മമ്മൂട്ടിക്കൊപ്പമുണ്ടായ രസകരമായ അനുഭവം പങ്കുവെക്കുകയാണ് ശ്രീനിവാസന്‍. മക്കളെ രണ്ട് പേരെയും മമ്മൂട്ടിക്ക് വലിയ ഇഷ്ടമാണെന്നും അവരെ പറ്റി സംസാരിച്ചപ്പോള്‍ സിനിമയില്‍ പോലും കാണാത്ത മുഖഭാവങ്ങള്‍ അദ്ദേഹത്തില്‍ കണ്ടെന്നും ശ്രീനിവാസന്‍ പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാനും മമ്മൂട്ടിയും കൂടി സംസാരിച്ചുകൊണ്ടിരിക്കുകയാണ്. രണ്ട് മക്കളേയും മമ്മൂക്കക്ക് ഭയങ്കര ഇഷ്ടമാണ്. നിങ്ങള് ശരിക്കും ഭാഗ്യവാനാണ് എന്ന് ഞാന്‍ മമ്മൂക്കയോട് പറഞ്ഞു. ഞാന്‍ അങ്ങനെ പുള്ളിയെ പ്രശംസിക്കാറൊന്നുമില്ല. അതുകൊണ്ട് നെറ്റിയില്‍ കൂടിയൊക്കെ ലൈറ്റ് കത്തിക്കുന്ന ഒരു തെളിച്ചം വന്നു.
ഭാഗ്യവാന്‍ എന്ന് വിളിക്കാനുള്ള കാരണമെന്താണെന്ന മട്ടില്‍ പുള്ളി എന്നെ ഒന്ന് നോക്കി. മറ്റൊന്നുമല്ല, നിങ്ങളുടെ രണ്ട് മക്കളും നിങ്ങളെ പോലെ ആയില്ലല്ലോ എന്ന് ഞാന്‍ പറഞ്ഞു. പുള്ളീടെ മുഖത്ത് 37 വികാരങ്ങള്‍ അപ്പോള്‍ വന്നു, അത് സിനിമയിലൊന്നും കണ്ടിട്ടില്ല, പിന്നെ അത് ഞാന്‍ കണ്ടിട്ടുമില്ല,’ ശ്രീനിവാസന്‍ പറഞ്ഞു.
മകന്‍ ധ്യാനിനേയും കുറിച്ചും ശ്രീനിവാസന്‍ അഭിമുഖത്തില്‍ സംസാരിച്ചിരുന്നു. ലവ് ആക്ഷന്‍ ഡ്രാമ സംവിധാനം ചെയ്തപ്പോള്‍ തനിക്ക് ധ്യാനിനോട് ബഹുമാനം തോന്നിയെന്ന് ശ്രീനിവാസന്‍ പറഞ്ഞു.
‘ധ്യാന്‍ ആദ്യം സംവിധാനം ചെയ്ത ലവ് ആക്ഷന്‍ ഡ്രാമ എന്ന സിനിമയില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അവന്റെ അവിടുത്തെ പ്രവര്‍ത്തികളില്‍ എനിക്ക് അഭിമാനം തോന്നി. ഇത്രയൊക്കെ ചുരുങ്ങിയ കാലംകൊണ്ട് ഇവന്‍ പഠിച്ചല്ലോ എന്നാണ് എനിക്ക് തോന്നിയത്. അതുകൊണ്ട് ഇവനിലെ സംവിധായകനെയാണ് എനിക്കിഷ്ടം, അത് കഴിഞ്ഞാണ് നടന്‍ വരുന്നുള്ളൂ,’ ശ്രീനിവാസന്‍ പറഞ്ഞു.
ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം സിനിമയില്‍ നിന്നും ഇടവേളയിലായിരുന്ന ശ്രീനിവാസന്‍ അടുത്തിടെ കുറുക്കന്‍ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു. നവാഗതനായ ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രീനിവാസനെ കൂടാതെ വിനീത് ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ജൂലൈ 27ന് റിലീസ് ചെയ്ത ചിത്രത്തില്‍ സുധീര്‍ കരമന, ശ്രീകാന്ത് മുരളി, ദിലീപ് മേനോന്‍,ജോജി ജോണ്‍, അശ്വത് ലാല്‍, ബാലാജി ശര്‍മ, കൃഷ്ണന്‍ ബാലകൃഷ്ണന്‍, നന്ദന്‍ ഉണ്ണി, അസീസ് നെടുമങ്ങാട്, മാളവിക മേനോന്‍, ഗൗരി നന്ദ, ശ്രുതി ജയന്‍, അഞ്ജലി സത്യനാഥ് തുടങ്ങിയവരും അഭിനയിച്ചിരുന്നു.
Content Highlight: Sreenivasan about his funny comment to mammootty