അതിഥി തൊഴിലാളികള്‍ക്ക് ക്രിമിനല്‍ മുദ്ര ചാര്‍ത്തുന്നവര്‍ അറിയാന്‍
migrant labourers
അതിഥി തൊഴിലാളികള്‍ക്ക് ക്രിമിനല്‍ മുദ്ര ചാര്‍ത്തുന്നവര്‍ അറിയാന്‍
ശ്രീനാഥ് നെന്മണിക്കര
Wednesday, 29th December 2021, 1:12 pm
കേരളത്തില്‍ എവിടെ ജോലി ചെയ്താലും കിട്ടേണ്ട മിനിമം തൊഴില്‍ സാഹചര്യമോ, വേതന ആനുകൂല്യങ്ങളോ അതിഥി തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ല. മുഖ്യധാരാ രാഷ്ട്രീയ-സാമൂഹിക-തൊഴില്‍ സംഘടനകള്‍ ഒന്നും ഇതില്‍ ക്രിയാത്മകമായി ഇടപെടുന്നുമില്ല. എല്ലാ ആനുകൂല്യങ്ങളുമായി ജോലി ചെയ്യുന്ന, രജിസ്റ്റര്‍ ചെയ്ത മലയാളി തൊഴിലാളികള്‍ക്ക് വേണ്ടി, അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുന്ന തൊഴിലാളി സംഘടനകള്‍ ഇവരെപ്പറ്റി ഓര്‍ക്കാറില്ല.

ഇതരസംസ്ഥാന തൊഴിലാളികളെ മലയാളികളില്‍ ഭൂരിഭാഗവും രണ്ടാം തരം മനുഷ്യരും പൗരന്മാരുമായാണ് ഇവിടെ കാണുന്നത്. ഇതിന് ഒരു പരിധിവരെ കാരണം കേരള സമൂഹത്തില്‍ മേല്‍ക്കോയ്മ നേടിയ സവര്‍ണ മനോഭാവമാണ്. ഇതരസംസ്ഥാന തൊഴിലാളികളില്‍ ഭൂരിഭാഗം പേരും പാവപ്പെട്ട ദളിതരും മുസ്‌ലിങ്ങളുമാണെന്നുള്ളത് ഈ സാമൂഹ്യ വിവേചനത്തിന് ഇടമൊരുക്കുന്നുമുണ്ട്.

കേരളത്തിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ വളരെ ശോചനീയമായ സാഹചര്യങ്ങളിലാണ് പലയിടങ്ങളിലും ജോലി ചെയ്യുന്നതും, താമസിക്കുന്നതും. അഞ്ച് പേര്‍ താമസിക്കേണ്ടയിടങ്ങളില്‍ 50 പേര്‍ താമസിച്ചും, ആവശ്യത്തിന് ശുചിമുറി സൗകര്യമില്ലാതെ വൃത്തിഹീനമായ സാഹചര്യങ്ങളിലുമാണ് ഇവര്‍ ജീവിക്കുന്നത്.

സംസ്ഥാനത്ത് ഏകദേശം 35 ലക്ഷത്തോളം ഇതരസംസ്ഥാന തൊഴിലാളികള്‍ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍. ഇവരുടെ എണ്ണം എത്രയെന്നതിന് കൃത്യമായ കണക്കുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ കൈവശവുമില്ല. ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണം കണക്കാക്കുന്നതിന് ഉള്‍പ്പെടെ ആരംഭിച്ച ആവാസ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 2020 മാര്‍ച്ച് നാല് വരെയുള്ള കണക്ക് പ്രകാരം 5,08,085 പേര്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

കൂടാതെ കുടിയേറ്റ തൊഴിലാളിക്ഷേമ പദ്ധതിയില്‍ ജനുവരി 31 വരെ 55,520 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജോലിക്കാര്‍ കൂടുതല്‍ ആവശ്യമുള്ളപ്പോള്‍ അവരുടെ ലഭ്യത കുറഞ്ഞാല്‍ വേതനം കൂടും എന്നത് സാമ്പത്തികശാസ്ത്രത്തിന്റെ ബാലപാഠമാണ്. അങ്ങനെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദിവസവേതനം കിട്ടുന്ന സംസ്ഥാനമായി നമ്മുടേത്.

എന്നിട്ടും ദിവസക്കൂലിക്ക് പണിയെടുക്കാന്‍ തയ്യാറുള്ള ആളുകളുടെ എണ്ണം വല്ലാതെ കുറഞ്ഞു. ഇത് സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്ന എല്ലാ രാജ്യങ്ങളിലും സമൂഹങ്ങളിലും പൊതുവെ കാണുന്ന മാറ്റമാണ്. രണ്ടും തമ്മിലുള്ള പ്രകടമായ ഒരു വ്യത്യാസം നമ്മള്‍ കാണാതിരിക്കരുത്.

‘അന്യസംസ്ഥാന തൊഴിലാളികളുടെ ഗള്‍ഫ്’ എന്നാണ് കേരളത്തെ വിശേഷിപ്പിക്കുന്നതെങ്കിലും തൊഴില്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യങ്ങളിലെല്ലാം കൂടുതല്‍ കാത്തുനില്‍ക്കാതെ അവര്‍ സ്വന്തം നാട്ടിലേക്ക് മടങ്ങുന്ന പ്രവണതയാണ് ഉണ്ടാകാറുള്ളത്. പ്രളയകാലവും, കൊവിഡ് കാലവും ഇതിനൊരുദാഹരണമാണ്. പിന്നീട് നിര്‍മാണ മേഖല ഉള്‍പ്പെടെ സജീവമായതിനു ശേഷമാണ് അവര്‍ മടങ്ങിവന്നത്.

രാജ്യത്തെ 25 സംസ്ഥാനങ്ങളിലെ 194 ജില്ലകളില്‍ നിന്നുള്ള 34.11 ലക്ഷം പേരാണ് കേരളത്തില്‍ തൊഴില്‍ ചെയ്യുന്നതായി പറയുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്റെ കണക്ക് പ്രകാരം അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം 2013ല്‍ 25 ലക്ഷമായിരുന്നത് 2018 ആയപ്പോള്‍ 34 ലക്ഷത്തിലധികമായതായും ചൂണ്ടിക്കാട്ടുന്നു. ഇതില്‍ത്തന്നെ ഭൂരിഭാഗം പേരും തമിഴ്‌നാട്, കര്‍ണാടക, ഒഡിഷ, ജാര്‍ഖണ്ഡ്, ബിഹാര്‍, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, അസം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.

ഇതില്‍തന്നെ 20 ശതമാനം പേര്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ളവരും. മാസം ശരാശരി 15,000 രൂപ വരെ സമ്പാദിക്കുന്ന ഇതരസംസ്ഥാന തൊഴിലാളി 7,000 രൂപയിലധികം ഇവിടെ ചെലവഴിക്കുകയും ചെയ്യുന്നു. അന്യസംസ്ഥാനക്കാര്‍ ചെവഴിക്കുന്ന തുകയുടെ കണക്ക് നോക്കിയാല്‍ വര്‍ഷത്തില്‍ 15,000 കോടിയോളം വരുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതുകൊണ്ട് തന്നെയാണ് ഇതരസംസ്ഥാനക്കാര്‍ക്ക് വേണ്ടി ഫെസിലിറ്റേഷന്‍ സെന്ററുകള്‍ തുറക്കുന്നതും ആവാസ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ആരംഭിച്ചതും.

കേരളത്തില്‍ എവിടെ ജോലി ചെയ്താലും കിട്ടേണ്ട മിനിമം തൊഴില്‍ സാഹചര്യമോ, വേതന ആനുകൂല്യങ്ങളോ ഇവര്‍ക്ക് ലഭിക്കുന്നില്ല. മുഖ്യധാരാ രാഷ്ട്രീയ-സാമൂഹിക-തൊഴില്‍ സംഘടനകള്‍ ഒന്നും ഇതില്‍ ക്രിയാത്മകമായി ഇടപെടുന്നുമില്ല. എല്ലാ ആനുകൂല്യങ്ങളുമായി ജോലി ചെയ്യുന്ന, രജിസ്റ്റര്‍ ചെയ്ത മലയാളി തൊഴിലാളികള്‍ക്ക് വേണ്ടി, അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുന്ന തൊഴിലാളി സംഘടനകള്‍ ഇവരെപ്പറ്റി ഓര്‍ക്കാറില്ല.

കേരളത്തിലെ മിക്ക കായിക-തൊഴില്‍ ഇടങ്ങളിലും ജോലി ചെയ്യുന്നവരില്‍ ഭൂരിപക്ഷവും ഇതരസംസ്ഥാന തൊഴിലാളികളാണ്. കേരളത്തില്‍ അനധികൃതമായി ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന മണ്ണ് ഖനനം നടത്തുന്ന ഇടങ്ങള്‍, കരിങ്കല്‍ ക്വാറികള്‍ തുടങ്ങി കുറച്ചുകാലം കൊള്ളലാഭം ഉണ്ടാക്കുന്നതും, പ്രകൃതിവിഭവങ്ങളെ അനിയന്ത്രിതമായി ചൂഷണം ചെയ്യുന്നതുമായ വ്യാപാര-വ്യവസായശാലകളില്‍ മുഖ്യമായും അന്യസംസ്ഥാന തൊഴിലാളികളാണ് ജോലി ചെയ്യുന്നത്.

കക്ഷിരാഷ്ട്രീയ നേതൃത്വങ്ങളും, തൊഴിലാളിസംഘടനാ നേതൃത്വങ്ങളും, തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരുമെല്ലാം ഇങ്ങനെയുള്ള മുതലാളിമാരുടെ ചട്ടുകങ്ങളാകുന്നു. കായികാധ്വാനം നല്ല രീതിയില്‍ ആവശ്യമുള്ള സ്ഥലങ്ങളിലും തൊഴില്‍സ്ഥലത്തെ അപകടസാധ്യത കൂടുതലുള്ള ഇടങ്ങളിലും ആരോഗ്യപ്രശ്‌നങ്ങള്‍ വരാവുന്ന തൊഴിലിടങ്ങളിലും സുരക്ഷാ സംവിധാനങ്ങളും ആരോഗ്യ-ജീവന്‍ ഇന്‍ഷുറന്‍സുമില്ലാതെ ഒരു മലയാളി തൊഴിലാളിക്ക് ലഭിക്കുന്നതിന്റെ പകുതി കൂലിക്ക്, മുമ്പ് പറഞ്ഞ യാതൊരു ആനൂകൂല്യങ്ങളുമില്ലാത്ത അസംഘടിത തൊഴിലാളികളായി ഇവര്‍ ജോലി ചെയ്യുന്നു.

മുകളില്‍ പറഞ്ഞത് പോലത്തെ ഉയര്‍ന്ന അപകട-ആരോഗ്യപ്രശ്‌നങ്ങളുള്ള തൊഴിലിടങ്ങളില്‍ ഒരു തൊഴിലാളിക്ക് തന്റെ ജീവിതത്തില്‍ ശരാശരി ജോലി ചെയ്യാവുന്ന കാലയളവ് 10 വര്‍ഷം മാത്രമാണ്. കൂടാതെ 55 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഇങ്ങനെയുള്ള തൊഴില്‍മേഖലകളില്‍ ജോലിചെയ്യാനും പ്രയാസമാണ്. അവിടെയെല്ലാമാണ് നമ്മുടെ അതിഥിതൊഴിലാളി സുഹൃത്തുക്കള്‍ ചൂഷണം ചെയ്യപ്പെടുന്നത്.

കൂടാതെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി നമ്മുടെ നിര്‍മാണ മേഖല പ്രധാനമായും ഈ വിഭാഗത്തെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് തമിഴ് തൊഴിലാളികളും പിന്നീട് ഉത്തരേന്ത്യന്‍ തൊഴിലാളി സുഹൃത്തുക്കളും ഇങ്ങനെയുള്ള അസംഘടിത തൊഴില്‍മേഖലക്ക് പ്രധാന മനുഷ്യവിഭവമായി.

‘പാണ്ടികള്‍’ എന്നും ‘ബംഗാളികള്‍’ എന്നും ഇവരെ അഭിസംബോധന ചെയ്തുപോരുന്ന സവര്‍ണ മനോഭാവമാണ് കേരളത്തില്‍ നമ്മള്‍ കാണുന്നത്. ആരോഗ്യവകുപ്പ്, തൊഴില്‍ വകുപ്പ്, പഞ്ചായത്ത് എന്നിവയുടെ ഓഫീസുകളില്‍ ഞങ്ങളുടെ സംഘടനയുടെ പ്രാദേശിക ഘടകം ഇതിനെക്കുറിച്ച് വിവരാവകാശവും പരാതികളും പഠനങ്ങളും നടത്തിയിരുന്നു. ഇതരസംസ്ഥാന തൊഴിലാളികളുടെ കുട്ടികളെ പ്രാദേശിക പൊതുവിദ്യാലയങ്ങളില്‍ ചേര്‍ക്കാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു.

ക്രിമിനലുകള്‍ എല്ലാ സംസ്ഥാനത്തുമുണ്ട്. നേരത്തെ പറഞ്ഞത് പോലെ, എത്ര മലയാളികള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കുറ്റകൃത്യങ്ങള്‍ നടത്തി ജയിലിലാവുന്നു. നമ്മുടെ അധികാര-നിയമ സംവിധാനം ക്രിയാത്മകമായി പ്രവര്‍ത്തിക്കാതെ, അതിഥി തൊഴിലാളികള്‍ക്ക് നിയമപരമായ തൊഴില്‍-വേതന സാഹചര്യങ്ങള്‍ നല്‍കാതെ വരുമ്പോളുണ്ടാകുന്ന സാമൂഹിക അസമത്വങ്ങള്‍ ഈ സമൂഹത്തെ ക്രിമിനല്‍-ആക്രമണ മാനസിക സ്ഥിതിയിലേക്ക് നയിച്ചേക്കാം.

ഇന്ത്യയില്‍ എവിടെ വേണമെങ്കിലും ജോലി ചെയ്യാനും അവിടെയെല്ലാം തുല്യ അവകാശം ലഭിക്കാനും നമ്മള്‍ എല്ലാ ഇന്ത്യക്കാരും അര്‍ഹരാണ്. നമ്മുടെ രാജ്യം കാലങ്ങളായി തുടരുന്ന ബഹുസ്വരതയും, നാനാത്വത്തില്‍ ഏകത്വം എന്ന പ്രപഞ്ചവ്യവസ്ഥയുടെ പിന്തുടര്‍ച്ചയും ഉള്‍ക്കൊണ്ട് നോക്കിയാല്‍ അതിഥി തൊഴിലാളികളെ സമൂഹത്തിന്റെ മുന്‍പന്തിയില്‍ കൊണ്ടുവരാനുള്ള ഉത്തരവാദിത്തം എല്ലാ ജനാധിപത്യ സംഘടനകള്‍ക്കുമുണ്ട്.

ശ്രീനാഥ് നെന്മണിക്കര എഴുതിയ മറ്റ് ലേഖനങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Sreenath Nenmanikkara writes about migrant laborers in Kerala