2006 ഓഗസ്റ്റിലെ എന്റെ ഒരു ഡയറിക്കുറിപ്പാണ്. ബംഗളൂരു -തൃശൂര്‍ ട്രെയിന്‍ യാത്രയാണ്. 13 വര്‍ഷം പഴക്കമുള്ളത്. പക്ഷെ…കാലികമായ വിഷയമായതുകൊണ്ട് വീണ്ടും പോസ്റ്റ് ചെയ്യുന്നു. ഇപ്പോഴും നാട്ടിലേക്കുള്ള ട്രെയിന്‍, ബസ് ഗതാഗത സൗകര്യം പഴയപോലെ ദുരിതം തന്നെ
ഐ ടി തൊഴിലാളി
—————————–
നാലഞ്ചു വര്‍ഷമായി മാസത്തില്‍ രണ്ടും,മൂന്നും പ്രാവശ്യം തീവണ്ടിയില്‍ യാത്ര നടത്തുന്ന എനിക്ക് മലയാളികളുടെ യാത്ര ദുരിതം പരിചിതമായിരുന്നു. ഈ യാത്രകള്‍ കൂടുതലും ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ കൂടി ആയിരുന്നു. ജനിക്കുമ്പോള്‍ തന്നെ മാതാപിതാക്കളുടെ സ്വപ്നങ്ങളുടെ മാറാപ്പ് ധരിപ്പിക്കുന്ന മലയാളി തലമുറയുടെ പ്രവാസിവാസവും പരദേശിവാസവും അനിതരസാധാരണമാണ്. കേരളത്തിന് പുറത്തു പോയി താമസിക്കാനും ജോലിനേടാനും, സമ്പാദിക്കാനും മലയാളിക്കുള്ള കഴിവ് എല്ലാവര്‍ക്കും അറിയാവുന്നത് തന്നെ.
ഒരു കരാര്‍ ഐ.ടി ‘തൊഴിലാളി’ ആയ എനിക്ക് മാസം ഞായറാഴ്ച്ചയടക്കം ലീവ് വെറും നാലു ദിവസം. അതും ചിലപ്പോള്‍ കിട്ടാറില്ല. പറയുന്ന ശമ്പളം പകുതിയേ ലഭിക്കൂ. അതും മാസത്തിലെ അവസാന വാരത്തില്‍. കളഞ്ഞുപോകാന്‍ സാധിക്കില്ല, കാരണം പോയാല്‍ ആ മാസത്തെ ശമ്പളം കിട്ടില്ല, ജോലി ചെയ്ത പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് കിട്ടില്ല. പിന്നെ വേറെ ജോലി കിട്ടാന്‍ വളരെ കഷ്ട്ടം. ജോലി സ്ഥലത്തുള്ള അവഗണനയും ഒറ്റപ്പെടലും വേണ്ടുവോളം.
കാന്‍ഡോവ്‌മെന്റ് സ്റ്റേഷനില്‍ നിന്നും ഒമ്പത് മുക്കാലിനാണ് ട്രെയിന്‍. പാതിരവരെ ജോലിയുള്ള ഞാന്‍ ടീം ലീഡറിനോട് ചോദിച്ച് നേരത്തെ ഇറങ്ങി. ബസ്റ്റ് സ്റ്റോപ്പില്‍ നിന്ന് ബസ് ലഭിക്കാതിരുന്ന രണ്ടുപേരെയും കൂട്ടി ഷെയര്‍ ഓട്ടോയില്‍ സ്റ്റേഷനില്‍ എത്തി. ആദ്യമായാണ് രണ്ടു മാസം ഇടവേളക്കപ്പുറം നാട്ടില്‍ പോകുന്നത്. എല്ലാ മാസവും പോകുമായിരുന്നു.
കഴിഞ്ഞ ഇരുപത്തി അഞ്ചു ദിവസം തുടര്‍ച്ചയായി ജോലി ചെയ്തു കിട്ടിയ ഒരു ഓഫും ഒരു ഹര്‍ത്താലും ( കാവേരി പ്രശ്‌നത്തില്‍ ഉള്ള ഹര്‍ത്താല്‍) ചേര്‍ത്ത് രണ്ടു ദിവസത്തെ ലീവിന് നാട്ടിലേക്ക്. ഉച്ചക്ക് പോലും ഒന്നും കഴിച്ചില്ലെങ്കിലും എന്തോ നല്ല വിശപ്പില്ലായിരുന്നു. ഒരു ചായയും പഫ്‌സും വിശപ്പ് അടക്കിയിരുന്നു.
പ്രതീക്ഷിച്ച തിരക്ക് അനുഭവപ്പെടുന്നുണ്ട് കാരണം അന്നും ഇന്ത്യയില്‍ തന്നെ ഏറ്റവും തിരക്കില്‍ ഓടികൊണ്ടിരിക്കുന്ന ട്രെയിയിനുകളില്‍ ഒന്നായ ബംഗളൂരു-കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസ്സ് ബംഗളൂരിലെ മലയാളികളുടെ യാത്രദുരിതത്തിന്റെ ഉത്തമ ഉദാഹരണം ആണ്.
അഞ്ചു പത്തു കിലോ വരുന്ന യാത്രാ ബാഗും തോളില്‍ ഇട്ടു ജനറല്‍ കമ്പാര്‍ട്ടുമെന്റിന്റെ മുന്നില്‍ എത്തിയപ്പോള്‍ അവര്‍ വാതില്‍ തുറക്കുന്നില്ല. കാരണം അതില്‍ ഇനി സൂചി കുത്താന്‍ ഇടം ഇല്ലായിരുന്നു. ഒരുപാടുപേരുടെ എതിര്‍പ്പ് മുഖേന വാതില്‍ തുറക്കപെട്ടു. ഒരു കാല് വെക്കാന്‍ ഇടം ഇല്ല. ഞാന്‍ കയറേണ്ട ബോഗിയില്‍ തന്നെ ഇനിയും പത്തു മുപ്പതു പേര്‍ കയറാന്‍ തയ്യാറായി നില്‍ക്കുന്നു.
ഒരുമയുണ്ടെങ്കില്‍ എങ്ങനെയും യാത്ര ചെയ്യാം, ട്രെയിന്‍ നീങ്ങി തുടങ്ങുന്നതിനു മുന്‍പേ എങ്ങനെയോ എല്ലാവരും അകത്തു കയറി. എനിക്ക് ഒരു കാല് മാത്രമേ നിലത്തു വെയ്ക്കാന്‍ സാധിക്കുന്നുള്ളൂ, ഏതാണ്ട് വാതിലിന്റെ തൊട്ടടുത്ത്. ഇങ്ങനെയുള്ള യാത്രകള്‍ പരിചിതമായ എനിക്ക് അത്ഭുതം തോന്നിയില്ല.
ബാഗ് വെക്കാന്‍ ഇടം കിട്ടാതെ വളരെ നേരം തോളത്തും തലയിലും വെച്ചു. പിന്നെ ഭാരം താങ്ങാനാവാതായപ്പോള്‍ ഒരുകമ്പിയില്‍ തൂക്കിയിട്ടു. പകുതി ആശാസം. ഞങ്ങളോടൊപ്പം കയറിയ രണ്ടു മലയാളി കുടുംബത്തില്‍ രണ്ടുസ്ത്രീകളും ഒരു കുട്ടിയും ഉണ്ടായിരുന്നു. ഒരു സ്ത്രീ ഒരു വയസുകാരന്‍ മകനെ ഒക്കത്തിരുത്തിയാണ് നില്‍ക്കുന്നത്. ഭാഗ്യത്തിന് ഒറ്റക്കാലില്‍ അല്ല.
കൊച്ചു കരയാന്‍ തുടങ്ങിയപ്പോള്‍ ചേട്ടന്‍ എടുത്ത് ഇരിക്കുന്നവരുടെ കയ്യില്‍ കൊടുത്തു. സമ്മതിക്കുന്നില്ല അമ്മയുടെ തോളത്ത് തന്നെ ഇരിക്കണം. പിന്നെ ഒന്നര വയസുകാരന് മനസിലായി ട്രെയിനിലെ സ്ഥിതി. ഗവണ്‍മെന്റിന് അറിയില്ലെങ്കിലും.
തീവണ്ടി അടുത്ത സ്റ്റേഷനില്‍ എത്തിയപ്പോള്‍ കുറച്ചു പേര്‍ കൂടി കയറി. ഇപ്പോള്‍ നിലത്തു ഇരിക്കുന്ന രണ്ടുപേര്‍ക്കും എഴുന്നേല്‍ക്കേണ്ടി വന്നു. ഇതിനിടയില്‍ ഒരു തമിഴ്നാട്ടുക്കാരന്‍ കക്കൂസ് എങ്ങനെയോ വെള്ളമൊഴിച്ചു വൃത്തിയാക്കി.
‘ ക്ലീന്‍ പണ്ണിയാച്ചു ഇങ്കെ മൂന്ന് നാലു പേര്‍ക്ക് ഉക്കാരലാം’
അത് വാലിയ തമാശയായി അവിടെ നിന്ന മലയാളികള്‍ കൊട്ടിഘോഷിച്ചു .
‘വാതില്‍ അടച്ചിരിക്കണം. അണ്ണാ നിങ്ങള്‍ ഇരുന്നോ അണ്ണന്മാരെ… നിങ്ങളുടെ സ്ഥലം റെഡി ആയിട്ടുണ്ടേ ഉള്ളിലേക്ക് പോയിക്കോ’
അഭിമാനികളായ മലയാളികള്‍ കളിയാക്കി പറഞ്ഞു. രണ്ടു തമിഴന്മാര്‍ കക്കുസില്‍ പത്രം വിരിച്ചു ഇരിപ്പായി, ഒറ്റ കാലില്‍ ഞാന്‍ ഇതു നോക്കിനിന്നു. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കക്കൂസില്‍ തമിഴന്‍മാരേക്കാള്‍ മലയാളികള്‍ നിറഞ്ഞു. തമിഴന്‍മാര്‍ കളിയാക്കാനൊന്നും നിന്നില്ല. അവര്‍ക്കിടയില്‍ ഇരുന്നുറങ്ങി.
അഭിമാനികളായ മലയാളികള്‍ ഇപ്പോള്‍ കക്കൂസില്‍ ആണ് നില്‍ക്കുന്നത്. അതിനിടയില്‍ ബാംഗ്ലൂരില്‍ പഠിക്കുന്ന കോട്ടയംകാരായ രണ്ടു പയ്യന്മാര്‍, ജനറല്‍ ക്ലാസ്സില്‍ അവര്‍ കടിഞ്ഞൂല്‍ യാത്ര ആണ്. അവര്‍ മൊബൈലിലെ മലയാളം പാട്ടു ഓണ്‍ചെയ്തു
‘എന്റെ ഖല്‍ബിലെ…’
അവരില്‍ ഒരുവന്‍ തടിച്ചു കൊഴുത്ത് സുമുഖന്‍
‘ഓ ഈ പണ്ടാരത്തിന്റെ ചാര്‍ജ് തീര്‍ന്നു. ഞാന്‍ നിന്നോട് പറഞ്ഞതല്ലോടാ ചാര്‍ജ് ചെയ്യാന്‍….ചേട്ടോ എങ്ങോട്ടാ?’
‘ഞാന്‍ തൃശൂര്‍ക്കാ നിങ്ങളോ? ‘
‘കോട്ടയത്തേക്കാ ബസില്‍ ടിക്കറ്റ് കിട്ടിയില്ല ദുരി്തം തന്നെ
നമുക്ക് സ്ലീപ്പറില്‍ കേറിയാലോ? ടി.ടി ക്ക് എക്‌സ്ട്രാ കാശ് കൊടുത്താല്‍ മതി ‘
ഒറ്റകാലില്‍ നില്‍ക്കുന്ന എന്നോട് പയ്യന്‍ ചോദിച്ചു ‘ അല്ലെങ്കില്‍ ഞാന്‍ ഇപ്പോ ചാവും എനിക്കിങ്ങനെ നില്ക്കാന്‍ മേല ഉറക്കം വന്നു ചാവുന്നു ‘
പയ്യന്‍ എന്നെ പ്രേരിപ്പിച്ചു കൊണ്ടിരുന്നു. ഇങ്ങനെ നിന്നാല്‍ രണ്ടു ദിവസം അവധിയുമായി പോകുന്ന എന്റെ ഒന്നാം ദിവസം ഉറങ്ങി തീരും. എന്റെ ചെറിയ സ്വര്‍ത്ഥ ചിന്ത കാടു കയറി. തീവണ്ടി തിരുപ്പത്തൂര്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ബാഗും തോളിലിട്ട് റിസെര്‍വേഷന്‍ ലക്ഷ്യമാക്കി ഞങ്ങള്‍ ഓടി.
ചെറിയ സ്റ്റേഷന്‍ ആണ് ഏതാനും മിനിട്ടെ അവിടെ നിറുത്തുകയുള്ളൂ. എ.സി കോച്ചിന് ശേഷം കണ്ട ആദ്യ റിസര്‍വേഷന്‍ കൊച്ചിന്റെ വാതിലില്‍ തട്ടി, ഉള്ളില്‍ മൂന്നാലുപേര്‍ നിലത്തിരിക്കുന്നു. ഒരുപാടു സ്ഥലം ഉള്ളില്‍ കണ്ടു എനിക്ക് കൊതിയായി. തട്ടിയിട്ടും തുറക്കുന്നില്ല.
‘ടി.ടി.ആര്‍ തുറക്കേണ്ട എന്ന് പറഞ്ഞിട്ടുണ്ട് ‘
‘ചേട്ടാ ഒന്ന് തുറക്ക് പ്ലീസ്, അവിടെ നില്ക്കാന്‍ സ്ഥലമില്ല’
ഞാന്‍ വാതിലില്‍ തൂങ്ങി കെഞ്ചി. വീണ്ടും വാതിലില്‍ തട്ടി തുറക്കാന്‍ ഞങ്ങള്‍ കേണപേക്ഷിച്ചു. അവര്‍ വാതില്‍ തുറക്കുന്നില്ല. ഇതിനിടയില്‍ വണ്ടി ചലിക്കാന്‍ തുടങ്ങി. വാതില്‍ തുറക്കാന്‍ ആവശ്യപ്പെടുന്നതിനിടയില്‍ ചെറുതായുള്ള ചലനം പടിയില്‍ തൂങ്ങി കിടക്കുന്ന ഞാന്‍ അറിഞ്ഞില്ല. അറിഞ്ഞപ്പോള്‍ അത്യാവശ്യം വേഗത്തിലും ആയി തീവണ്ടി. ഇതിനിടയില്‍ നിലത്തു നിന്നിരുന്ന സുഹൃത്ത് ഓടി വേറെയെവിടെയോ കയറി പറ്റി. അവിടെ നിന്നിറങ്ങിയാല്‍ വീഴുമെന്നുറപ്പുള്ള ഞാന്‍ അവിടെ തന്നെ തൂങ്ങി നിന്ന് വിണ്ടും കെഞ്ചി തുടങ്ങി.
‘ചേട്ടാ ഒന്ന് തുറക്ക് ട്രെയിന്‍ മൂവായി, ഞാന്‍ അടുത്ത സ്റ്റേഷനില്‍ ഇറങ്ങി പൊയ്‌ക്കോളാം’ അവര്‍, ആ മലയാളി സഹയാത്രികര്‍ തുറക്കും എന്ന ഉറപ്പില്‍ ഞാന്‍ ഉള്ളിലോട്ട് വിളിച്ചു പറഞ്ഞു. എന്റെ മനസിനെ ഭയപ്പെടുത്തുന്ന യഥാര്‍ത്ഥ്യം ഞാന്‍ തിരിച്ചറിഞ്ഞു തുടങ്ങി. അവര്‍ കേട്ട ഭാവം ഇല്ല .
‘ഹലോ ഒന്ന് തുറക്ക് ഞാന്‍ എന്റെ കയ്യില്‍ ഉള്ള കാശ് എല്ലാം ടി.ടി.ആര്‍ക്കു കൊടുക്കാം അടുത്ത സ്റ്റോപ്പില്‍ ഇറങ്ങി പൊയ്ക്കോളാം ‘ അവിടെ ഉള്ളില്‍ ‘മനോരമ’ പത്രം വായിച്ചു കൊണ്ടിരിക്കുന്ന വൃദ്ധന്‍ എന്നെ വന്നു നോക്കി പോയി, എന്തോ കാഴ്ച ബംഗ്ലാവില്‍ മൃഗങ്ങളെ കാണുന്ന പോലെ. ഇതിനുള്ളില്‍ തീവണ്ടി വളരെ വേഗത്തിലായി, സമയം ഒന്നേ മുക്കാല്‍ തണുത്ത് വിറക്കുന്നു. അഞ്ചട്ട് കിലോയുള്ള ബാഗു തോളത്തും മരണ വെപ്രാളത്തില്‍ ഞാന്‍ വാതിലില്‍ തട്ടി. ആരും കേട്ട ഭാവം ഇല്ല. .വേഗത കൂടും തോറും….ഞാന്‍ എന്തൊക്കെയോ പുലമ്പി.
‘ഞാന്‍ ഇപ്പോള്‍ ചാകും നിങ്ങടെ മകനെ പോലെ വിചാരിച്ചു തുറക്ക്. ടി.ടി യെ വിളിച്ചോണ്ട് വാ ..അയ്യോ.. ഒന്ന് തുറക്ക് പ്ലീസ് ..ഒന്നുമില്ലെങ്ങില്‍ നമ്മള്‍ മലയാളികളല്ലെ …എന്നെ കൊല്ലല്ലേ അയ്യോ..അപ്പോഴേക്കും എന്റെ ശബ്ടം ഇടറി തുടങ്ങിയിരുന്നു…തീവണ്ടി പുറപ്പെട്ടതില്‍ ഏറ്റവും വേഗത്തിലും…എനിക്ക് പുറത്തേക്കു നോക്കാന്‍ ഭയമായിരുന്നു. ഞാന്‍ വാതിലിന്റെ ജനലില്‍ കയ്യിട്ട് പിടിച്ച് തീവണ്ടിയോടു ചേര്‍ന്ന് നിന്നു ദൈവത്തെ വിളിച്ചു.
ഇതിനിടയില്‍ കക്കൂസില്‍ പോകുന്ന യാത്രക്കാര്‍ എന്നെ ജനലില്‍ കൂടി നോക്കി പോകുന്നു. ഞാന്‍ വീണ്ടും കെഞ്ചി കൊണ്ടിരുന്നു. ഒരു വിദ്വാന്‍ രണ്ടു പായ പത്രവുമായി ഞാന്‍ കിടക്കുന്ന വാതിലിനുല്‍വശം നേരെ ഉറങ്ങാന്‍ കിടന്നു .ഞാന്‍ അവനെയും തട്ടി വിളിച്ചു തുറക്കുന്നില്ല .
ട്രെയിന്‍ നല്ല വേഗതയിലാണ്..എന്തൊക്കെയോ എന്റെ ദേഹത്ത് വന്നു തട്ടുന്നു..വെള്ളം ..ആരൊക്കെയോ തുപ്പുന്നതാകാം. കാലുകള്‍ മരവിച്ചു തുടങ്ങി. കൈകള്‍ കഴച്ചു തുടങ്ങി. ശരിക്കും നില്ക്കാന്‍ സ്ഥലമില്ല പടികളില്‍… പോരാത്തതിന് കുത്തുന്ന തണുത്ത കാറ്റും. എന്റെ പിറകിലുള്ള ബാഗ് ഇടക്ക് പോസ്റ്റുകളില്‍ ഉരസുന്നു..ഒരു രക്ഷയുമില്ല..പച്ചയും ചുവപ്പും സിഗ്‌നലുകള്‍..ട്രെയിന്‍ എവിടെയും നിറുത്തുന്നില്ല… പ്രതീക്ഷകള്‍ അസ്ഥാനത്താണ് ചുവപ്പു സിഗ്‌നലുകള്‍ വെറുതെയാണ് അത് നമ്മളെ പ്രതീക്ഷ നല്‍കി പറ്റിക്കുകയാണ്…വിജനമായ പ്രദേശത്തുകൂടി ട്രെയിന്‍ ചീറി പായുന്നു. ഇവിടെയെങ്ങാനും ഞാന്‍ വീണാല്‍ ആരും ഉണ്ടാവില്ല രക്ഷിക്കാന്‍…വീണ് മരിച്ചാല്‍ ആരറിയാന്‍ ചിന്തകള്‍ കാട് കയറി തുടങ്ങി.
രാവിലെ ദോശയും ഉണ്ടാക്കി ഞാന്‍ വരുന്നതും കാത്ത് ഇരിക്കുന്ന അമ്മ. ഞാന്‍ എത്രത്തോളം ക്ഷീണിച്ചു എന്നറിയാന്‍ തലമുതല്‍ ഉടല്‍ വരെ വാത്സല്യത്തോടെ തഴുകി നോക്കുന്ന അച്ഛന്‍, അങ്ങനെ ചിന്തകള്‍ കാട് കയറുന്നു. ജീവന്‍ മാത്രമേ എനിക്ക് വേണ്ടൂ. കൈയ്യും കാലും മരവിച്ചു… ഞാന്‍ എന്റെ രണ്ടു കൈയ്യും വാതിലിന്റെ കമ്പികള്‍ക്കിടയില്‍ ഇറക്കി വെച്ച് തൂങ്ങി കിടന്നു. വയ്യ…ഇനി ഇങ്ങനെ തൂങ്ങി കിടക്കാന്‍ വയ്യ. വണ്ടി എവിടെയും നിറുത്തുന്നില്ല.. അതിനിടയില്‍ മുന്‍പ് പത്രം വായിച്ചിരുന്ന വൃദ്ധന്‍ വന്നു നോക്കിപ്പോയി…’ഇല്ല ചെക്കന്‍ ചത്തിട്ടില്ല ‘ അതുറപ്പിക്കാന്‍ വന്നതാ ആ ചെറ്റ ..ഞാന്‍ ഒന്നും മിണ്ടിയില്ല നിര്‍വികാരമായി തൂങ്ങി നിന്നു ..
എന്റെ വായില്‍ നിന്നും മൂക്കില്‍ നിന്നും എന്തൊക്കെയോ ദ്രാവകം വരുന്നു…എനിക്ക് മടുത്തു…വയ്യാ..മരണത്തെ മുന്നില്‍ കാണുന്നു… ട്രെയിന്‍ ഇപ്പോള്‍ കുറച്ചു സ്പീഡ് കുറവാണ്. കൈ വിട്ടാലോ ചാവണമെങ്കില്‍ ചാകട്ടെ …അങ്ങനെ കണ്ണടച്ച് തുറക്കുമ്പോള്‍ പ്രതീക്ഷയുടെ വലിയ വെളിച്ചം ..’സേലം ജംഗ്ഷന്‍ ‘ ബോര്‍ഡ് ..
‘ഏയ് തമ്പി ..എന്ന ഇത് ..വീഴാതെ ..കാല് ഉടഞ്ഞിടും …ചാടിട് …’ സേലം റെയില്‍വേ സ്റ്റേഷനില്‍ ചായ വിളിക്കുന്ന തമിഴ് അണ്ണന്മാര്‍ .
ഞാന്‍ ട്രെയിന്‍ വേഗത കുറഞ്ഞപ്പോള്‍ ചാടി ഇറങ്ങി ,മരവിച്ച കലായതുകൊണ്ടു ചെറുതായി വീണു …ജീവന്‍ തിരിച്ചു കിട്ടിയ സന്തോഷവും …ആകെ ഒരു വല്ലാത്ത അവസ്ഥ… ചുറ്റും ചായ വില്പനക്കാരായ തമിഴ് ചേട്ടന്മാര്‍ എന്നോട് വീണ്ടും എന്തൊക്കെയോ ചോദിക്കുന്നു. അവര്‍ക്കു ചായ വില്‍ക്കാന്‍ ലഭിക്കുന്ന ഏതാനും മിനിറ്റുകള്‍ ആണ് അത്. ഒരാള്‍ എന്റെ മുഖവും രൂപവും കണ്ടു ഞാന്‍ ചോദിക്കാതെ തന്നെ ചൂട് ചായ ഊറ്റി എനിക്ക് തന്നു ചോദിച്ചു.
‘സൂടാ കുടി …ഏയ് എപ്പടി ഇവളോ ദൂരം തൂങ്ങി വന്തേന്‍ യാരും ഡോര്‍ തുറക്കലിയാ ? ഉങ്ക ആളുകള്‍ താനെ’ എന്നിട്ടു അയാള്‍ ആ കമ്പാര്‍ട്‌മെന്റിലെ ആളുകളെ നോക്കി ചീത്ത വിളിച്ചു. ഞാന്‍ ഒന്നും പറയാതെ ജനറല്‍ കമ്പാര്‍ട്ടുമെന്റിലേക്കു നടന്നു. എന്റെ പഴയ കമ്പാര്‍ട്ടുമെന്റ് അവിടെ ചെന്നപ്പോള്‍ ആളുകള്‍ ചോദിച്ചു ഞാന്‍ നടന്നതെല്ലാം പറഞ്ഞു. എനിക്ക് പടിയില്‍ ഇരിക്കാന്‍ സ്ഥലം കിട്ടി… ഒരാള്‍ എനിക്ക് ഒരു സിഗരറ്റു തന്നു… വലിച്ചോ… പുകവലി ശീലമില്ലാത്ത ഞാന്‍ കത്തിച്ചു വലിച്ചു, ചുമച്ചു ..എന്നാലും വീണ്ടും വലിച്ചു.
തൃശൂര്‍ എത്തുന്നതിനു മുന്‍പ് ..ഒന്ന് രണ്ടുപേര്‍ എന്നോട് പറഞ്ഞു എന്തയാലും നമുക്ക് ആ കംപാര്‍ട്‌മെന്റില്‍ ഉള്ളവരോട് ചോദിക്കണം ..ഞാന്‍ അതൊന്നും വേണ്ട എന്നുപറഞ്ഞു …അവര്‍ വിട്ടില്ല ..രാവിലെ തൃശൂര്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ അതേ കിളവനും മറ്റു ആളുകളും അവിടെ ഉണ്ടായിരുന്നു. ഞാന്‍ പോയി ബഹളം വച്ചു..’തനിക്കൊക്കെ മനുഷ്യപ്പറ്റു ഉണ്ടോടോ ചാവാന്‍ നേരത്ത് ഒന്ന് രക്ഷിക്കാന്‍ തോന്നിയില്ലല്ലോ…എന്റെ പേടി കൂടെയുള്ള ചേട്ടന്മാരെങ്ങാനും അവരെ കൈ വെക്കുമോ എന്നായിരുന്നു.
ആ കിളവനും മറ്റുള്ളവര്‍ക്കും ഒരു ഭാവ വ്യത്യാസവും ഇല്ല….ബഹളം കേട്ട് റെയില്‍വേ പൊലീസ് വരുന്നു..പിന്നെ ഞങ്ങള്‍ അവിടെ നിന്നില്ല ഇനി ഒരു കേസും കൂടി ആകും ..2 ദിവസം ലീവിന് വന്നിട്ട് ….അവിടെനിന്നു നടന്നു ബസില്‍ കയറി. അന്ന് തൃശൂര്‍ -ആമ്പല്ലൂര്‍ 6 രൂപയോ മറ്റോ ആണ്. ഞാന്‍ പത്തു രൂപ കൊടുത്തു ബാക്കിയില്ല…കണ്ടക്ടര്‍ എന്നെ കുറെ ചീത്ത വിളിച്ചു. ബസ് പാലിയേക്കര കഴിഞ്ഞപ്പോള്‍ ഞാന്‍ പോയി വീണ്ടും ബാക്കി ചോദിച്ചു… കുറെ പ്രാകി തെറി വിളിച്ചു കൊണ്ട് കണ്ടക്ടര്‍ ബാക്കി തന്നു.
‘ഓരോ മൈരുകള്‍ രാവിലെ തന്നെ കേറും ചില്ലറ ഇല്ലാതെ ‘
അങ്ങനെ ആ തെറിവിളിയും കേട്ട് നാട്ടില്‍ എത്തി.