Daily News
ഗുരുവിന്റെ വിവാദ നിശ്ചലദൃശ്യം: അവസരമുണ്ടായാല്‍ ഇനിയും ചെയ്യുമെന്ന് സംവിധായകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 Oct 07, 08:14 am
Wednesday, 7th October 2015, 1:44 pm
ഫോട്ടോ കടപ്പാട്: പച്ചക്കുതിര

ഫോട്ടോ കടപ്പാട്: പച്ചക്കുതിര

കോഴിക്കോട്: ഹൈന്ദവ വര്‍ഗീയവാദികള്‍ ഗുരുവിനെ ത്രിശൂലമുള്ള കുരിശില്‍ തറക്കുന്നതിലൂടെ വിവാദമായ നിശ്ചലദൃശ്യം അവസരമുണ്ടായാല്‍ ഇനിയും ചെയ്യുമെന്ന് നിശ്ചലദൃശ്യത്തിന്റെ സംവിധായകന്‍ മുരളി കൂവോട്. നിര്‍മ്മാല്യത്തിന്റെ ലാസ്റ്റ് സീനില്‍ തുടങ്ങി ഈ നിശ്ചലദൃശ്യത്തിലൂടെ കടന്നുപോകുന്ന തെരുവുനാടകം അവതരിപ്പിക്കണമെന്നും വിവാദ നിശ്ചലദൃശ്യത്തിന്റെ സംവിധായകന്‍ മുരളി കൂവോട് പറഞ്ഞു.

തങ്ങള്‍ അവതരിപ്പിച്ച നിശ്ചലദൃശ്യത്തില്‍ ത്രിശൂലവും ഗുരുവചനവും എടുത്തുമാറ്റി വ്യാപകമായി പ്രചരിപ്പിച്ചതിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ദൃശ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ട ചിത്രം രണ്ടുപേര്‍ ചേര്‍ന്ന് ശ്രീനാരായണ ഗുരുവിനെ കുരിശില്‍ തറയ്ക്കുന്ന ദൃശ്യമാണ്. എന്നാല്‍ ശ്രീനാരായണ ഗുരുവിനെ ഒരു ത്രിശൂലത്തിന്റെ പശ്ചാത്തലത്തില്‍ കുരിശില്‍ തറക്കുന്നതായിരുന്നു തങ്ങളുടെ പ്ലോട്ട്.

മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന ഗുരുസന്ദേശവും പ്ലോട്ടിനു താഴെയുണ്ടായിരുന്നു. ഈ രണ്ട് ഭാഗങ്ങളും കട്ട് ചെയ്തായിരുന്നു മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടതെന്നും അദ്ദേഹം വിശദീകരിക്കുന്നു.

1974ല്‍ നിര്‍മ്മാല്യം ചെയ്ത നാട്ടില്‍ ഇതുവിവാദമായത് പുതിയ അസഹിഷ്ണുതയുടെ തെളിവാണെന്നും കവിയും പ്രഭാഷകനുമായ കരിവള്ളൂര്‍ മുരളിയും “പച്ചക്കുതിര പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍” അഭിപ്രായപ്പെട്ടു. ഭാര്യ ഒരു ജാരബന്ധത്തില്‍ ഏര്‍പ്പെടുന്നതു കണ്ട് തകര്‍ന്നുപോയ വെളിച്ചപ്പാട് പുറത്തേക്കോടി പള്ളിവാളുകൊണ്ട് തന്റെ നെറ്റിയില്‍ ആഞ്ഞുകൊത്തി. ഊറിക്കൂടിയ ചോര ക്ഷേത്രത്തിലെ ദേവീവിഗ്രഹത്തിലേക്കു തുപ്പുന്നതായിരുന്നു നിര്‍മ്മാല്യത്തിലെ അവസാന രംഗം കരിവള്ളൂര്‍ മുരളി ചൂണ്ടിക്കാട്ടുന്നു.

സൗമ്യനായ എഴുത്തുകാരനായ എം.ടിയുടെ സിനിമയില്‍ പി.ജെ ആന്റണിയെന്ന ക്രിസ്ത്യന്‍ പേരുള്ള മഹാനടനായിരുന്നു വെളിച്ചപ്പാടായി അഭിനയിച്ചത്. ഒരു പ്രതിഷേധ പ്രമേയംപോലുമില്ലാതെ ഒരു കൂക്കിവിളിയോ മുദ്രാവാക്യമോ ഇല്ലാതെ ഭഗവതിയുടെ മുഖത്ത് ഒരു ക്രിസ്ത്യാനി തുപ്പിയെന്നാരും പരാതി പറയാതെ അന്നത്തെ തലമുറ ആ സിനിമ കണ്ടു. കേന്ദ്രസര്‍ക്കാറിന്റെ ഏറ്റവും മികച്ച സിനിമയ്ക്കുള്ള രജതകമലം ഈ സിനിമയ്ക്കു ലഭിച്ചു. ഇന്ത്യയിലെ ഏറ്റവും നല്ല നടനുള്ള അവാര്‍ഡ് പി.ജെ ആന്റണിക്കും സംവിധായകനുള്ള അവാര്‍ഡ് എം.ടി ക്കും ലഭിച്ചുവെന്നും കരിവള്ളൂര്‍ മുരളി ചൂണ്ടിക്കാട്ടുന്നു.

40 വര്‍ഷം മുമ്പുള്ള തലമുറ കാണിച്ചിട്ടില്ലാത്ത ഒരസഹിഷ്ണുതയാണ് നിശ്ചലദൃശ്യത്തിനെതിരായി ഇപ്പോള്‍ പലരും കാണിക്കുന്നത്. മഞ്ഞത്തുണി ചുറ്റിയിട്ടുള്ള ഗുരുവിനെ അദ്ദേഹത്തിന്റെ ശിക്ഷ്യപരമ്പരകളാണെന്ന് അവകാശപ്പെട്ടുകൊണ്ട് വര്‍ഗീയഫാസിസ്റ്റ് ശക്തികള്‍ ആക്രമിക്കുകയാണ്. ഗുരുവിന്റെ ദര്‍ശനങ്ങളെ ആണിയടിച്ച് നിശ്ചലമാക്കുകയാണ്. ഇപ്രകാരം ചിത്രീകരിച്ചത് വളരെ കൃത്യമായ രാഷ്ട്രീയമുണ്ട്. സാംസ്‌കാരികമായി ഉയര്‍ന്ന മൂല്യമുള്ള ആശയമുണ്ടെന്നും കരിവള്ളൂര്‍ മുരളി പറയുന്നു.

കൂവോട് ഗ്രാമത്തിലെ ഗ്രാമവാസികള്‍ തങ്ങളെ അഭിനന്ദിച്ചുവെന്നും മുരളി കൂവോട് പറഞ്ഞു. അതേസമയം കരിവള്ളൂര്‍ മുരളിയും പുകാസ ജില്ലാ സെക്രട്ടറി എം.കെ മനോഹരനുമാണ് സാംസ്‌കാരിക രംഗത്തുനിന്ന് തങ്ങള്‍ പറഞ്ഞത് ശരിയാണെന്നു പറയാന്‍ തയ്യാറായത്. സോഷ്യല്‍ മീഡിയകളില്‍ വലിയ പിന്തുണ കിട്ടിയെന്നും മുരളി കൂവോട് പറഞ്ഞു.

ഈ നിശ്ചലദൃശ്യം പൂര്‍ണമായും കാണിക്കുവാനോ ആരോപണവിധേയരായ ഞങ്ങളോട് വിശദീകരണം തേടുവാനോ കേരളത്തില്‍ ഒരൊറ്റ മാധ്യമവും തയ്യാറായില്ലെന്നും സംവിധായകന്‍ പരാതിപ്പെടുന്നു. കാര്‍ഷിക ഗ്രാമമായ കൂവോടിന്റെ വിപുലമായ കലാപൈതൃകവും മുരളി കൂവോട് വിശദീകരിക്കുന്നുണ്ട്. 1980ല്‍ മികച്ച നിശ്ചലദൃശ്യത്തിനുള്ള സംസ്ഥാന അവാര്‍ഡ് കൂവോട് വായനശാലയ്ക്കായിരുന്നു ലഭിച്ചിരുന്നത്. കൂവോട് ഗ്രാമത്തില്‍ അമ്പലങ്ങളോ പള്ളികളോ ഇല്ല. നമ്പ്യാര്‍ക്കും തിയ്യന്മാര്‍ക്കും നായന്മാര്‍ക്കും പുലയന്മാര്‍ക്കുമായി ഒരു പൊതുശ്മശാനമേയുള്ളൂ. അതാണ് കൂവോടിന്റെ പാരമ്പര്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ നിശ്ചലദൃശ്യം സംവിധാനം ചെയ്ത ചെത്തുതൊഴിലാളി കൂടിയായ മുരളി കൂവോട് താഹമാടായിയുമായി സംസാരിക്കുകയായിരുന്നു.