| Saturday, 5th November 2022, 5:24 pm

അരിക്ക് വിലകൂടുകയും കേരളത്തില്‍ നെല്‍കൃഷി ഇല്ലാതാവുകയും ചെയ്യുമ്പോള്‍

ശ്രീനാഥ് നെന്മണിക്കര

ദിനംപ്രതി അരി വില കുതിച്ചുയരുന്നു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ലഭ്യത കുറഞ്ഞതാണ് വില കൂടാന്‍ പ്രധാന കാരണം. രണ്ടു മാസത്തിനിടെ എല്ലായിനങ്ങളുടെയും വില ശരാശരി 10 രൂപയിലധികം ഉയര്‍ന്നു.

കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന ജയ, ജ്യോതി എന്നിവയുടെ വില കുത്തനെ ഉയരുകയാണ്. ഉമ, സുരേഖ, സോണാമസൂരി, ക്രാന്തി എന്നീ ഇനങ്ങള്‍ക്കും 10 രൂപയോളം ഉയര്‍ന്നു. ഉണ്ട, മട്ട ഇനങ്ങളുടെ വിലക്കയറ്റം കിലോഗ്രാമിന് ആറു രൂപയോളമാണ്

നോക്കൂ, നമ്മുടെ സംസ്ഥാനത്ത് 2008 മുതല്‍ തന്നെ നെല്‍കൃഷി വ്യാപകമാക്കാനും നെല്‍പ്പാടങ്ങള്‍ സംരക്ഷിക്കാനുമുള്ള തീരുമാനങ്ങളും നിയമങ്ങളും പാസാക്കിയിരുന്നു. വി.എസിന്റെ നേതൃത്വത്തിലുളള എല്‍.ഡി.എഫ് സര്‍ക്കാര്‍ അവരുടെ പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടിന്റെ ഭാഗമായി തന്നെയാണ് നെല്ലിന് ഉയര്‍ന്ന സംഭരണ വില പ്രഖാപിച്ചതും നാളിതു വരെ തുടര്‍ന്ന് പോകുന്നതും.

ഇപ്പോള്‍ 29 രൂപയ്ക്കു മുകളില്‍ വിലകൊടുത്ത് കര്‍ഷന്റെ വീട്ടിലോ/കൃഷിയിടത്തോ പോയി സപ്ലൈക്കോ നെല്ല് സംഭരിക്കുന്നു. 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം അവശേഷിക്കുന്ന വയലും നീര്‍ത്തടവും സംരക്ഷിച്ച് ഭഷ്യ-കുടിവെള്ള-തൊഴില്‍ സംരക്ഷണത്തിനുള്ള വിപ്ലവകരമായ നിയമ നിര്‍മാണം കൂടിയായിരുന്നു.

ഇനി ഇങ്ങനെ അരിക്ക് വില കൂടാനുള്ള സാഹചര്യം പരിശോധിക്കാം.

കാലാവസ്ഥാ വ്യതിയാനം മൂലം മറ്റു സംസ്ഥാനങ്ങളില്‍ നെല്‍കൃഷിക്കാവശ്യമായ മഴ ലഭ്യത കുറഞ്ഞിടത്ത് ഇറിഗേഷന്‍ സംവിധാനങ്ങള്‍ കുറയുകയും, കര്‍ഷകര്‍ മറ്റു കൃഷിയിലേക്കു മാറുകയും ചെയ്തു. അതേ കാലാവസ്ഥാ വ്യതിയാനം മൂലം കാലം തെറ്റിയുള്ള മഴയും മറ്റും കാരണം വിളനാശവും കീടബാധയും വര്‍ധിക്കുകയും ചെയ്തു.

കേരളത്തില്‍ ഉള്ളതുപോലെ മറ്റു സംസ്ഥാനങ്ങളില്‍ കുത്തക സംഭരണ വിലക്കു സംസ്ഥാന ഗവണ്മെന്റ് നെല്ല് സംഭരിക്കുന്നുണ്ടായിരുന്നില്ല. പക്ഷെ തമിഴ്നാട്, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ നെല്ലിന്റെ കുത്തക സംഭരണം ആരംഭച്ചിട്ടുമുണ്ട് .

യൂറിയ, പൊട്ടാഷ് തുടങ്ങിയ വളങ്ങളുടെ ലഭ്യതക്കുറവും വിലക്കയറ്റവും മറ്റൊരു കാരണമാണ്. അരി ഉത്പാദിപ്പിക്കാനാവശ്യമായ നെല്‍കൃഷിയില്‍ പ്രധാനമായി ചേര്‍ക്കുന്ന ഒരു കൂട്ടുവളമാണ് ഫാക്ടംഫോസ്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ ഈ വളത്തിന്റെ വില ഒരു ബാഗിന് 1200 രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചത്. 300 ല്‍ നിന്ന് 1500 ആയി. അഞ്ചിരട്ടി വര്‍ധനവ്. പൊട്ടാഷ് 250 രൂപയില്‍ നിന്ന് 1750 രൂപയായും വര്‍ദ്ധിപ്പിച്ചു.

പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ദ്ധനവ് മൂലം ട്രാക്ടര്‍, ട്രില്ലര്‍, ഹാര്‍വെസ്റ്റര്‍ മുതലായവയില്‍ ഉണ്ടായ വര്‍ധനവ് വേറെയും ഉണ്ടായിട്ടുണ്ട്. കൂടാതെ കൂടെ അരിവില ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

മറ്റു സംസ്ഥാനങ്ങളിലെ ബാങ്കുകള്‍ കര്‍ഷകരെ നെല്‍കൃഷിയില്‍ നിന്ന് പിന്തിരിപ്പിക്കാനായി സ്വയം തീരുമാനമെടുത്തു. നെല്‍കൃഷിക്ക് ലോണ്‍ കൊടുക്കുമ്പോള്‍ ഉള്ള ക്രെഡിറ്റ് വ്യവസ്ഥ കടുത്തതാക്കി. ഇതില്‍ കേന്ദ്ര ഗവണ്മെന്റ് ഇടപെടുന്നില്ല.

ആന്ധ്രയില്‍ ജയയുടെ കൃഷി ഇത്തവണ 40 ശതമാനം കുറഞ്ഞു. അതാണ് വിലവര്‍ധനക്ക് കാരണമായത്. അവിടെ സര്‍ക്കാര്‍ നെല്ല് സംഭരണം തുടങ്ങിയതിനാല്‍ സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന ഇനങ്ങള്‍ കൃഷി ചെയ്യുന്നതിലേക്ക് കര്‍ഷകര്‍ ചുവടുമാറ്റി.

യൂറോപ്പിന്റെ ധ്യാന അറ ആയ ഉക്രൈനില്‍ യുദ്ധം മൂലം കൃഷി ഗണ്യമായി കുറയുകയും ഇന്ത്യയില്‍ ഇന്ന് യുറോപ്പ്യന്‍ രാജ്യങ്ങളിലേക്ക് ഗോതമ്പിന്റെയും, അരിയുടെയും കയറ്റുമതി കൂടുകയും ചെയ്തു.

മേലെ പറഞ്ഞ കാര്യങ്ങള്‍ നെല്‍കൃഷി കുറയാനുള്ള ദേശീയ – അന്തര്‍ദേശീയ പ്രശ്ങ്ങള്‍ ആണെങ്കില്‍ കേരളത്തില്‍ നെല്‍കൃഷി കുറയാനും വയല്‍ കുറയാനുമുള്ള കാരണങ്ങള്‍ സംസ്ഥാന-രാഷ്ട്രീയ കാരണങ്ങള്‍ കൂടി ആണ്. 2016ല്‍ അധികാരത്തില്‍ വന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ മാഫിയകള്‍ക്ക് വയല്‍ നികത്തനായി 2018ല്‍ ‘2008 നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം’ ഭേദഗതി ചെയ്തു.

നെല്‍പാടങ്ങള്‍ക്കു മുകളില്‍ പാലങ്ങള്‍ വരെ കെട്ടി. ഒരു ഇഞ്ചു പോലും നെല്‍വയല്‍ നശിപ്പിക്കാതെയാണ് വികസിത രാജ്യങ്ങള്‍ നിര്‍മാണ വികസനവും റോഡ് വികസനവും നടത്തുന്നത്. അമേരിക്ക, ഹോളണ്ട്, ജപ്പാന്‍ തുടങ്ങി ഏതു രാജ്യവുമാകട്ടെ വയലുകളും നീര്‍ത്തടങ്ങളും സംരക്ഷിച്ചു മാത്രമേ വികസനം നടത്തുന്നുള്ളു.

അവിടെയെല്ലാം സന്ദര്‍ശിച്ച് ഡച്ച് രീതിയെല്ലാം മാതൃകയാക്കും എന്ന് പറയുന്നവര്‍ 6-7 വര്‍ഷത്തിനുള്ളില്‍ കുറെ നിയമസഭാ സമ്മേളനങ്ങളിലായി കുറെ ജനദ്രോഹ ബില്ലുകളാണ് പാസ്സാക്കിയെടുത്തത്. ഒരുപാട് നിയമങ്ങളെ ഓര്‍ഡിനന്‍സിലൂടെ പൊളിച്ചെഴുതി ബില്ലുകളാക്കുന്നു. ഈ ഗവണ്മെന്റ് അവതരിപ്പിച്ചു പാസ്സാക്കിയ ‘നിക്ഷേപ സൗഹൃദബില്‍’ തികച്ചും ജനാധിപത്യ വിരുദ്ധമായ ഒന്നാണ്

(അതിലെ ഒരുഭാഗം : ഇനി നാട്ടില്‍ ഒരു സംരഭം തുടങ്ങാമെങ്കില്‍ ജനങ്ങളാല്‍ തെരഞ്ഞെടുത്ത പഞ്ചായത്തു ഭരണസമിതിയുടെ അനുമതി വേണ്ട പകരം പഞ്ചായത്ത് സെക്രട്ടറിയുടെ അനുമതി മതി എന്ന പഞ്ചായത്തീരാജ് ആക്ടിന്റെ പൊളിച്ചെഴുത്ത് തുടങ്ങി ഒരുപാട് ജനദ്രോഹപരമായ ഭേദഗതികള്‍).

ഇടതുപക്ഷം എന്ന് അവകാശപ്പെടുന്ന ഒരു ഗവണ്‍മെന്റ് ആണ് ഇതെല്ലാം ചെയ്തുകൂട്ടുന്നത്. 2018ലെ നെല്‍വയല്‍-തണ്ണീര്‍തട സംരക്ഷണ (ഭേദഗതി) ബില്‍ മുന്‍കാലങ്ങളിലെ അനധികൃത വയല്‍ നികത്തലുകളെ നിയമാനുസൃതമാക്കാനും ഇനിയും അവശേഷിക്കുന്ന വയലുകളെ എങ്ങനെ നികത്തിയും മണ്ണെടുത്തും നശിപ്പിക്കാം എന്നതിനുള്ള മാര്‍ഗനിദേശമാണ് .

കേരളത്തിലെ ഒരു പഞ്ചായത്തിലും ശാത്രീയമായി ഡാറ്റാബാങ്ക് പൂര്‍ത്തീകരിച്ചു വിജ്ഞാപനം ചെയ്തിട്ടില്ല. പുതിയ ഓര്‍ഡിനന്‍സ് പ്രകാരം ഡാറ്റാബാങ്ക് വിജ്ഞാപനം ചെയ്യാത്ത ഏതു വയലും നികത്താം.

വന്‍കിടക്കാരുടെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കു വേണ്ടി ജനാധിപത്യവ്യവസ്ഥയെ അടിമുടി അട്ടിമറിക്കുന്നതും സാധാരണ ജനങ്ങളുടെ പ്രാഥമിക ജീവിത ആവശ്യങ്ങളെ വിഷമപൂര്‍വമാക്കുന്നതുമാണ് ഈ ബില്ലുകള്‍ .

പതിറ്റാണ്ടുകളായി നമ്മള്‍ പുരോഗമനം എന്ന് ഊറ്റം കൊള്ളുന്ന ഭൂപരിഷകരണ നിയമം, പഞ്ചായത്തീരാജ് നിയമം, നെല്‍വയല്‍-തണ്ണീര്‍തട സംരക്ഷണ നിയമം എന്നീ നിലവിലുള്ള നിയമങ്ങളെ ഈ സര്‍ക്കാര്‍ ഓര്‍ഡിനന്‍സുകളിലൂടെയും ഭേദഗതികളിലൂടെയും നശിപ്പിക്കുകയാണ്. അല്ലെങ്കില്‍ അതില്‍ പഴുതുകള്‍ ഉള്‍പ്പെടുത്തി പണമുള്ളവര്‍ക്ക് മറികടക്കാനുള്ള മാര്‍ഗങ്ങള്‍ നല്‍കുകയാണ്.

സംസ്ഥാനത്ത് 30 വര്‍ഷത്തിനിടെ ആറ് ലക്ഷം ഹെക്ടര്‍ വയല്‍ ഇല്ലാതായതായെന്നാണ് കൃഷിവകുപ്പിന്റെ കണക്ക്.
തരിശ് രഹിത കേരളം പദ്ധതിക്ക് തുടക്കമായിട്ടും കാര്‍ഷിക മേഖലയിലേക്ക് കൂടുതല്‍ പേര്‍ കടന്നുവന്നിട്ടും സംസ്ഥാനത്ത് നെല്‍വയല്‍ വിസ്തൃതി മുന്‍വര്‍ഷത്തേക്കാള്‍ 13 ശതമാനം കുറഞ്ഞെന്ന് 2018ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

നെല്ലുത്പാദനത്തില്‍ 21 ശതമാനവും കുറവുണ്ടെന്ന് ആസൂത്രണ ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നു. വേനല്‍ച്ചൂടും കുടിവെള്ളക്ഷാമവും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രൂക്ഷമാകുമെന്ന സൂചന കൂടിയായതോടെ നെല്ലുത്പാദനം വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.

പാടങ്ങള്‍ ഇല്ലാതായതോടെ ഈ സ്ഥലങ്ങള്‍ നാണ്യവിളകള്‍ കൈയ്യടക്കിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പ്രതിദിനം 46.32 ഹെക്ടര്‍ വയല്‍ ഇല്ലാതാകുന്നതായാണ് കൃഷിവകുപ്പിന്റെ കണക്ക്. നഗരവത്ക്കരണ പ്രവണത കൂടിയ ജില്ലകളിലാണ് നെല്‍വയലുകള്‍ കൂടുതല്‍ ഇല്ലാതാകുന്നത്. 2014-15 വര്‍ഷത്തെ കണക്ക് പ്രകാരം 2,04,000 ഹെക്ടറിലാണ് ഇപ്പോള്‍ നെല്‍കൃഷി.

നെല്ലറയെന്ന് അറിയപ്പെടുന്ന പാലക്കാടാണ് ഏറ്റവും കൂടുതല്‍ വയലുകള്‍ ഇല്ലാതായത്. ഇക്കാലത്തിനിടയില്‍ 63,000 ഹെക്ടര്‍ വയല്‍ ഇവിടെ അപ്രത്യക്ഷമായി. ആലപ്പുഴയില്‍ 52,000ഉം തൃശൂരില്‍ 50,100ഉം ഹെക്ടര്‍ വയലാണ് കൃഷിയോഗ്യമല്ലാതായത്.

2012-13വരെ തിരുവനന്തപുരം-37 ശതമാനം, കൊല്ലം-58.49, പത്തനംതിട്ട-23.64, ആലപ്പുഴ-2.33, ഇടുക്കി-35.34, എറണാകുളം-56.29, പാലക്കാട്-9.49, മലപ്പുറം-25.42, വയനാട്-7.45, കാസര്‍ഗോഡ്-15.45 എന്നീ തോതില്‍ നെല്‍വയല്‍ സംസ്ഥാനത്ത് ഇല്ലാതായി. ഇതോടൊപ്പം നെല്ലുത്പാദനവും ഗണ്യമായി കുറഞ്ഞു.

1970-71ല്‍ സംസ്ഥാനത്ത് 12.8 ലക്ഷം ടണ്‍ അരി ഉല്‍പ്പാദിപ്പിച്ചിരുന്നു. എന്നാല്‍ 2014-15ല്‍ 5.8 ലക്ഷം ടണ്ണായി കുറഞ്ഞു. റബ്ബറിന്റെയും തെങ്ങിന്റെയും പിന്നില്‍ മൂന്നാം സ്ഥാനത്താണ് നെല്‍കൃഷി.

തണ്ണീര്‍ത്തടങ്ങളു മറ്റ് ജലസ്രോതസ്സുകളും വ്യാപകമായി കൈയേറ്റം ചെയ്യപ്പെടുന്നുണ്ടെങ്കിലും തടയിടുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ വേണ്ടവിധത്തില്‍ ഇടപെടുന്നില്ല. തരംതിരിക്കലും കൈയേറ്റവും തടയുന്നതില്‍ ഗുരുതര വീഴ്ചയുള്ളതായി ഓഡിറ്റ് വിഭാഗം തയ്യാറാക്കിയ ഏകീകൃത റിപ്പോര്‍ട്ടും വ്യക്തമാക്കുന്നു.

വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തുന്നവര്‍ക്ക് ആറുമാസം തടവും 50,000 രൂപ പിഴയായി ഈടാക്കാനും കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ വ്യക്തമാക്കുന്നു. തരിശിട്ട വയലില്‍ കൃഷിയിറക്കണമെന്ന് ഉടമസ്ഥനോട് രേഖാമൂലം ആവശ്യപ്പെടാനും നികത്തല്‍ തടയാനും പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് നേരിട്ട് ഇടപെടാം. എന്നാല്‍ ഇതൊന്നും നടക്കുന്നില്ല.

കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം നോക്കുകുത്തിയാക്കി ഭൂമിയുടെ തരംമാറ്റല്‍ നടപടികള്‍ക്ക് ഗതിവേഗം. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്താണ് നിയമത്തില്‍ വെള്ളംചേര്‍ത്ത് ഭൂമി തരംമാറ്റുന്നതിനുള്ള വ്യവസ്ഥകള്‍ ലഘൂകരിച്ചത്. ഈ പഴുതുപയോഗിച്ച്, വന്‍തോതില്‍ ഭൂമി തരംമാറ്റല്‍ അപേക്ഷകള്‍ സര്‍ക്കാര്‍ ഓഫിസുകളിലേക്ക് പ്രവഹിക്കുകയാണ്.

സംസ്ഥാനത്ത് വിവിധ ആര്‍.ഡി.ഒ ഓഫിസുകളില്‍ 1,12,539 അപേക്ഷകളാണ് തീര്‍പ്പാക്കാനായി എത്തിയത്. ചട്ടങ്ങളില്‍ വന്നിട്ടുള്ള ഭേദഗതിയും 25 സെന്റ് വിസ്തൃതിയുള്ള വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയുടെ തരംമാറ്റം സൗജന്യനിരക്കില്‍ അനുവദിച്ചുള്ള സര്‍ക്കാര്‍ ഉത്തരവും ഭൂമാഫിയക്ക് അനുകൂലമായിരിക്കുകയാണ്.

തരംമാറ്റല്‍ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ അതിവേഗ നടപടികള്‍ക്കാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്. അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിന് ഉടന്‍ സ്റ്റാന്‍ഡേര്‍ഡ് ഓപറേറ്റിങ് പ്രോസീജിയര്‍ പ്രസിദ്ധീകരിക്കുമെന്ന് റവന്യൂ വകുപ്പ് വ്യക്തമാക്കുന്നു. ഭൂമി തരംമാറ്റലിന്റെ മറവില്‍ മിക്കയിടത്തും വന്‍ അഴിമതിയാണ് അരങ്ങേറുന്നത്.

ചില റവന്യൂ-കൃഷി ഉദ്യോഗസ്ഥരും പഞ്ചായത്തുകളും വഴിവിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആരോപണമുണ്ട്. ഡാറ്റ ബാങ്കില്‍പ്പെട്ട സ്ഥലം തരംമാറ്റാന്‍ പഴുതൊരുക്കുന്നതാണ് ചട്ടങ്ങളില്‍ വരുത്തിയ ഭേദഗതികള്‍.

ഡാറ്റ ബാങ്കില്‍ ഉള്‍പ്പെടാത്ത, നെല്‍കൃഷി നടന്നുകൊണ്ടിരിക്കുന്ന പാടങ്ങള്‍ നികത്താന്‍ ഒരു നിയമതടസ്സവുമില്ലാത്ത സ്ഥിതിയാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഭൂമി തരംമാറ്റലിന് പൊതുവെ അനുകൂലമായതിനാല്‍ തണ്ണീര്‍തടങ്ങള്‍പോലും തരംമാറ്റപ്പെടുന്ന അവസ്ഥയാണ്. സര്‍ക്കാരിന്റെ നിലപാട് ഭൂമാഫിയക്ക് അനുകൂലമായതിനാല്‍ അപൂര്‍വം ഉദ്യോഗസ്ഥര്‍ മാത്രമാണ് തരംമാറ്റലിന് എതിരായ റിപ്പോര്‍ട്ടുകള്‍ ആര്‍.ഡി.ഒക്ക് നല്‍കുന്നുള്ളൂ.

അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി ആയതിനാല്‍ ഇടനിലക്കാരുടെ പ്രവര്‍ത്തനം ഇല്ലാതായെന്നാണ് സര്‍ക്കാര്‍ അവകാശവാദം. എന്നാല്‍, ചട്ടങ്ങള്‍ ലഘൂകരിച്ചതോടെ തടസ്സമേതുമില്ലാതെ ഭൂമി എളുപ്പത്തില്‍ തരംമാറ്റിയെടുക്കാവുന്ന സ്ഥിതിവിശേഷമാണ് എല്ലായിടത്തും നിലനില്‍ക്കുന്നത്.

18ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമ ഭേദഗതി പ്രകാരം ഭൂമി തരംമാറ്റല്‍ പ്രക്രിയ പ്രകാരം പിരിക്കുന്ന പണം ‘കാര്‍ഷിക അഭിവൃദ്ധി’ ഫണ്ടിലേക്ക് മാറ്റണമെന്നും അത് കൃഷിക്കും നെല്‍ കര്‍ഷകര്‍ക്കും സഹായകമാകുന്നവിധം വിനിയോഗിക്കണമെന്നുമാണ്. പക്ഷെ 2018ല്‍ വന്ന നിയമം നിര്‍ദേശിച്ച കാര്‍ഷിക അഭിവൃദ്ധി അക്കൗണ്ട് 2022 ജൂലൈയില്‍ ആണ് നിലവില്‍വന്നത് .

എന്നിട്ട് ഈ അക്കൗണ്ടില്‍ കൈമാറിയ 5 കോടി രൂപയില്‍ ഒന്നരകോടി റവന്യു ജീവനക്കാരെ നിയമിക്കാനും മറ്റും ഉപയോഗിച്ചു . കര്‍ഷകര്‍ക്ക് ഇതില്‍നിന്ന് പണമൊന്നും ലഭിച്ചില്ല .

കാര്‍ഷിക അഭിവൃദ്ധി ഫണ്ടിലേക്ക് മാറ്റേണ്ട 700 കോടിയോളം രൂപ പിരിഞ്ഞു കിട്ടിയതിന് ശേഷമാണ് ഈ അവഗണന. കഴിഞ്ഞ വര്‍ഷം കാറ്റിലും വെള്ളപ്പൊക്കത്തിലും വിളനാശം സംഭവിച്ചവര്‍ക്ക് AIMS പോര്‍ട്ടല്‍ മുഖേന അപേക്ഷിച്ചനുവദിച്ച ദുരിതാശ്വാസ തുക ഇതുവരെ നല്‍കിയിട്ടില്ല. അതേസമയം നെല്‍വയല്‍ പൂര്‍വസ്ഥിതിയില്‍ ആക്കേണ്ട പ്രക്രിയ വര്‍ഷങ്ങളായി മുടങ്ങികിടക്കുകയാണ് .

അശാസ്ത്രീയമായി വയല്‍ നികത്തപ്പെടുമ്പോള്‍ വയലുകളില്‍ നിന്നും വെള്ളം ഒഴുക്കി കൊണ്ടുപോകുന്ന വയലുകളില്‍ കൃഷിക്ക് വെള്ളം എത്തിക്കുന്ന നീര്‍ച്ചാലുകളും നികത്തപ്പെടുന്നു. ഇത് ബാക്കിയുള്ള വയലുകളില്‍ കൃഷി ചെയ്യല്‍ ബുദ്ധിമുട്ടാകുന്നു. കര്‍ഷകര്‍ നെല്‍കൃഷിയില്‍ നിന്ന് പിന്‍വാങ്ങുന്നു.

ഫലത്തില്‍ നെല്‍കൃഷി സംരക്ഷിക്കാന്‍, ഭൂവിനിയോഗം ജനാധിപത്യപരമാക്കാന്‍ അവരുടെ പ്രഖ്യാപിത നിലപാടിന്റെ ഭാഗമായി മുമ്പ് നിയമ നിര്‍മാണം നടത്തിയവര്‍ തന്നെ തങ്ങളുടെ അധികാരം നിലനിര്‍ത്താനും കുത്തക മുതലാളിമാരെ സംരക്ഷിക്കാനും മറ്റു സ്വാര്‍ത്ഥ, സാമ്പത്തിക താത്പര്യങ്ങള്‍ക്കും വേണ്ടി നെല്‍പ്പാടങ്ങളും നെല്‍കൃഷിയും നശിപ്പിച്ച് നമ്മുടെ ഭക്ഷ്യ-കുടിവെള്ള-തൊഴില്‍ സുരക്ഷക്ക് തുരങ്കം വെക്കുന്നു.

Content highlight: Sreenath Nenmanikkara writes about rice price hike

ശ്രീനാഥ് നെന്മണിക്കര

We use cookies to give you the best possible experience. Learn more