| Thursday, 4th November 2021, 2:50 pm

സുകുമാരക്കുറുപ്പ് എന്ന വ്യക്തിയെ ആഘോഷിക്കാന്‍ ഞങ്ങള്‍ക്കും താല്‍പര്യമില്ല, പക്ഷേ സിനിമയെ സെലിബ്രേറ്റ് ചെയ്യണം: സംവിധായകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘കുറുപ്പ്’ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ടീ ഷര്‍ട്ടുകള്‍ പുറത്തിറക്കിയതിന് പിന്നാലെ ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഒരു കൊലപാതകിയെ സിനിമ ആഘോഷിക്കുന്നു എന്നതായിരുന്നു പ്രധാന വിമര്‍ശനം. ഇത്തരം വിമര്‍ശനങ്ങളോട് തന്റെ മറുപടി വ്യക്തമാക്കുകയാണ് സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍.

‘കുറുപ്പ്’ എന്ന സിനിമയെയാണ് തങ്ങള്‍ പ്രൊമോട്ട് ചെയ്യുന്നതെന്നും സുകുമാരക്കുറുപ്പ് എന്ന വ്യക്തിയെയല്ലെന്നും ഇത് രണ്ടും രണ്ടാണെന്നും ശ്രീനാഥ് ഏഷ്യാനെറ്റ് ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പ്രേക്ഷകരെ എന്റര്‍ടെയ്ന്‍ ചെയ്യാനായി ഞങ്ങള്‍ എടുത്തിരിക്കുന്നത് ഒരു സിനിമയാണ്. വ്യക്തിയെ സെലിബ്രേറ്റ് ചെയ്യുമ്പോഴാണ് പ്രശ്‌നം. സുകുമാരക്കുറുപ്പ് എന്ന വ്യക്തിയെ ആഘോഷിക്കാന്‍ ഞങ്ങള്‍ക്കും തീരെ താല്‍പര്യമില്ല. പക്ഷേ സിനിമയെ സെലിബ്രേറ്റ് ചെയ്യണം. ആ സിനിമയുടെ പേര് ‘കുറുപ്പ്’ എന്ന് ആയിപ്പോയി എന്നേയുള്ളൂ, ശ്രീനാഥ് പറഞ്ഞു.

‘സെക്കന്‍ഡ് ഷോ’ എന്ന ആദ്യ സിനിമയ്ക്കു ശേഷം 2012ല്‍ എന്റെ മനസില്‍ രൂപപ്പെട്ട സിനിമയാണ് ‘കുറുപ്പ്’. എട്ട് വര്‍ഷത്തോളമെടുത്ത് ചെയ്ത ഒരു സിനിമയാണ് ഞങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക് അവതരിപ്പിക്കുന്നത്.

വൈഡ് ഫ്രെയിമില്‍ പ്രേക്ഷകര്‍ക്ക് തിയറ്ററില്‍ കാണാനായി ഉണ്ടാക്കിയ ഒരു സിനിമയാണ് കുറുപ്പ്. അത്രയും സമയവും അധ്വാനവും കൊണ്ട് എടുത്ത ഒരു സിനിമ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുമ്പോള്‍ വെറുപ്പല്ല പ്രചരിപ്പിക്കേണ്ടത്, ശ്രീനാഥ് പറഞ്ഞു.

ഒരു സിനിമ കാണാതെ അതിനെ വിലയിരുത്തുമ്പോള്‍ സംഭവിക്കുന്നതാണ് ഇത്. അതിന് പ്രേക്ഷകരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം അവര്‍ക്കറിയില്ല ഞങ്ങള്‍ എന്താണ് ചെയ്തു വച്ചിരിക്കുന്നത് എന്ന്.

നിങ്ങള്‍ ഈ മാസം 12ന് തിയറ്ററുകളിലേക്ക് വന്ന് ഞങ്ങളുടെ സിനിമ കാണൂ. സിനിമ കണ്ടിട്ട് അതില്‍ കുറ്റം പറയാനുണ്ടെങ്കില്‍ നിങ്ങള്‍ പറയൂ. ജനിക്കാന്‍ പോകുന്ന ഒരു കുട്ടിയെക്കുറിച്ച് നിങ്ങള്‍ കുറ്റം പറയല്ലേ, പ്ലീസ്.

എന്റെ എല്ലാ ചിത്രങ്ങളും പരീക്ഷണ ചിത്രങ്ങളാണ്. സെക്കന്‍ഡ് ഷോയും കൂതറയും ഇപ്പോള്‍ കുറുപ്പുമൊക്കെ പരീക്ഷണങ്ങളാണ്. ഗ്രേ ഷെയ്ഡ് ഉള്ള നായകനായി ദുല്‍ഖറിനെ തീരുമാനിച്ചതും ഒരു പരീക്ഷണമാണ്. അത് പ്രേക്ഷകരുടെ മുന്നിലേക്ക് വെക്കുകയാണ്.

അത് ഞങ്ങള്‍ ഉദ്ദേശിച്ച രീതിയില്‍ തന്നെ പ്രേക്ഷകര്‍ക്ക് കിട്ടുകയാണെങ്കില്‍ ഞങ്ങളുടെ വിജയമാണ്. എന്നാല്‍ പരീക്ഷണങ്ങള്‍ ചിലപ്പോള്‍ പരാജയപ്പെട്ടേക്കാം. എന്നുകരുതി പരീക്ഷണങ്ങള്‍ ചെയ്യാതിരിക്കുന്നതില്‍ അര്‍ഥമില്ലല്ലോ, ശ്രീനാഥ് ചോദിക്കുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Sreenath rajendran About Kurup Movie

We use cookies to give you the best possible experience. Learn more