കുടുംബത്തോടൊപ്പം കഴിഞ്ഞതിലും കൂടുതൽ ഞങ്ങൾ ഒരുമിച്ച് കഴിഞ്ഞിട്ടുണ്ട്, പല സിനിമകളും പിറന്നത് അപ്പോഴാണ്: ശ്രീനിവാസൻ
Entertainment
കുടുംബത്തോടൊപ്പം കഴിഞ്ഞതിലും കൂടുതൽ ഞങ്ങൾ ഒരുമിച്ച് കഴിഞ്ഞിട്ടുണ്ട്, പല സിനിമകളും പിറന്നത് അപ്പോഴാണ്: ശ്രീനിവാസൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 30th November 2024, 1:26 pm

മലയാളികൾക്ക് എന്നും ഓർത്തിരിക്കാവുന്ന സിനിമകൾ സമ്മാനിച്ച കൂട്ടുകെട്ടാണ് സത്യൻ അന്തിക്കാട് – ശ്രീനിവാസൻ എന്നിവരുടേത്. കുടുംബപ്രേക്ഷർക്കിടയിൽ മോഹൻലാലിന് വലിയ സ്വീകാര്യത നേടിക്കൊടുക്കാൻ ഇവരുടെ സിനിമകൾക്ക് കഴിഞ്ഞു. നാടോടിക്കാറ്റ്, സന്മനസുള്ളവർക്ക് സമാധാനം, വരവേല്പ് തുടങ്ങിയ മികച്ച സിനിമകൾ ഇരുവരും അണിയിച്ചൊരുക്കി.

ജീവിതാനുഭവങ്ങളിൽ നിന്നാണ് തന്റെയും സത്യന്റെയും സിനിമകൾ ഉണ്ടാവുന്നതെന്നും നാടോടിക്കാറ്റും ഗാന്ധി നഗർ സെക്കന്റ്‌ സ്ട്രീറ്റുമൊക്കെ അങ്ങനെയാണ് ഉണ്ടായതെന്നും ശ്രീനിവാസൻ പറയുന്നു. ആകാശത്തിനുതാഴെയുള്ള പലവിഷയങ്ങളെ കുറിച്ചും തങ്ങൾ സംസാരിക്കാറുണ്ടായിരുന്നുവെന്നും കുടുംബത്തോടെയൊപ്പം കഴിഞ്ഞതിലും സത്യൻ അന്തിക്കാടിനൊപ്പമാണ് താൻ കഴിഞ്ഞിട്ടുള്ളതെന്നും ശ്രീനിവാസൻ പറഞ്ഞു. അംതൃഭുമി സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സിനിമയ്ക്കുവേണ്ടി ഒന്നിക്കുന്ന ചങ്ങാത്തമായിരുന്നില്ല ഞങ്ങളുടേത്. ആകാശത്തിനുതാഴെയുള്ള പലവിഷയങ്ങളെ കുറിച്ചും സംസാരിച്ചു. പിന്നീടവയിൽ ചിലതെല്ലാം സിനിമകളായി പിറന്നു. ചുറ്റുപാടുകളിൽ നിന്ന് പലപ്പോഴും കഥാപാത്രങ്ങൾ ഞങ്ങളെ തേടിവരികയായിരുന്നു.

ഞങ്ങൾ ഒന്നിച്ചിരിക്കുമ്പോൾ സിനിമയുടെ കഥകൾ വളരെ വേഗത്തിൽ തയ്യാറായി. ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ് അത്തരത്തിലൊന്നാണ്. സിനിമയുടെ പേരാണ് ആദ്യം ജനിച്ചത്. പിന്നീട് കഥാപാത്രങ്ങളെ സൃഷ്ടിക്കുകയായിരുന്നു. സമയമെടുത്ത് പൂർത്തിയാക്കിയ സിനിമയാണ് നാടോടിക്കാറ്റ്. ഏതാണ്ട് ഒരുവർഷം വേണ്ടിവന്നു.

രഘുനാഥ് പാലേരി എഴുതിയ പൊൻമുട്ടയിടുന്ന താറാവിൽ മോഹൻലാലിനെയായിരുന്നു ആദ്യം കേന്ദ്രകഥാപാത്രമായി കണ്ടിരുന്നത്. പിന്നീട് ഇന്നസെന്റാണ് തട്ടാൻ ഭാസ്ക്കരനായി എൻ്റെ പേര് നിർദേശിക്കുന്നത്. അച്ഛൻ നടത്തിയ ബസ് സർവീസിനെക്കുറിച്ച് ഒരിക്കൽ സത്യനോട് സംസാരിച്ചു.

അതിൽ നിന്നാണ് വരവേൽപ്പ് എന്ന സിനിമ ജനിക്കുന്നത്. മുൻകുട്ടി നിശ്ചയിച്ചൊരുക്കിയ കഥകളിൽ നിന്നല്ല ഞങ്ങളുടെ സിനിമകൾ പിറന്നത്. ഒന്നിനുപുറകെ ഒന്നായി സിനിമകൾ ചെയ്‌തകാലത്ത്, വർഷത്തിൽ കുടുംബത്തോടൊപ്പം കഴിഞ്ഞതിലും കൂടുതൽ ഞങ്ങൾ ഒരുമിച്ചാണ് ചിലവിട്ടത്. ഒരു മുറിയിൽ ഒരു കട്ടിലിൽ കഴിഞ്ഞു,’ശ്രീനിവാസൻ പറയുന്നു.

അതേസമയം സത്യൻ അന്തിക്കാടും ശ്രീനിവാസനും അവസാനമായി ഒന്നിച്ച ഞാൻ പ്രകാശൻ എന്ന ചിത്രം തിയേറ്ററിൽ വലിയ വിജയമായിരുന്നു. വലിയ ഇടവേളയ്ക്ക് ശേഷം മോഹൻലാലും സത്യൻ അന്തിക്കാടും വീണ്ടും ഒന്നിക്കുന്ന ഹൃദയ പൂർവം എന്ന സിനിമ ഉടനെ ഷൂട്ടിങ് ആരംഭിക്കും. ഐശ്വര്യ ലക്ഷ്മി, സംഗീത തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം അടുത്ത വർഷം ഓണത്തിന് തിയേറ്ററിൽ എത്തുമെന്നാണ് കരുതുന്നത്.

 

Content Highlight: Sreenivasan About Friendship With Sathyan Anthikkad