| Sunday, 14th November 2021, 6:15 pm

സെക്കന്റ് ഷോയ്ക്കും കുറുപ്പിനും രണ്ടാം ഭാഗം ഉണ്ടാകും; വെളിപ്പെടുത്തി സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ചിത്രം കുറുപ്പിന്റെ രണ്ടാം ഭാഗവും ഉണ്ടാകുമെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍. ഫേസ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകും, ഏതായാലും ഇപ്പോഴില്ല. രണ്ടാം ഭാഗം പ്രതീക്ഷിച്ചോളൂ. ലേറ്റ് ആയി വന്നാലും നല്ല രസമായി തന്നെ വരും എന്നാണ് ശ്രീനാഥ് രാജേന്ദ്രന്‍ പറഞ്ഞത്.

ദുല്‍ഖര്‍ നായകനായെത്തിയ ആദ്യചിത്രം സെക്കന്റ് ഷോയ്ക്കും ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാലുമായി ഒരു സിനിമ ചെയ്യണമെന്നത് തന്റെ ആഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പിന് പ്രേക്ഷകര്‍ ഒന്നടങ്കം വമ്പന്‍ സ്വീകരണമാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. കേരളത്തില്‍ ഒരു ദിവസം ഏറ്റവും കൂടുതല്‍ ഷോകള്‍ കളിക്കുന്ന ചിത്രമെന്ന റെക്കോര്‍ഡ് കരസ്ഥമാക്കിയ കുറുപ്പ് കേരളത്തില്‍ 500 സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിനെത്തിയത്. എന്നാല്‍ വൈകിട്ടായപ്പോഴേക്കും അത് 550 സ്‌ക്രീനുകളിലേക്ക് എത്തിയിരുന്നു.

ദുല്‍ഖര്‍ സല്‍മാന്റെ ആദ്യചിത്രമായ സെക്കന്‍ഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം നിര്‍വഹിച്ച കുറുപ്പ് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായാണ് പ്രേക്ഷകരിലേക്കെത്തിയത്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുവാന്‍ റെക്കോര്‍ഡ് തുകയുടെ ഓഫറാണ് ചിത്രത്തിന് ലഭിച്ചത്. എങ്കിലും ആ ഓഫറുകളെ അവഗണിച്ച് ചിത്രം തീയറ്ററുകളില്‍ റിലീസ് ചെയ്യുകയായിരുന്നു.

ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതല്‍ 35 കോടിയാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം. സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്സും ചേര്‍ന്നാണ്. ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ. എസ്. അരവിന്ദും ചേര്‍ന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വലാലും കുറുപ്പിന് പിന്നിലുണ്ട്.

കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. മറ്റൊരു ദേശീയ അവാര്‍ഡ് ജേതാവായ വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.

മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Sreenath Rajendran says there will be second part for Second Show and Kurup

We use cookies to give you the best possible experience. Learn more