അവതാരകയെ അപമാനിച്ച കേസ്: ശ്രീനാഥ് ഭാസിയെ സിനിമാ മേഖലയില്‍ നിന്നും വിലക്കും
Entertainment
അവതാരകയെ അപമാനിച്ച കേസ്: ശ്രീനാഥ് ഭാസിയെ സിനിമാ മേഖലയില്‍ നിന്നും വിലക്കും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 27th September 2022, 4:54 pm

കൊച്ചി: അവതാരകയെ അപമാനിച്ച സംഭവത്തില്‍ പ്രതിയായ ശ്രീനാഥ് ഭാസിയെ സിനിമാ മേഖലയില്‍ നിന്നും മാറ്റിനിര്‍ത്താന്‍ തീരുമാനം. ഇന്ന് വിളിച്ച് ചേര്‍ത്ത പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ മീറ്റിങ്ങിലാണ് തീരുമാനം. തെറ്റുകളെല്ലാം ശ്രീനാഥ് സമ്മതിച്ചുവെന്ന് പ്രസ് മീറ്റില്‍ സംഘടന ഭാരവാഹികള്‍ പറഞ്ഞു.

പരാതിക്കാരിയേയും ശ്രീനാഥ് ഭാസിയേയും വിളിച്ച് ചര്‍ച്ച ചെയ്തു. തെറ്റ് ചെയ്തിട്ടുണ്ടെന്ന് ശ്രീനാഥ് ഭാസി സമ്മതിച്ചുവെന്നും നിര്‍മാതാക്കള്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പ്രത്യേക സാഹചര്യം മൂലവും ചില സ്വകാര്യ പ്രശ്‌നങ്ങള്‍ മൂലവും അറിയാതെ സംഭവിച്ചതാണ്. ഇനി ഒരിക്കലും ഇങ്ങനെ ഉണ്ടാവില്ലെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്.

പരാതിക്കാരിയോട് അദ്ദേഹം നേരിട്ട് ക്ഷമാപണം നടത്തി. മാതൃകയാക്കേണ്ട ആളുകള്‍ ഇത്തരം പെരുമാറ്റം നടത്തുമ്പോള്‍ നടപടിയെടുക്കണം. ശ്രീനാഥ് ഭാസി കുറച്ച് നാളത്തേക്ക് ഞങ്ങളുടെ സിനിമകള്‍ ചെയ്യണ്ട എന്നാണ് തീരുമാനം. മാറിനില്‍ക്കേണ്ട സമയം ഞങ്ങള്‍ തീരുമാനിക്കും. കുറച്ച് നാളത്തേക്കുള്ള ശിക്ഷാനടപടിയാണിത്. സെലിബ്രിറ്റികള്‍ മാതൃകയാവേണ്ടവരാണെന്നും പ്രസ് മീറ്റില്‍ നിര്‍മാതാക്കള്‍ പറഞ്ഞു.

അതേസമയം, ശ്രീനാഥ് ഭാസിയുടെ നഖം, തലമുടി, രക്തം എന്നിവയുടെ സാമ്പിളുകള്‍ പൊലീസ് പരിശോധനയ്ക്ക് അയച്ചു. ലഹരി ഉപയോഗിച്ചോ എന്ന് പരിശോധിക്കാനാണ് ശ്രീനാഥ് ഭാസിയുടെ സാമ്പിളുകള്‍ അയക്കുന്നത്.

അവതാരകയെ അപമാനിച്ചെന്ന കേസില്‍ ശ്രീനാഥ് ഭാസിയെ കഴിഞ്ഞ ദിവസം എറണാകുളം മരട് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. തിങ്കളാഴ്ച പകല്‍ രണ്ടുമണിയോടെ അഭിഭാഷകനൊപ്പമാണ് ശ്രീനാഥ് ഭാസി സ്റ്റേഷനിലെത്തിയത്. സ്ത്രീത്വത്തെ അപമാനിക്കല്‍, അപമര്യാദയായി പെരുമാറല്‍ തുടങ്ങിയ കുറ്റങ്ങളാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്.

ചോദ്യം ചെയ്യലിനു ശേഷം താരത്തെ വിട്ടയച്ചിരുന്നു. സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി കൊച്ചിയിലെ ഹോട്ടലില്‍ നടന്ന അഭിമുഖത്തിനിടെ നിര്‍ബന്ധമായി ക്യാമറ ഓഫ് ചെയ്യിപ്പിച്ച ശേഷം അവതാരകയോടും പ്രൊഡ്യൂസറോടും അസഭ്യം പറയുകയും മോശമായി പെരുമാറിയെന്നുമാണ് പരാതി.

Content Highkight: Sreenath Bhasi will be banned from the film industry