സംസാരിച്ചു.
വ്യക്തിപരമായ ജീവിതാനുഭവങ്ങൾ അദ്ദേഹത്തെ ഉലച്ചിരിക്കണം. ഇങ്ങനെ എഴുതാനറിയുമെന്ന് അന്ന് പറഞ്ഞില്ലല്ലോ എന്നദ്ദേഹം ചോദിച്ചു. പഠിക്കുന്നകാലത്ത് എഴുതാൻ പറ്റുമെന്ന കാര്യം എനിക്കുതന്നെ അറിയില്ലായിരുന്നെന്ന് ഞാൻ മറുപടി പറഞ്ഞു.
ഒരുസമയത്ത് ഒരു സിനിമ മാത്രമേ ചെയ്യുകയുള്ളൂ എന്നു പറഞ്ഞ് കഥപറയുമ്പോഴിന്റെ തമിഴ് പതിപ്പിൽ നിന്ന് രജിനി മാറാൻ ശ്രമിച്ചെങ്കിലും ഞാൻ നിർബന്ധിച്ച് അദ്ദേഹത്തെ ആ സിനിമയിലേക്ക് കൊണ്ടുവന്നു. ‘കുസേലൻ’ സിനിമയുടെ ചിത്രീകരണം കാണാൻ കുടുംബസമേതമാണ് ഞാൻ സെറ്റിൽ പോയത്,’ശ്രീനിവാസൻ പറയുന്നു.
Content Highlight: Sreenivasan About Rajinikanth And Thamiz Ramake Of Kadhaparayumbol Movie