Entertainment
എത്ര കാത്തിരുന്നിട്ടും ജഗതി ചേട്ടൻ വന്നില്ല, ഒടുവിൽ ആ വേഷം ഞങ്ങൾ മറ്റൊരു നടന് നൽകി: ശ്രീനിവാസൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 09, 04:49 am
Thursday, 9th January 2025, 10:19 am

ശ്രീനിവാസൻ – സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ പിറന്ന എവർഗ്രീൻ സിനിമയാണ് സന്ദേശം. ഇന്നും വലിയ റിപ്പീറ്റ് വാല്യൂ ഉള്ള സന്ദേശം ആക്ഷേപ ഹാസ്യമായാണ് ശ്രീനിവാസൻ ഒരുക്കിയത്. ജയറാം, തിലകൻ, കവിയൂർ പൊന്നമ്മ തുടങ്ങിയ വലിയ താരനിര ഒന്നിച്ച ചിത്രത്തിൽ മാള അരവിന്ദനും ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു.

എന്നാൽ മാള അരവിന്ദൻ അവതരിപ്പിച്ച ആ കഥാപാത്രം ആദ്യം ചെയ്യാനിരുന്നത് നടൻ ജഗതി ശ്രീകുമാറാണെന്നും അദ്ദേഹം അഭിനയിക്കാമെന്ന് വാക്ക് തന്നിരുന്നുവെന്നും ശ്രീനിവാസൻ പറയുന്നു. എന്നാൽ ഷൂട്ടിങ് തുടങ്ങുന്ന ദിവസം എത്ര വിളിച്ചിട്ടും ജഗതി ശ്രീകുമാറിനെ കിട്ടിയില്ലെന്നും പിന്നീട് അന്വേഷിച്ചപ്പോൾ അദ്ദേഹം മറ്റൊരു സിനിമയുടെ തിരക്കിലാണെന്ന് അറിഞ്ഞെന്നും ശ്രീനിവാസൻ കൂട്ടിച്ചേർത്തു. ഒരു പഴയ അഭിമുഖത്തിലാണ് ശ്രീനിവാസൻ ഈ കാര്യം പറഞ്ഞത്.

‘ഞാന്‍ എഴുതുകയും സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുകയും ചെയ്ത ചിത്രമായ സന്ദേശത്തിന്റെ ഒരു ആവശ്യത്തിനായി ഞങ്ങള്‍ കോഴിക്കോട്ടേക്ക് പോകുമ്പോള്‍ ട്രെയിനില്‍ വെച്ച് ജഗതി ശ്രീകുമാറിനെ കണ്ടു. അതിലൊരു റോള്‍ അഭിനയിക്കുന്ന കാര്യം അതിന് മുമ്പ് ഞങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു.

എന്നെ കണ്ടപ്പോള്‍ അദ്ദേഹം ചോദിച്ചത് എട്ടാം തീയതി തന്നെയല്ലേ ഷൂട്ടിങ് തുടങ്ങേണ്ടത് ഞാന്‍ അന്നല്ലേ വരേണ്ടത് എന്നൊക്കെയായിരുന്നു. കുറെ ദിവസങ്ങള്‍ അങ്ങനെ കടന്നു പോയി. ഇന്ന് പുറപ്പെടുകയാണ്, പന്ത്രണ്ട് മണി എന്നൊരു സമയം ഉണ്ടെങ്കില്‍ ഞാന്‍ അവിടെ എത്തിയിരിക്കും ആ കഥാപാത്രം ഞാന്‍ തന്നെ ചെയ്യും എന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. ജയറാമിന്റെയും എന്റെയും ചേച്ചിയുടെ ഭര്‍ത്താവായിട്ടായിരുന്നു അദ്ദേഹത്തിന് ആ ചിത്രത്തില്‍ വേഷം.

അങ്ങനെ ഞങ്ങള്‍ പിന്നെയും വിളിച്ചപ്പോള്‍ ജഗതി പുറപ്പെട്ടിട്ടുണ്ടെന്ന് വിവരം കിട്ടി. പന്ത്രണ്ട് മണി കഴിഞ്ഞു, ഒരു മണി കഴിഞ്ഞു, ആ ദിവസം മുഴുവന്‍ കഴിഞ്ഞു.

ജഗതി ശ്രീകുമാര്‍ മാത്രം വന്നില്ല. പിന്നീട് അന്വേഷിച്ചപ്പോഴാണ് അദ്ദേഹം മദിരാശിയില്‍ വേറൊരു സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണെന്ന് അറിയുന്നത്.

പിന്നെ വേറെ വഴിയില്ലാതെ ഞങ്ങള്‍ മാള അരവിന്ദനെ കൊണ്ട് ആ വേഷം ചെയ്യിപ്പിക്കുകയായിരുന്നു

,’ ശ്രീനിവാസന്‍ പറയുന്നു.

Content Highlight: Sreenivasan About Casting Of Sandhesham Movie