തെലുങ്കു കന്നഡ ഇന്‍ഡസ്ട്രികളില്‍ നിന്നും വരുന്ന മാസ് മസാല സിനിമകള്‍ ഇന്ത്യയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. നിരവധി പ്രേക്ഷകരെ എന്റര്‍ടെയ്ന്‍ ചെയ്യുമ്പോഴും കോടികള്‍ കളക്ഷന്‍ വാരുമ്പോഴും സിനിമക്കെതിരെ ചില വിമര്‍ശനങ്ങള്‍ ഉണ്ടാവാറുണ്ട്.
അതില്‍ പ്രധാനപ്പെട്ടതാണ് ഈ സിനിമകളിലെ സ്ത്രീപ്രാതിനിധ്യവും പ്രാധാന്യവും. നായകനെ പ്രേമിക്കാനും നാലഞ്ചു പാട്ടിനും മാത്രമാണ് സാധാരണ ഇത്തരം ചിത്രങ്ങളില്‍ നായികമാരുണ്ടാവാറുള്ളത്.
ഈ ചര്‍ച്ചയിലേക്ക് ഏറ്റവും ഒടുവില്‍ വന്നതാണ് കെ.ജി.എഫ് ചാപ്റ്റര്‍ ടു. റോക്കിയുടെ എന്റര്‍ടെയ്ന്‍മെന്റാകുന്നതിന് അപ്പുറം നായികക്ക് ചിത്രത്തില്‍ പ്രാധാന്യമില്ല എന്ന വിമര്‍ശനങ്ങള്‍ ചിത്രത്തിന് നേരെ ഉയര്‍ന്നിരുന്നു.
ഇതിനിടക്ക് ഒരു അഭിമുഖത്തില്‍ കെ.ജി.എഫ് നായിക ശ്രീനിധി ഷെട്ടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ഷോട്ട് നന്നായെന്ന് തോന്നിയില്ലെങ്കില്‍ അത് വീണ്ടും എടുക്കണമെന്ന് പറയാനുള്ള സ്വാതന്ത്രം യഷിനുള്ളത് പോലെ തനിക്കില്ലെന്നാണ് ശ്രീനിധി പറഞ്ഞത്. ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്രീനിധി ഇക്കാര്യം വ്യക്തമാക്കിയത്.
താന്‍ അഭിനയിച്ച ഷോട്ടില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം നടത്തുന്നതാരാണ്, അല്ലെങ്കില്‍ ഒരു ഷോട്ട് വീണ്ടും വീണ്ടും എടുക്കണമെന്ന് പറയുന്നതാരാണെന്നായിരുന്നു ചോദ്യം. ഉടന്‍ തന്നെ യഷ് കൈ പൊക്കി അത് താനാണെന്ന് പറയുകയായിരുന്നു. ഈ ചോദ്യത്തിനായിരുന്നു ശ്രീനിധിയുടെ മറുപടി.
‘വീണ്ടും വീണ്ടും ടേക്കെടുക്കെന്ന് പറയാനുള്ള സ്വാതന്ത്യം യഷിനുണ്ട്. ഞാനൊരിക്കലും എടുത്ത എല്ലാ ടേക്കിലും സന്തോഷവതിയായിരുന്നില്ല. ചില രംഗങ്ങള്‍ ശരിയായില്ലെന്ന് തോന്നും. അത് പറഞ്ഞാല്‍ എനിക്കിഷ്ടമായി നീ പോയി ഇരുന്നോളാന്‍ സംവിധായകന്‍ പറയും. ഞാന്‍ മിണ്ടാതെ പോയിരിക്കും.
അതുകൊണ്ട് അപൂര്‍വമായി മാത്രമേ ഞാന്‍ എടുത്ത ടേക്കുകളെ എനിക്ക് വിമര്‍ശനാത്മകമായി കാണാന്‍ സാധിക്കാറുള്ളൂ. ഞാന്‍ ചെയ്യുന്നത് എല്ലാം എനിക്ക് ഇഷ്ടപ്പെടാറില്ല. കുറച്ചുകൂടി നന്നാക്കണമെന്ന് തോന്നും. എന്നാല്‍ അത് പറയാനുള്ള സ്വാതന്ത്യം എനിക്കില്ല,’ ശ്രീനിധി പറഞ്ഞു.
Content Highlight: sreenidhi shetty says Yash has the freedom to say to take a shot again and again which she do not have