| Thursday, 7th April 2022, 1:57 pm

സിനിമ വിടാന്‍ ഒരു ഘട്ടത്തില്‍ തീരുമാനിച്ചിരുന്നു; ഭീഷ്മ പര്‍വ്വം എനിക്ക് കിട്ടിയ ബ്ലെസിംഗ് ആണ്: ശ്രീനാഥ് ഭാസി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഭീഷ്മ പര്‍വ്വം എന്ന ചിത്രത്തില്‍ അമിയെന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് മലയാള സിനിമയില്‍ തന്റെ സാന്നിധ്യം ഒന്നുകൂടി ഉറപ്പിച്ചിരിക്കുകയാണ് നടന്‍ ശ്രീനാഥ് ഭാസി. നടന്‍ മാത്രമല്ല നല്ലൊരു മ്യുസീഷന്‍ കൂടിയാണ് ശ്രീനാഥ്.

2011 ല്‍ പ്രണയം എന്ന ചിത്രത്തിലൂടെയാണ് ശ്രീനാഥ് മലയാള സിനിമയിലെ തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. അതിന് ശേഷം നിരവധി ചിത്രങ്ങളില്‍ വലുതും ചെറുതുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ശ്രീനാഥിനായി. അതില്‍ അനുരാഗ കരിക്കിന്‍ വെള്ളം, ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം, ഹണി ബീ പറവ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷം ചെയ്യാനും ശ്രീനാഥിന് സാധിച്ചു.

കുമ്പളങ്ങി നൈറ്റ്‌സ്, വൈറസ്, ട്രാന്‍സ്, കപ്പേള, ഹോം തുടങ്ങിയ ചിത്രങ്ങളിലൂടെ അല്‍പ്പം കൂടി ഗൗരവുമുള്ള കഥാപാത്രങ്ങളെ പ്രേക്ഷകരില്‍ എത്തിക്കാനും ശ്രീനാഥിനായി.

ഭീഷ്മ പര്‍വ്വം എന്ന ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിച്ചതിനെ കുറിച്ചും ഒരു ഘട്ടത്തില്‍ സിനിമ വിടാന്‍ തീരുമാനിച്ചതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ശ്രീനാഥ്. ദി ക്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനാഥ് തന്റെ കരിയറിനെ കുറിച്ച് മനസുതുറക്കുന്നത്.

‘ഭീഷ്മ പര്‍വ്വം എന്ന സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞത് എന്നെ സംബന്ധിച്ച് വലിയ ബ്ലെസിംഗ് ആയി കരുതുകയാണ്. ഒരു എപ്പിക്കാണ് ചിത്രം. പിന്നെ മമ്മൂക്കയുടെ കൂടെ വര്‍ക്ക് ചെയ്യുക എന്നത് എന്നെ സംബന്ധിച്ച് ഒരു സ്വപ്‌നമായിരുന്നു. അതിന് സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നു.

അതുപോലെ അമലേട്ടന്റെ ഒരു പടത്തില്‍ ഒരു കഥാപാത്രം കിട്ടുക എന്നതും എന്നെ സംബന്ധിച്ച് ഒരു സ്വപ്‌നമായിരുന്നു. മമ്മൂക്കയെ കുറിച്ച് പറയുകയാണെങ്കില്‍ അദ്ദേഹം സൂപ്പറാണ്. ഞാന്‍ അദ്ദേഹത്തെ അങ്ങേയറ്റം ബഹുമാനിക്കുന്നുണ്ട്. ഭയങ്കര ഹാര്‍ഡ് വര്‍ക്കിങ് ആണ് അദ്ദേഹം. കണ്ടുപഠിക്കാന്‍ കുറേയുണ്ട്. സിനിമയില്‍ ഇന്നും അദ്ദേഹം ഇങ്ങനെ തുടരുന്നത് അദ്ദേഹത്തിന്റെ ഡിസിപ്ലിനും ഡെഡിക്കേഷനും കൊണ്ടാണ്. അദ്ദേഹം ഷൂട്ടിന് എത്തുന്നതും കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്നും എല്ലാം പഠിക്കാനുണ്ട്. മമ്മൂക്കയെപ്പോലൊരു ലെജന്റിനൊപ്പം വര്‍ക്ക് ചെയ്യാന്‍ പറ്റുക എന്നത് തന്നെ വലിയ ഭാഗ്യമാണ്,’ ശ്രീനാഥ് ഭാസി പറഞ്ഞു.

കരിയറിന്റെ ഒരു ഘട്ടത്തില്‍ സിനിമ ഉപേക്ഷിക്കാമെന്ന് തീരുമാനിച്ചിരുന്നെന്നും ശ്രീനാഥ് അഭിമുഖത്തില്‍ പറയുന്നുണ്ട്. ‘സിനിമ വിടാം. ദുബായില്‍ പോയി ജോലി വലതും ചെയ്യാം. വേറെ പരിപാടിയൊന്നും നടക്കില്ലെന്നൊക്കെ ഒരു സമയത്ത് തോന്നിയിരുന്നു. ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം എന്ന സിനിമ ചെയ്യുന്ന സമയത്തൊക്കെയാണ്. ആ സമയത്ത് വിനീത് എനിക്ക് ആത്മവിശ്വാസം തന്നു. എന്റെ ജീവിതത്തിലെ ടഫ് ടൈമായിരുന്നു അത്.

നോ എന്ന് പറയുന്നത് ഒരു പവര്‍ഫുള്‍ വേര്‍ഡാണ്. അത് നമ്മളെ വീട്ടിലുത്തിക്കളയും. ഞാന്‍ നോ പറഞ്ഞതുകൊണ്ട് തന്നെ ആറോ ഏഴോ മാസം വീട്ടില്‍ വെറുതെ ഇരുന്നിട്ടുണ്ട്. ആ സമയത്താണ് വിനീത് വന്നിട്ട് ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം എന്ന സിനിമ നരേറ്റ് ചെയ്യുന്നത്. അതിന് മുന്‍പ് അനുരാഗ കരിക്കിന്‍ വെള്ളത്തിന്റെ ഷൂട്ട് കുറച്ച് തീര്‍ക്കാനുണ്ടായിരുന്നു.

അനുരാഗ കരിക്കിന്‍ വെള്ളത്തിലെ റോള്‍ വ്യത്യസ്തമാണെന്നും അത് ചെയ്യണമെന്നും എനിക്ക് തോന്നി. അതിന് ശേഷമാണ് ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം വന്നത്. അപ്പോള്‍ ചെയ്ത് നോക്കാന്‍ പറ്റുമെന്ന ഒരു കോണ്‍ഫിഡന്‍സ് വന്നു. ചെയ്തു കഴിഞ്ഞപ്പോള്‍ അത് വണ്ടര്‍ഫുള്‍ ആയിരുന്നു. ആ സമയം ജീവിതത്തിലെ നല്ല സമയമായി തോന്നി. നല്ലൊരു തീരുമാനമായി തോന്നി, ശ്രീനാഥ് ഭാസി പറഞ്ഞു.

കരിയറില്‍ ഇന്ന് തനിക്ക് വ്യത്യസ്ത വേഷങ്ങള്‍ ലഭിക്കുന്നുണ്ടെന്നും ഇത് ചെയ്ത് ജീവിക്കാന്‍ പറ്റുമെന്ന ഒരു ആത്മവിശ്വാസം ഇപ്പോള്‍ ഉണ്ടെന്നും ശ്രീനാഥ് പറഞ്ഞു.

ഒരു കഥാപാത്രം പറയുമ്പോള്‍ അങ്ങനെ പ്രത്യേകിച്ച് പ്ലാനിങ്ങൊന്നും നടത്താറില്ലെന്നും. അങ്ങനെ പ്ലാന്‍ ചെയ്ത് ചെയ്യാനൊന്നും തനിക്ക് അറിയില്ലെന്നും ശ്രീനാഥ് പറയുന്നു. നമ്മുടെ ഏറ്റവും ബെസ്റ്റ് വേര്‍ഷനുമായിട്ട് ചിലപ്പോള്‍ സെറ്റിലേക്ക് ചെല്ലാന്‍ പറ്റും. അത് മാത്രമേ എനിക്ക് ചെയ്യാന്‍ പറ്റുള്ളൂ. പ്രസന്റ് ആയി അവിടെ ഉണ്ടാകുക. കാര്യങ്ങള്‍ ശ്രദ്ധിക്കുക. അല്ലാതെ എന്റെ സ്‌ക്രീന്‍ പ്രസന്‍സിനെ കുറിച്ചൊന്നും ഞാന്‍ ആലോചിക്കാറേ ഇല്ല.

വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഇഷ്ടമാണ്. ഇനി വരാനിരിക്കുന്നത് ചട്ടമ്പി എന്ന് പറയുന്ന സിനിമയാണ്. അതിലെ കറിയ എന്നൊരു കഥാപാത്രമുണ്ട്. ചട്ടമ്പിയാണ്. ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രമാണ്. 90 കളിലെ കഥയാണ് ചിത്രം പറയുന്നത്. കാത്തിരിക്കുന്ന ഒരു കഥാപാത്രമാണ് അതെന്നും ശ്രീനാഥ് അഭിമുഖത്തില്‍ പറഞ്ഞു.

Content Highlight: Sreenath Bhasi talks about the time when he wanted to leave cinema

We use cookies to give you the best possible experience. Learn more