| Tuesday, 28th April 2020, 7:23 pm

'പട്ടണപ്രവേശം റിലീസ് ചെയ്യുന്ന സമയത്ത് പ്രഭാകരനെ കുറിച്ച് കേട്ടറിവ് പോലുമില്ല', 'ഇപ്പോഴത്തെ വ്യാഖ്യാനമൊക്കെ വിഡ്ഢിത്തം'; ശ്രീനിവാസന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അനൂപ് സത്യന്‍ സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ ഒരു സംഭാഷണം എല്‍.ടി.ടി. ഇ നേതാവ് വേലുപ്പിള്ള പ്രഭാകരനെ അപമാനിക്കുന്നതാണെന്ന് ഒരു വിഭാഗം ആരോപിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ പ്രതികരിച്ച് ശ്രീനിവാസന്‍.

1988ല്‍ പട്ടണപ്രവേശം ചെയ്യുന്ന സമയത്ത് വേലുപ്പിള്ളൈ പ്രഭാകരനെ കുറിച്ച് കാര്യമായി കേട്ടറിവ് പോലുമില്ലായിരുന്നുവെന്നാണ് ആ ചിത്രത്തിന് തിരക്കഥ നിര്‍വഹിച്ച ശ്രീനിവാസന്റെ പ്രതികരണം. ടൈംസ് ഓഫ് ഇന്ത്യയോടായിരുന്നു ശ്രീനിവാസന്റെ പ്രതികരണം.

ഒരു കള്ളക്കടത്തുകാരന് വളരെ സാധാരണമായ, പരിചിതമായ ഒരു നാടന്‍ പേര് വേണമെന്നത് മാത്രമായിരുന്നു ഞങ്ങളുടെ ഉദ്ദേശം. ആ ഒരു താല്‍പര്യത്തിന്റെ മേലാണ് പ്രഭാകരനെന്ന പേരിലെത്തിയത്. എല്‍.ടി.ടി.ഇയുടെ വേലുപ്പിള്ളൈ പ്രഭാകരനൊന്നും ആ സമയത്ത് ആലോചനയിലില്ല. 1988ല്‍ പട്ടണപ്രവേശം റിലീസ് ചെയ്യുന്ന സമയത്ത് പ്രഭാകരനെ കുറിച്ച് കാര്യമായി കേട്ടറിവുമില്ല. കേരളത്തില്‍ ഒരുപാട് പ്രഭാകരന്‍മാരുണ്ട്. പക്ഷേ ഒരു കള്ളകടത്തുകാരന് പ്രഭാകരനെന്ന പേര് സാധാരണമല്ല. ഇതേ ആശയത്തില്‍ നിന്ന് തന്നെയാണ് തിലകന്റെ കഥാപാത്രത്തിന് അനന്തന്‍ നമ്പ്യാര്‍ എന്ന് പേരിട്ടത്. വരനെ ആവശ്യമുണ്ട് സിനിമയിലെ പ്രഭാകരാ വിളി എല്‍.ടി.ടി.യെ അധിക്ഷേപിച്ചതായി വ്യാഖ്യാനിക്കുന്നതൊക്കെ വരനെ ആവശ്യമുണ്ട് സിനിമയിലെ പ്രഭാകരാ വിളി എല്‍.ടി.ടി.യെ അധിക്ഷേപിച്ചതായി വ്യാഖ്യാനിക്കുന്നതൊക്കെ വിഡ്ഢിത്തമാണ്. ബോധപൂര്‍വം പ്രഭാകരനെ എല്‍.ടി.ടി.ഇ നേതാവുമായി ഒരു ബന്ധം ഉണ്ടെന്ന് ആരോപിക്കുകയാണെങ്കില്‍ അതേ പോലെ അനന്തന്‍ നമ്പ്യാരെയും ആരെയെങ്കിലുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിക്കാനുമാകുമെന്ന് ശ്രീനിവാസന്‍ പറഞ്ഞു.

നടന്‍ ദുല്‍ഖര്‍ സല്‍മാനെതിരെ വ്യാപക അധിക്ഷേപമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായ സുരേഷ് ഗോപിയുടെ പട്ടിക്ക് ‘പ്രഭാകരന്‍’ എന്ന് പേരിട്ടതാണ് ആളുകളെ ചൊടിപ്പിച്ചത്.

തമിഴ് പുലി നേതാവായ വേലുപിള്ള പ്രഭാകരന്റെ പേര് പട്ടിക്ക് നല്‍കിയെന്ന് ആരോപിച്ചാണ് ദുല്‍ഖറിനെതിരെ തെറിവിളിയുമായി ഒരു കൂട്ടം തമിഴ് പുലി ആരാധകര്‍ രംഗത്ത് എത്തിയത്.

ദുല്‍ഖറിന്റെ പിതാവായ മമ്മൂട്ടിയെ അടക്കം അധിക്ഷേപിക്കുന്ന തരത്തിലാണ് ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടക്കുന്നത്. തങ്ങളുടെ നായക്ക് ദുല്‍ഖര്‍ എന്ന് പേരിടും എന്നാണ് ചിലര്‍ പറയുന്നത്.

ഇതിന് മറുപടിയുമായി ദുല്‍ഖര്‍ രംഗത്ത് എത്തിയിരുന്നു. പ്രഭാകരന്‍ എന്ന പേരുമായി ബന്ധപ്പെട്ട തമാശ തമിഴ് ജനതയെ അപമാനിക്കുന്നതായി നിരവധി ആളുകള്‍ തന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായി ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

എന്നാല്‍ അത്തരത്തിലെരു പേര് ഉപയോഗിച്ചത് പട്ടണപ്രവേശം എന്ന സിനിമയില്‍ നിന്നും ഊര്‍ജം കൊണ്ടാണെന്നും ഈ പേര് മലയാളിയ്ക്ക് പരിചിതമായ തമാശയാണെന്നും ദുല്‍ഖര്‍ വ്യക്തമാക്കി.
പ്രഭാകരന്‍ എന്ന പേര് കേരളത്തില്‍ പൊതുവേ ഉപയോഗിക്കുന്നതാണെന്നും ദുല്‍ഖര്‍ പറഞ്ഞു.

സിനിമയുടെ തുടക്കത്തില്‍ പരാമര്‍ശിക്കുന്നതുപോലെ ചിത്രത്തില്‍ ജീവിച്ചിരിക്കുന്നതോ മരിച്ചതുമായ ആരെ കുറിച്ചും പരാമര്‍ശിക്കുന്നില്ല. സിനിമ കാണാതെയാണ് പലരും അഭിപ്രായം പറയുന്നത്. വെറുപ്പ് പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണ്.

എന്നെയും സംവിധായകനെയും വിമര്‍ശിക്കുന്നത് അംഗീകരിക്കാം. പക്ഷേ ദയവായി ഞങ്ങളുടെ പിതാക്കന്മാരേയോ സിനിമയിലെ മുതിര്‍ന്ന അഭിനേതാക്കളെയും മോശമായി ചിത്രീകരിക്കരുത്. സിനിമയില്‍ പരാമര്‍ശിച്ച പേര് വിഷമിപ്പിച്ച തമിഴ് ജനതയോട് ക്ഷമ ചോദിക്കുന്നതായും ദുല്‍ഖര്‍ പറഞ്ഞു. പട്ടണപ്രവേശം സിനിമയിലെ രംഗവും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more